അടുത്തിടെയാണ് ബോളിവുഡ് നടൻ സൽമാൻ ഖാൻ തനിക്ക് ട്രൈജെമിനൽ ന്യൂറാൾജിയ എന്ന നാഡീസംബന്ധമായ തകരാർ സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞത്. മുഖത്ത് പൊടുന്നനെയുള്ള തീവ്രമായ വേദന, സ്പർശിക്കുമ്പോഴും ഭക്ഷണം ചവയ്ക്കുമ്പോളും പോലും അനുഭവപ്പെടുന്ന വേദന തുടങ്ങിയവയൊക്കെയാണ് ഈ അവസ്ഥയുടെ പ്രധാന ലക്ഷണങ്ങൾ. ഇപ്പോഴിതാ സമാന അവസ്ഥയുമായി തന്നെ കാണാനെത്തിയ രോഗിക്കൊപ്പമുളള അനുഭവം പങ്കുവെക്കുകയാണ് ഹൈദരാബാദിൽ ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാർ.
ഒരുവർഷത്തിലേറെയായി മുഖത്തിന്റെ വലതുഭാഗത്ത് തീവ്രമായ വേദന അനുഭവിക്കുന്നുവെന്ന് പറഞ്ഞാണ് നാൽപത്തിയാറുകാരനായ യുവാവ് ഡോക്ടറെ കാണാനെത്തിയത്. ഓരോ തവണ വേദന അനുഭവിക്കുമ്പോഴും മുപ്പതുമുതൽ അറുപതു സെക്കൻഡോളം വേദന നീണ്ടു. ദിവസത്തിൽ പലതവണ നേരിടുകയും ചെയ്തു. പല്ലുതേക്കുമ്പോഴും ഭക്ഷണം ചവയ്ക്കുമ്പോഴും ഷേവ് ചെയ്യുമ്പോഴുമൊക്കെ വേദന കൂടുന്നതായും യുവാവ് പറഞ്ഞു. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് ട്രൈജെമിനൽ ന്യൂറാൾജിയ ആണെന്ന് സ്ഥിരീകരിച്ചത്.
ലക്ഷണങ്ങൾ കണ്ടാൽ വിദഗ്ധ പരിശോധന വൈകിക്കാത്തത് ജീവിതനിലവാരം മെച്ചപ്പെടുത്തും എന്ന് വ്യക്തമാക്കുകയാണ് ഡോക്ടർ.
ട്രൈജെമിനൽ ന്യൂറാൾജിയ മൂലമുള്ള വേദന ആദ്യമായി അനുഭവിച്ചത് 2007-ലാണെന്ന് സൽമാൻ ഖാൻ നേരത്തേ പറഞ്ഞിരുന്നു. പാർട്ണർ എന്ന ചിത്രത്തിൽ സഹതാരം ലാറാ ദത്തയുമായി അഭിനയിച്ചുകൊണ്ടിരിക്കെ ആണത്. ലാറ തന്റെ മുഖത്തെ ഒരു മുടി നീക്കിയപ്പോഴേക്കും തനിക്ക് വേദന അനുഭവപ്പെട്ടുവെന്നാണ് സൽമാൻ പറഞ്ഞത്. ദൈനംദിന ജീവിതത്തെ ഈ വേദന ഏറെ ബുദ്ധിമുട്ടിക്കുകയുണ്ടായെന്നും സൽമാൻ പറയുകയുണ്ടായി. ഏഴര വർഷത്തോളം ആ വേദനയിലൂടെയാണ് കടന്നുപോയതെന്നും ഓരോ നാലും അഞ്ചും മിനിറ്റിലും വേദന അനുഭവപ്പെട്ടിരുന്നുവെന്നും സൽമാൻ പറഞ്ഞിരുന്നു.
എന്താണ് ട്രൈജെമിനൽ ന്യൂറാൾജിയ?
വെെദ്യശാസ്ത്രത്തിന് പരിചിതമായവയിൽ ഏറ്റവും വേദനാജനകമായ രോഗങ്ങളിൽ ഒന്നാണ് ട്രെെജെമിനൽ ന്യൂറാൾജിയ. മുഖത്ത് സംവേദനങ്ങൾ സാധ്യമാക്കുന്ന നാഡിയെയാണ് ഈ രോഗം ബാധിക്കുക. ഏതുപ്രായത്തിലുള്ളവരെയും രോഗം ബാധിക്കാമെങ്കിലും അമ്പത് കഴിഞ്ഞവരെയാണ് കൂടുതലായി ബാധിക്കുന്നത്. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് രോഗസാധ്യത കൂടുതൽ.
നാഡികൾ തലച്ചോറിൽ നിന്ന് ആരംഭിക്കുന്ന ഭാഗത്ത് ഞരമ്പുകൾ ഉരസിയുണ്ടാകുന്ന കേടുപാടുകളാണ് പ്രധാന കാരണം. ഞരമ്പുകളുടെ വികാസ സങ്കോചങ്ങൾ കാരണം നാഡിയുടെ സംരക്ഷണകവചം ക്ഷയിക്കും. തുടർന്ന് ഇവ ഹെെപ്പർ ആക്ടീവ് ആകുന്നതുമൂലമാണ് വേദന അനുഭവപ്പെടുന്നത്. വളരെ അസാധാരണമായ ട്യൂമറുകൾ, ധമനിവീക്കം, സ്ട്രോക്ക് എന്നിവയൊക്കെ ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്.
ചെറിയ സ്പര്‍ശമേല്‍ക്കുമ്പോഴും കാറ്റുതട്ടുമ്പോഴും ചിരിക്കുമ്പോഴും പോലും മുഖത്ത് ഷോക്ക് അടിക്കുന്നതുപോലെ അനുഭവപ്പെടുകയും കടുത്ത വേദനയുണ്ടാവുകയും ചെയ്യും. വേദനയുടെ തീവ്രത മൂലം സൂയിസൈഡ് ഡിസീസ് എന്ന വിളിപ്പേരും ഈ രോഗത്തിനുണ്ട്. പലരോഗികളിലും വേദനയുടെ ആഘാതം സഹിക്കാൻ വയ്യാതെ ആത്മഹത്യാ ചിന്തകൾപോലും ഉടലെടുക്കുന്നത് കൊണ്ടാണിത്.
പ്രധാനലക്ഷണങ്ങൾ
- വൈദ്യുതാഘാതത്തിന് സമാനമായ പെട്ടെന്നുള്ള തീവ്രമായ വേദന, പലപ്പോഴും ഒരുഭാഗത്ത് മാത്രമായിരിക്കും
- മുഖത്ത് സ്പർശിക്കുമ്പോഴും ഭക്ഷണം ചവയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും വേദന
- ബ്രഷ് ചെയ്യുമ്പോഴും ചവയ്ക്കുമ്പോഴും വരുന്ന വേദന
- വേദന ഏതാനും സെക്കൻഡുകൾ തൊട്ട് മിനിറ്റുകൾ വരെ നീണ്ടുനിൽക്കാം
ആരെയാണ് കൂടുതൽ ബാധിക്കുക?
അമ്പതു വയസ്സ് കടന്നവരെയാണ് രോഗം കൂടുതലായി ബാധിക്കാറുള്ളതെങ്കിലും സ്ത്രീകളിൽ ഈ രോഗത്തിന്റെ നിരക്ക് കൂടുതലാണെന്ന് 2022-ൽ പുറത്തുവന്ന ഒരു ആഗോളപഠനത്തിൽ പറയുന്നുണ്ട്. ചെറുപ്പക്കാരിലും രോഗം കണ്ടുവരുന്നുണ്ട്. ജനിതകഘടകങ്ങൾ, ഓട്ടോ ഇമ്മ്യൂൺ തകരാറുകൾ, നാഡീസംബന്ധമായ രോഗങ്ങൾ തുടങ്ങിയവ അപകടസാധ്യതാ ഘടകങ്ങളാണ്. 90 ശതമാനം രോഗികളിലും മരുന്നുചികിത്സകൊണ്ടുതന്നെ രോഗം നിയന്ത്രിക്കാൻ സാധിക്കും. മരുന്ന്ചികിത്സ ഫലപ്രദമല്ലെന്ന് കണ്ടാൽ ശസ്ത്രക്രിയ വേണ്ടിവരും.
Content Highlights: A Neurologist Explains Trigeminal Neuralgia, Similar to Salman Khan's Experience
Published: 15 Oct 2025, 05:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented