ഗാന്ധിനഗര്‍: വൃക്കരോഗികളെ സഹായിക്കാന്‍ വൃക്കരോഗികളുടെതന്നെ സംഘടന. പോര്‍ഫ (പ്രതീക്ഷ ഓര്‍ഗന്‍സ് റസിപ്പിയന്‍സ് ഫാമിലി അസോസിയേഷന്‍ -പി.ഒ.ആര്‍.എഫ്.എ.) എന്നാണ് പേര്. 4000 അംഗങ്ങളുണ്ട് സംഘടനയില്‍. ഡയാലിസിസ് ചെയ്യുന്നവര്‍ക്കും വൃക്ക മാറ്റിവെച്ചവര്‍ക്കുംമാത്രമാണ് സംഘടനയില്‍ അംഗത്വം. സ്വയം പണം കണ്ടെത്തി അംഗങ്ങളെ സഹായിക്കുന്നു എന്നതാണ് സവിശേഷത. 2019 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നതാണ് ഈ സംഘടന.

To advertise here,

എണ്‍പതുശതമാനംപേര്‍ക്കും വൃക്കമാറ്റിവെക്കല്‍ നടക്കുന്നില്ല. ഗുരുതരരോഗം, വലിയ സാമ്പത്തികബാധ്യത, വൃക്ക കിട്ടാനുള്ള വിഷമം എന്നിവകൊണ്ടാണിത്. ഭൂരിപക്ഷത്തിനും ആശ്രയം ഡയാലിസിസാണ്. വൃക്കരോഗികള്‍ക്ക് മാസം 7000 രൂപയ്ക്കുമുകളിലാണ് ചികിത്സച്ചെലവ്. ഇതില്‍ ഒരാശ്വാസം പകരാനാണ് സംഘടന ശ്രമിക്കുന്നത്.

വൃക്കരോഗികളില്‍ ഭൂരിപക്ഷവും ആദ്യം സ്വന്തം സമ്പാദ്യമുപയോഗിച്ച് ചികിത്സ തുടങ്ങുന്നു. കുറച്ചുകഴിയുമ്പോള്‍ സുഹൃത്തുക്കള്‍ സഹായിക്കും. ആ ഘട്ടവും കഴിയുമ്പോള്‍ വരുമാനമില്ലാതെ കുടുംബച്ചെലവും ചികിത്സയും മരുന്നും എല്ലാം പ്രതിസന്ധിയിലാകും. ഈസമയത്ത് മരുന്നും ഡയാലിസിസ് ഉപകരണങ്ങളും അര്‍ഹര്‍ക്ക് നല്‍കുകയാണ് സംഘടന ചെയ്യുന്നത്. ഇതിനുള്ള പണവും ഉപകരണങ്ങളും കണ്ടെത്തുന്നത് രോഗികളായ അംഗങ്ങളില്‍നിന്നും അവരുടെ അടുത്ത പരിചയക്കാരില്‍നിന്നുംമാത്രമാണ്. അതിനാല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ പരസ്യമാക്കിയിട്ടില്ല.

കേരളത്തിലെ എല്ലാ ജില്ലയിലും സംഘടനയുടെ പ്രവര്‍ത്തനമുണ്ട്. ജില്ലാ പഞ്ചായത്തുകളുമായി ചേര്‍ന്ന് അര്‍ഹര്‍ക്ക് സഹായമെത്തിക്കാനുള്ള ശ്രമം കുറച്ചൊക്കെ വിജയിച്ചിട്ടുണ്ട്.

കോട്ടയത്ത് അറുനൂറിലധികം രോഗികള്‍ക്ക് സഹായം ലഭിക്കുന്നു. കാസര്‍കോട്, കോഴിക്കോട്, തൃശ്ശൂര്‍, ഇടുക്കി തുടങ്ങിയ ജില്ലാ പഞ്ചായത്തുകള്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് സഹായം ചെയ്തുതുടങ്ങിയിട്ടുണ്ട്.

ഇതോടൊപ്പം, സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് പരിശോധനകളില്‍ ചെറിയ ഇളവെങ്കിലും വാങ്ങിക്കൊടുക്കാനും സംഘടന ശ്രമിക്കുന്നു.

Content highlights: they will hold hands with each other kidney patients to cope with kidney disease