വൃക്കരോഗങ്ങൾ കീഴടക്കുന്നവരുടെ എണ്ണം നാൾക്കു നാൾ വർദ്ധിക്കുകയാണ്. ജീവിതശൈലി രോഗങ്ങളുടെ ആധിക്യമാണ് അതിന്റെ പ്രധാന കാരണം. വൃക്ക പരാജയം ജീവന് തന്നെ ഭീഷണിയാണ്. ഭക്ഷണക്രമം നിയന്ത്രിക്കുകയും ശരിയായ ചികിത്സ തേടുകയും ചെയ്താൽ വൃക്ക രോഗം ആരംഭത്തിൽ തന്നെ കണ്ടെത്തുകയും ഡയാലിസിസിലേക്ക് എത്തുന്നത് ഒരുപരിധി വരെ തടയാനും സാധിക്കുന്നു.

To advertise here,

വെള്ളം - നീര് വരാൻ സാദ്ധ്യതയുള്ള രോഗികൾ വെള്ളത്തിന്റെ അളവ് പരിമിതപ്പെടുത്തേണ്ടതാണ്. മൂത്രത്തിന്റെ അളവിനനുസരിച്ച് വെള്ളത്തിന്റെ അളവ് നിജപ്പെടുത്തേണ്ടതാണ്. മൂത്രം ധാരാളമായി പോവുകയും നീര് ഇല്ലാതെയും ഉള്ള വൃക്ക രോഗികൾ വെള്ളം ദാഹത്തിനനുസരിച്ചും ആവശ്യാനുസരണവും കുടിക്കാവുന്നതാണ്.

ഉപ്പ് - ഉപ്പിന്റെ ഉപയോഗം ദിവസം ഒരു ടീസ്പൂണായി കുറയ്ക്കുക. ചോറിലും കറികളിലും ടേബിൾ സാൾട്ട് ഭക്ഷണം കഴിക്കുന്ന സമയത്ത് ചേർക്കുന്നത് ഒഴിവാക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങൾ, പ്രോസ്സസ്ഡ് ഫുഡ്, canned food എന്നിവയിൽ ഉപ്പ് വളരെ കൂടുതൽ ആയതിനാൽ അവ കഴിവതും ഒഴിവാക്കുക.

പ്രോട്ടീൻ - പ്രോട്ടീൻ പേശികളെ വളർത്തുന്നതിനും രോഗപ്രതിരോധശേഷിക്കും വളരെ പ്രധാനമാണ്. എന്നാൽ അത് വൃക്കയുടെ അവസ്ഥ, പോഷകശേഷി എന്നിവയെ കൂടി ആശ്രയിച്ചിരിക്കുന്നു. നല്ല പ്രോട്ടീനുകളായ മുട്ടയുടെ വെള്ള, പയർ വർഗ്ഗങ്ങൾ, ചിക്കൻ, പാൽ എന്നിവ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

പൊട്ടാസ്യം - വൃക്കകളുടെ പ്രവർത്തനം വളരെ കുറയുമ്പോൾ പൊട്ടാസ്യം മൂത്രം വഴി പുറന്തള്ളാൻ കഴിയാതെ വരും. അങ്ങനെ രക്തത്തിൽ പൊട്ടാഷ്യം കൂടുതൽ ഉള്ളവർ തേങ്ങാവെള്ളം, ജ്യൂസ്, ഇലക്കറികൾ എന്നിവ ഒഴിവാക്കേണ്ടതാണ്.

ഫോസ്ഫറസ് - വൃക്ക പരാജയം മൂർച്ഛിക്കുമ്പോൾ രക്തത്തിൽ ഫോസ്ഫറസ് അധികമാവുകയും എല്ലുകൾക്ക് ബലക്കുറവ് സംഭവിക്കുകയും ചെയ്യുന്നു. അങ്ങനെ ഉള്ളപ്പോൾ പാൽ, തൈര് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തേണ്ടതാണ്.

പട്ടം എസ്.യു.ടി ഹോസ്പിറ്റലിൽ കൺസൽട്ടന്റ് നെഫ്രോളജിസ്റ്റാണ് ലേഖിക