നടക്കാനാവുന്നില്ലെന്ന പരാതിയോടെയാണ് ആ പതിനഞ്ചുകാരി ഹൈദരാബാദിൽ ന്യൂറോളജിസ്റ്റ് ആയ ഡോ.സുധീർ കുമാറിന് മുന്നിലെത്തിയത്. രക്തപരിശോധനകൾ ചെയ്തിട്ടും എംആർഐ എടുത്തിട്ടും എന്താണ് രോഗമെന്ന് കണ്ടെത്താനായില്ല. പൊടുന്നനെ വീൽചെയറിലായ ആ പെൺകുട്ടിയുടെ രോഗകാരണം കണ്ടെത്തിയതിനേക്കുറിച്ച് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഡോ.സുധീർ കുമാർ.
എക്സിലൂടെയാണ് റിയ(യഥാർഥ പേരല്ല)യെ ചികിത്സിച്ചതിനേക്കുറിച്ച് ഡോ.സുധീർ പങ്കുവെച്ചത്. ബുദ്ധിമതിയായ, പെയിന്റിങ്ങിൽ തുടക്കക്കാരിയായ, മിടുക്കിയായ പെൺകുട്ടിയായിരുന്നു റിയ. എന്നാൽ പെട്ടെന്നൊരിക്കൽ കാലുവേദന വരികയും തളർച്ച അനുഭവപ്പെടുകയും ചെയ്തു. രണ്ടാഴ്ചയ്ക്കുള്ളിൽ വീൽചെയറിലായി. ഒരൊറ്റ രാത്രികൊണ്ട് ജീവിതം കീഴ്മേൽ മറിഞ്ഞ അവസ്ഥയായിരുന്നു അവളുടേത്. മാതാപിതാക്കൾ പലവിധ വിദഗ്ധ പരിശോധനകൾക്ക് മകളെ വിധേയയാക്കിയെങ്കിലും കാരണം കണ്ടെത്താനായില്ല. മസ്തിഷ്കം, നട്ടെല്ല്, നാഡീ തകരാറുകൾ തുടങ്ങിയവയൊക്കെ പരിശോധിച്ചെങ്കിലും അതൊന്നുമല്ല കാരണമെന്ന് മനസ്സിലായി.
ഡോ.സുധീർ നടത്തിയ പരിശോധനയിൽ ലക്ഷണങ്ങൾ യഥാർഥമാണെങ്കിലും അതിനു കാരണം നാഡീസംബന്ധമായ പ്രശ്നങ്ങളല്ലെന്ന് മനസ്സിലായി. അങ്ങനെയാണ് റിയയോട് തനിച്ച് സംസാരിക്കണോ എന്ന് ഡോക്ടർ ചോദിക്കുന്നത്. തുടർന്നാണ് റിയ സ്കൂളിൽ ബോഡിഷെയ്മിങ് നേരിട്ടതിനേക്കുറിച്ചും വണ്ണത്തേക്കുറിച്ച് കളിയാക്കുകയും ക്രൂരമായ തമാശ പറയുകയും ചെയ്തതിനേക്കുറിച്ചും റിയ പങ്കുവെച്ചത്. മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞപ്പോഴാകട്ടെ, കരുത്തയായിരിക്കൂ എന്നാണ് അവർ പറഞ്ഞത്. പക്ഷേ സഹപാഠികളിൽ നിന്നുള്ള ക്രൂരമായ തമാശകൾക്ക് അറുതിയായില്ല. മാനസിക സംഘർഷം കൈകാര്യം ചെയ്യാൻ കഴിയാതെ വരികയും പിന്നീട് ശാരീരിക ലക്ഷണങ്ങളിലേക്ക് മാറുകയുമായിരുന്നു. റിയയോട് സംസാരിച്ചതിനൊടുവിൽ ഫങ്ഷണൽ ന്യൂറോളജിക്കൽ ഡിസോർഡർ എന്ന അവസ്ഥയാണെന്ന് ഡോക്ടർക്ക് മനസ്സിലായി. വൈകാരികവും മാനസികവുമായ സമ്മർദം നാഡീസംബന്ധമായ ലക്ഷണങ്ങൾ പ്രകടമാക്കുകയാണ് ഇവിടെ ചെയ്യുന്നത്.
ഇക്കാര്യം ഡോ.സുധീർ റിയയുടെ മാതാപിതാക്കളെ അറിയിക്കുകയും മകൾ അഭിനയിക്കുകയല്ലെന്ന് പറഞ്ഞ് മനസ്സിലാക്കുകയും ചെയ്തു. കൗൺസിലിങ്, ഫിസിയോതെറാപ്പി എന്നിവയ്ക്കൊടുവിൽ റിയയ്ക്ക് നടക്കാൻ കഴിയുകയും ചെയ്തു. സ്കൂളിലും വിവരം അറിയിച്ചതോടെ റിയയ്ക്കു ചുറ്റുമുള്ളവരുടെ പെരുമാറ്റത്തിലും മാറ്റങ്ങൾ പ്രകടമായി. ഇത് അവളിൽ ആത്മവിശ്വാസം വർധിപ്പിക്കുകയും മൂന്നാഴ്ചയ്ക്കുള്ളിൽ അവൾ നടക്കുകയും ചെയ്തുവെന്ന് ഡോക്ടർ പറയുന്നു. മാസങ്ങൾക്കുള്ളിൽ സ്കൂളിലെ ബാസ്ക്കറ്റ് ബോൾ ടീം മത്സരത്തിൽ പങ്കെടുക്കുകയും തന്‌റെ ക്ലിനിക്കിൽ ട്രോഫിയുമായി എത്തുകയും ചെയ്തുവെന്ന് ഡോ.സുധീർ കുറിക്കുന്നു.
ഫങ്ഷണൽ ന്യൂറോളജിക്കൽ ഡിസോർഡർ
ഫങ്ഷണൽ ന്യൂറോളജിക്കൽ ഡിസോർഡറിന്റെ യഥാർഥ കാരണം എന്താണെന്ന് കണ്ടെത്തിയിട്ടില്ല. കടുത്ത സമ്മർദം, ശാരീരിക- മാനസിക ആഘാതങ്ങൾ തുടങ്ങിയവയ്ക്ക് പിന്നാലെ കണ്ടുവരാറുണ്ട്. തളർച്ച, ബാലൻസ് നഷ്ടപ്പെടുക, നടക്കാൻ കഴിയാതാവുക, ഭക്ഷണം ഇറക്കാൻ പ്രയാസം, ബോധം നഷ്ടമാവുക, സംസാരിക്കുമ്പോൾ പ്രയാസം അനുഭവപ്പെടുക, കാഴ്ചക്കുറവ്, കേൾവിക്കുറവ്, ഓർമക്കുറവ്, ഏകാഗ്രത നഷ്ടപ്പെടുക തുടങ്ങിയവ പ്രധാന ലക്ഷണങ്ങളാണ്.
Content Highlights: Misdiagnosis and Mental Health: The Story of a Teen's Journey with Functional Neurological Disorder
Published: 20 Aug 2025, 08:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented