ചെന്നൈ: വിഷാംശം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ആൽമണ്ട് കിറ്റ് എന്ന കഫ് സിറപ്പിന്റെ നിർമാണവും വിതരണവും ഉപയോഗവും നിരോധിച്ച് തമിഴ്നാട് സർക്കാർ. ശാസ്ത്രീയ പരിശോധനയിൽ ഉയർന്ന വിഷാംശമുള്ള ഈതലീൻ ഗ്ലൈക്കോൾ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. 

To advertise here,

ബീഹാറിൽ നിർമിച്ച സിറപ്പിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്ന ഈതലീൻ ഗ്ലൈക്കോളിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് അധികൃതർ അറിയിച്ചു. ഈ മരുന്നിന്റെ ഉപയോഗം വൃക്ക, മസ്തിഷ്കം, ശ്വാസകോശം എന്നിവയ്ക്ക് തകരാറുണ്ടാക്കുകയും ചിലഘട്ടങ്ങളിൽ മരണത്തിനുപോലും കാരണമായേക്കാമെന്നും തമിഴ്നാട് ഡ്രഗ് കൺട്രോൾ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.

ആൽമണ്ട് കിറ്റ് സിറപ്പിന്റെ വിൽപന ഉടനടി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ മെഡിക്കൽഷോപ്പുകൾക്കും ആശുപത്രികൾക്കും ഫാർമസികൾക്കും ഡ്രഗ് കൺട്രോൾ ഡയറക്ടറേറ്റ് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ മരുന്ന് കൈവശമുള്ളവർ അവ സുരക്ഷിതമായി സംസ്കരിക്കുന്നതിനായി അധികൃതരെ ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

ഇതുസംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനോ, വിശദീകരണം ലഭ്യമാക്കുന്നതിനോ 94458 65400 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടാനും ഡയറക്ടറേറ്റ് നിർദേശിച്ചിട്ടുണ്ട്.

അടുത്തിടെയായി വിഷമയമുള്ള കഫ് സിറപ്പ് ഉപയോഗിച്ചതിന്റെ പേരിൽ രാജ്യത്ത് കുട്ടികൾ മരണപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കർശന നടപടി.

വൃക്ക തകരാറിന് കാരണമാകുന്ന ഡയാത്തൈലീൻ ഗ്ലൈക്കോൾ, ഈതൈലീൻ ഗ്ലൈക്കോൾ എന്നിവ പല കഫ്സിറപ്പുകളിലും ഉയർന്ന അളവിൽ കണ്ടെത്തിയ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എഞ്ചിനുകളിലെ കൂളിങ് ഏജന്റുകൾ, ബ്രേക് ഫ്ലൂയിഡ്, കോസ്മെറ്റിക് ഉത്പന്നങ്ങൾ, ലൂബ്രിക്കന്റുകൾ എന്നിവയിലെല്ലാം ഉപയോഗിക്കുന്ന ഈ കെമിക്കലുകൾ ചെറിയ അളവിൽ ശരീരത്തിലെത്തുന്നതു പോലും മരണകാരണമായേക്കാം എന്നും മരുന്നുകളിൽ ഇവ ഒരിക്കലും ഉണ്ടാകാൻ പാടില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ട്.

2019 മുതൽ രാജ്യത്ത് നിർമിക്കുന്ന സിറപ്പുകളിൽ വിഷമയമാർന്ന ഘടകങ്ങളടങ്ങിയതു കണ്ടെത്തിയതും ഉസ്ബെക്കിസ്താൻ, ഗാംബിയ, കാമറൂൺ തുടങ്ങിയ രാജ്യങ്ങളിൽ ഇതുസംബന്ധിച്ച് 141 മരണങ്ങളുണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിൽ സർക്കാർ കൂടുതൽ ഇടപെടലുകൾ നടത്തിയിരുന്നു.