
സ്വീഡിഷ് ആരോഗ്യമന്ത്രി എലിസബത്ത് ലാൻ പത്രസമ്മേളനത്തിനിടെ കുഴഞ്ഞുവീണത് വലിയ വാർത്തയായിരുന്നു. ചുമതലയേറ്റ് മണിക്കൂറുകൾക്കകം തന്റെ ആദ്യ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു എലിസബത്ത് പ്രധാനമന്ത്രിയുടേയും മറ്റ് ഉദ്യോഗസ്ഥരുടേയും മുന്നിൽവെച്ച് കുഴഞ്ഞുവീണത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ആരോഗ്യമന്ത്രി കുഴഞ്ഞുവീഴാൻ ഇടയാക്കിയത്. എലിസബത്ത് തന്നെ ഇക്കാര്യം വ്യക്തമാക്കി.
എന്താണ് ഹൈപ്പോഗ്ലൈസീമിയ?
രക്തത്തിലെ പഞ്ചസാരയുടെ അളവ് ആവശ്യത്തിലധികം കുറഞ്ഞുപോകുന്ന അവസ്ഥയാണ് ഹൈപ്പോഗ്ലൈസീമിയ (hypoglycemia). രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് ആരോഗ്യകരമായ നിലയ്ക്ക് താഴെയാകുമ്പോഴാണ് ഇതുസംഭവിക്കുന്നത്. തലച്ചോറിൻ്റെ പ്രധാന ഊർജ്ജ സ്രോതസ്സാണ് ഗ്ലൂക്കോസ്. അതിനാൽ, ഗ്ലൂക്കോസ് കുറയുന്നത് മാനസിക പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ബോധക്ഷയത്തിന് കാരണമാകുകയും ചെയ്യും.
ലക്ഷണങ്ങള്‍
തലകറക്കം, വിയര്‍പ്പ്, വിശപ്പ്, ഹൃദയമിടിപ്പ് കൂടുതല്‍, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്ത അവസ്ഥ, ആശയക്കുഴപ്പം, അസ്വസ്ഥത, ഉത്കണ്ഠ, തലവേദന എന്നിവയാണ് പൊതുവേ കണ്ടുവരുന്ന ലക്ഷണങ്ങള്‍. ചിലരില്‍ അപസ്മാരം, ബോധം നഷ്ടമാവല്‍ എന്നിവയും ഉണ്ടാകാം.
ചികിത്സ
ഹൈപ്പോഗ്ലൈസീമിയ തിരിച്ചറിഞ്ഞാല്‍ എത്രയും പെട്ടെന്ന് എന്തെങ്കിലും മധുരം അടങ്ങിയ ഭക്ഷണമോ വെള്ളമോ കഴിക്കണം. ഫ്രഷ് ജ്യൂസോ ഗ്ലൂക്കോസ് പൊടിയോ ആകാം. ഹൈപ്പോഗ്ലൈസീമിയ സംബന്ധിച്ച് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും അറിവ് നല്‍കണം. ചെറിയ തോതിലുള്ള ഹൈപ്പോഗ്ലൈസീമിയയാണെങ്കില്‍ വളരെ എളുപ്പത്തില്‍ ചികിത്സിച്ചു മാറ്റാം. ഗുരുതരമായ അവസ്ഥയുണ്ടായാല്‍ മരണം വരെ സംഭവിക്കാം.
പ്രതിരോധം
- കൃത്യമായി ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ ഷുഗര്‍നില പരിശോധിക്കണം.
- ദിവസവുമുള്ള ഭക്ഷണത്തില്‍ ആവശ്യത്തിന് കാര്‍ബോഹൈഡ്രേറ്റ് ഉള്‍പ്പെടുത്തണം.
- മധുരമുള്ള മിഠായി എന്തെങ്കിലും എപ്പോഴും കൈവശം കരുതണം.
- എന്തെങ്കിലും ശാരീരിക പ്രവര്‍ത്തനം/ വ്യായാമം ചെയ്ത ശേഷം രക്തത്തിലെ ഷുഗര്‍ നില കൃത്യമായി പരിശോധിക്കണം. മരുന്നുകളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വേണ്ടിവരുന്നുണ്ടെങ്കില്‍ ഡോക്ടറുടെ സഹായം തേടണം.
- ഡോക്ടര്‍ നിര്‍ദേശിച്ച മരുന്ന് കൃത്യമായി കഴിക്കുക. ഡോക്ടറുമായി കൃത്യമായി ആശയവിനിമയം നടത്തുക. ഹൈപ്പോഗ്ലൈസീമിയയെ പ്രതിരോധിക്കാന്‍ ഇതെല്ലാം സഹായിക്കും.
Content Highlights: Swedish Health Minister Collapses During First Press Conference
Published: 10 Sept 2025, 07:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented