ഭക്ഷണം, ഉറക്കം, വ്യായാമം, ജീവിതശൈലി തുടങ്ങിയ നിരവധി കാര്യങ്ങളിൽ ചിട്ടപാലിക്കുന്നതിലൂടെ ഹൃദ്രോ​ഗത്തെ പ്രതിരോധിക്കാനാവും. ഹൃദയാരോ​ഗ്യത്തെ കുറിച്ച് പൊതുവേ ഡോ​ക്ടർമാർ പറയാത്ത ഒമ്പതുകാര്യങ്ങൾ പരിശോധിക്കാം. 

To advertise here,

1. അന്തരീക്ഷ മലിനീകരണം 
        
ലോകത്തിലെ 99% ആളുകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് അന്തരീക്ഷ മലിനീകരണം. മരണകാരണങ്ങളിൽ രക്തസമ്മർദവും പുകവലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും കഴിഞ്ഞാൽ അടുത്തത് അന്തരീക്ഷ മലിനീകരണമാണെന്നാണ് കണക്കുകള്‍. ഡൽഹി പോലെയുള്ള നഗരങ്ങളിൽ താമസിക്കുന്നവർ ഏകദേശം ദിവസേന 40 സിഗരറ്റ് വലിക്കുന്നതിന് തുല്യമായ അന്തരീക്ഷ മലിനീകരണത്തിന് വിധേയമാകുന്നുണ്ട്.
   
2. അമിതമായ വ്യായാമം 

വ്യായാമം ആരോഗ്യത്തിന് നല്ലതാണ് പക്ഷേ അമിതമായാൽ അമൃതും വിഷമാണ്. തീവ്രമായി വ്യായാമം ചെയ്യുന്നതുമൂലം പെട്ടെന്നുണ്ടാകുന്ന  മരണമോ , ഹൃദയാഘാതമോ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈയടുത്ത കാലത്ത് ജിമ്മിൽ എക്സര്‍സൈസ് ചെയ്തുകൊണ്ടിരിക്കുന്ന ചില പ്രമുഖ വ്യക്തികൾ കുഴഞ്ഞുവീണ് മരിച്ച വാർത്തയെ ഇതുമായി ബന്ധപ്പെടുത്താവുന്നതാണ്.

3. മുട്ടയുടെ മഞ്ഞക്കരു പ്രകൃതിയുടെ വൈറ്റമിൻ ഗുളിക

മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോളിന്റെ അളവ് കൂടുതലുണ്ട് എന്നുള്ളത് സത്യമാണ്. എന്നാൽ നമ്മുടെ ശരീരത്തിലുള്ള കൊളസ്ട്രോളിന്റെ 80 ശതമാനവും ഉത്പാദിപ്പിക്കുന്നത് കരളിലാണ്. തന്നെയുമല്ല ആഹാരത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടിയാൽ കരളിലെ കൊളസ്ട്രോളിന്റെ ഉത്പാദനം കുറയുകയും രക്തത്തില്‍ കൊഴുപ്പിന്റെ അളവ് ഒരേ നിലയിൽ തന്നെ നിൽക്കുകയും ചെയ്യും. എന്നാൽ മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ കൂടാതെ ധാരാളം വൈറ്റമിൻസ്, മിനറൽസ് എന്നിവ അടങ്ങിയിട്ടുണ്ട് അതുകൊണ്ടാണ് മഞ്ഞക്കരുവോടുകൂടിയ മുട്ടയെ പ്രകൃതിയുടെ വൈറ്റമിൻ ഗുളിക എന്ന് വിളിക്കുന്നത്.

4. ഹൃദ്രോ​ഗികൾക്ക് ആയുസ്സ് കൂടുതലാണ് 

എല്ലാവർക്കും അല്ല. എന്നാൽ 30-കളിലോ 40-കളിലോ ചെറിയ ഹൃദയാഘാതം ഉണ്ടാവുകയും കൃത്യമായ ചികിത്സ ലഭിക്കുകയും ചെയ്യുന്ന രോഗികൾക്ക് പിന്നീടുള്ള ജീവിതം കൃത്യനിഷ്ഠയോടെയും അച്ചടക്കത്തോടെയും  ജീവിക്കാൻ സാധിക്കും. ഇത് ഇവർക്ക് മറ്റു രോഗങ്ങൾ അതായത് കാൻസർ, ഡയബറ്റിസ് എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. അതുകൊണ്ട് ഇങ്ങനെയുള്ള രോഗികളിൽ സാധാരണ ജനങ്ങളേക്കാൾ ആയുസ്സ് കൂടുതലായാണ് കാണപ്പെടുന്നത്.

5. പെട്ടെന്ന് ഉണ്ടാകുന്നതല്ല ഹൃദയാഘാതം

ഹൃദയാഘാതം പെട്ടെന്ന് ഉണ്ടാകുന്ന ഒരു ആരോ​ഗ്യപ്രശ്നമല്ല. രക്തക്കുഴൽ പൂർണമായി അടഞ്ഞുപോകുന്ന സന്ദർഭത്തിലാണ് ഇത് സംഭവിക്കുന്നത്. ബ്ലോക്കിന്റെ ആരംഭം പത്തോ പതിനഞ്ചോ വയസ്സിൽ ആയിരിക്കും. എന്നാൽ ബ്ലോക്ക് 80 ശതമാനം എങ്കിലും ആകുന്നതുവരെ യാതൊരു രീതിയിലുള്ള രോഗലക്ഷണങ്ങളും അനുഭവപ്പെടുകയുമില്ല.

6. മനഃസമാധാനം സർവധനാൽ പ്രധാനം 

അമിതമായ മാനസിക സമ്മർദം ഹൃദ്രോഗത്തിന് കാരണമാകും എന്ന് അറിയാത്തവരില്ല, അതുകൊണ്ടുതന്നെ മാനസികാരോഗ്യം കാത്തുസൂക്ഷിക്കുന്നവരിൽ ഹൃദ്രോഗ സാധ്യത വളരെ കുറവാണ്. കാർഡിയോളജി ഒ.പിയിൽ കാണുന്ന നല്ലൊരു ശതമാനം രോഗികൾക്കും മാനസിക സമ്മർദം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

7. അരി, അരിപ്പൊടി പഞ്ചസാര- പ്രശ്നക്കാർ

അരിപ്പൊടിയിലും പഞ്ചസാരയിലും  സംസ്കരിച്ച കാർബോഹൈഡ്രേറ്റിന്റെ അളവ് വളരെ കൂടുതലാണ്. അതുകൊണ്ട് ഇവ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിക്കുകയും ശരീരത്തിൽ ക്രമാതീതമായി ഇൻസുലിൻ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും. ഇത് പലപ്രാവശ്യം തുടരുമ്പോൾ ഇൻസുലിൻ പ്രതിരോധം ഉണ്ടാകുകയും ക്രമേണ പ്രമേഹവും ഹൃദ്രോഗവും ഉണ്ടാകാൻ കാരണമായിത്തീരുകയും ചെയ്യും. 

8.10% ഭാരം കുറയ്ക്കൽ

നമ്മുടെ ശരീരത്തിന്റെ തൂക്കം 10% കുറയ്ക്കാൻ സാധിച്ചാൽ പല രോഗങ്ങൾക്കും ശമനം ഉണ്ടാകും. പ്രമേഹം, രക്തസമ്മർദ്ദം, കൂർക്കംവലി, മുട്ടിന്റെ തേയ്മാനം തുടങ്ങിയ പലപ്രശ്നങ്ങളും നല്ലൊരു ശതമാനം ശമിപ്പിക്കുവാൻ കഴിയും.

9. ഇൻഫ്ലുവൻസ വാക്സിൻ ഹൃദ്രോഗത്തെ പ്രതിരോധിക്കും

സാധാരണയായി ഉണ്ടാകുന്ന ജലദോഷ പനിക്കു ശേഷമുള്ള ആദ്യത്തെ പത്തുദിവസം ഹൃദ്രോ​ഗസാധ്യത കൂടുതലാണ്. അതുകൊണ്ട് ജലദോഷ പനി വന്നാൽ ഒരാഴ്ചത്തേക്കെങ്കിലും സമ്പൂർണ വിശ്രമം എടുക്കണം. ജലദോഷ പനി വരാതിരിക്കാനുള്ള വാക്സിൻ എടുത്താൽ ഹൃദയാഘാതസാധ്യത ഏകദേശം 40% കുറയ്ക്കാനും കഴിയും.