ലോക ഫാറ്റി ലിവർ ദിനം

2050 ആകുമ്പോഴേക്ക് ആഗോളതലത്തിൽ 200 കോടിയിലേറെ പേർ ഫാറ്റി ലിവർ ഉള്ളവരാകുമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ഫാറ്റി ലിവർ സംബന്ധിച്ച് അവബോധം പരത്തുന്നതിനായാണ് എല്ലാ വർഷവും ജൂണിലെ രണ്ടാമത്തെ വ്യാഴാഴ്ച്ച ഫാറ്റിലിവർ ദിനമായി ആചരിക്കുന്നത്. ലക്ഷണങ്ങൾ പ്രകടമാകാൻ വൈകുന്നതുകൊണ്ടുതന്നെ സൈലന്റ് ഡിസീസ് എന്നറിയപ്പെടുന്ന ഈ രോഗത്തിന് അനാരോഗ്യകരമായ ജീവിതശൈലി പ്രധാന കാരണമാണ്. വ്യായാമം ഇല്ലാത്തതും കൊഴുപ്പുകൂടിയ ആഹാരരീതിയുമൊക്കെ ഫാറ്റി ലിവർ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. ഇതിനൊപ്പം ഉറക്കം കുറയുന്നത് ഫാറ്റി ലിവറിലേക്ക് നയിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ഉദാസീനമായ ജീവിതശൈലിക്കൊപ്പം അനാരോഗ്യകരമായ ഉറക്കവും ഫാറ്റിലിവറിലേക്ക് നയിക്കുമെന്ന് എൻഡോക്രൈൻ സൊസൈറ്റിയുടെ ജേണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജി & മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ പറയുന്നുണ്ട്.
രാത്രിയിൽ ഉറക്കം കുറയുന്നവർക്കും പകൽ ദീർഘനേരം ഉറങ്ങുന്നവർക്കുമാണ് ഫാറ്റി ലിവർ രോഗം വരാനുള്ള സാധ്യത ഏറ്റവും കൂടുതലെന്ന് പഠനം പറയുന്നു. ചൈനയിൽ നിന്നുള്ള ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതാണെങ്കിൽ ഫാറ്റി ലിവർ രോഗത്തിനുള്ള സാധ്യത 29% കുറയുമെന്ന് പഠനം പറയുന്നു.
ചൈനയിൽനിന്നുള്ള 5,011 മുതിർന്നയാളുകളുടെ ഉറക്കത്തിന്റെ സ്വഭാവം വിശകലനം ചെയ്താണ് പഠനം നടത്തിയത്. വൈകിയുള്ള ഉറക്കം, കൂർക്കംവലിക്കൽ, 30 മിനിറ്റിൽ കൂടുതൽ പകൽ ഉറക്കം എന്നിവ ഫാറ്റി ലിവർ രോഗത്തിനുള്ള സാധ്യത വർധിപ്പിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. ഫാറ്റി ലിവർ പ്രതിരോധത്തിൽ ഉറക്കത്തിന്റെ പങ്ക് വിസ്മരിക്കരുതെന്നും മറ്റ് ഘടകങ്ങൾക്കൊപ്പം ഉറക്കത്തെയും ഉൾപ്പെടുത്തണമെന്നും പഠനം കൂട്ടിച്ചേർക്കുന്നുണ്ട്.
ഫാറ്റി ലിവർ
കരളിൽ അമിതമായി കൊഴുപ്പ് അടിയുന്നതിനെയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. അഞ്ചു ശതമാനത്തിൽ കൂടുതൽ കൊഴുപ്പ് കരളിൽ അടിയുമ്പോഴാണ് അമിത കൊഴുപ്പായി കണക്കാക്കുന്നത്. ഫാറ്റി ലിവർ ഉണ്ടാകാനുള്ള പ്രധാന കാരണം മദ്യപാനമാണ്. എന്നാൽ, ഒരിക്കലും മദ്യം ഉപയോഗിക്കാത്തവരിലും ഫാറ്റി ലിവർ ഉണ്ടാകാറുണ്ട്. ഇതിനെ മദ്യപാനംകൊണ്ടല്ലാതെ വരുന്ന ഫാറ്റി ലിവർ രോഗം എന്നുപറയുന്നു. ഇതിനെത്തന്നെ രണ്ടായി തരംതിരിക്കാം. ഒന്ന്, കരളിൽ കൊഴുപ്പ് അടിയുമ്പോൾ മാത്രം ഉണ്ടാകുന്നത്; ഇതിനെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്ന് വിളിക്കുന്നു. രണ്ട്, കരളിൽ കൊഴുപ്പ് അടിയുന്നതോടൊപ്പം നീരും (inflammation) ഉണ്ടാകുന്നത്; ഇതിനെ നോൺ ആൽക്കഹോളിക്ക് സ്റ്റിയറ്റോഹെപ്പറ്റൈറ്റിസ് (Nonalcoholic steatohepatitis-NASH) എന്നു പറയുന്നു.
അമിതവണ്ണം, പ്രമേഹം, രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് എന്നിവയ്ക്കു പുറമേ ചില മരുന്നുകളുടെ ഉപയോഗവും ഫാറ്റി ലിവർ ഉണ്ടാകുന്നതിന് സാധാരണയായി കാരണമാകാറുണ്ട്. കുടലിലെ ബാക്ടീരിയകളിൽ (Gut microbiota) ഉണ്ടാകുന്ന വ്യത്യാസങ്ങളും അസന്തുലിതാവസ്ഥയും ഫാറ്റി ലിവറിന് കാരണമായേക്കാമെന്ന് സമീപകാല പഠനങ്ങൾ വ്യക്തമാക്കുന്നു. ബാക്ടീരിയകൾ ഉണ്ടാക്കുന്ന എൻഡോ ടോക്സിനുകൾ കുടലിന്റെ ശ്ലേഷ്മസ്തരങ്ങളിൽ കേടുപാടുകളുണ്ടാക്കുകയും അതുമൂലം നീരുണ്ടാക്കുന്ന ഘടകങ്ങൾ (Inflammatory factors) കൂടുകയും ചെയ്യുന്നു. ഇത് മദ്യംമൂലമല്ലാത്ത ഫാറ്റി ലിവർ ഡിസീസിലേക്ക് നയിക്കുന്നു.
ലക്ഷണങ്ങൾ
മിക്കയാളുകളിലും ഫാറ്റി ലിവർ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. വളരെ കുറച്ചുപേരിൽ ക്ഷീണവും വയറിന്റെ മുകളിൽ വലതുവശത്തായി വേദനയും ഉണ്ടാകാറുണ്ട്. പലപ്പോഴും മറ്റ് അസുഖങ്ങളുടെ ഭാഗമായി അൾട്രാസൗണ്ട് സ്‌കാനിങ് വേണ്ടിവരുമ്പോൾ കരളിൽ കൊഴുപ്പടിഞ്ഞതായി കാണുകയോ ഹെൽത്ത് ചെക്കപ്പുകളുടെ ഭാഗമായി രക്തപരിശോധന നടത്തുമ്പോൾ കരളിലെ എൻസൈമുകൾ (AST, ALT) ഉയർന്ന തോതിലുള്ളതായി കാണുകയോ ചെയ്യുമ്പോഴാണ് ഈ രോഗത്തിന്റെ സാന്നിധ്യം തിരിച്ചറിയുന്നത്.
കൊഴുപ്പ് കൂടുന്നതനുസരിച്ച് കരളിൽ നീർവീക്കം വരുകയും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ആയിത്തീരുകയും ചെയ്യും. ഇതുമൂലം കാലക്രമേണ കരളിലെ കോശങ്ങൾ നശിക്കുകയും, അത് ലിവർ സിറോസിസ് എന്ന അവസ്ഥയിലേക്ക് പരിണമിക്കുകയും ചെയ്യും..
Content Highlights: Poor sleep quality and excessive daytime napping are linked to higher fatty liver risk., Improving sleep hygiene can reduce fatty liver development probability by 29%.
Published: 11 Jun 2026, 03:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented