ഭാര്യ നസ്രീന്റെ കാൻസർ പോരാട്ടത്തേക്കുറിച്ച് വീണ്ടും തുറന്നുപറഞ്ഞ് നടൻ ഷാരിബ് ഹാഷ്മി. ദി ഫാമിലി മാൻ എന്ന സീരീസിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലത്ത് വ്യക്തിജീവിതത്തിൽ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുകയായിരുന്നുവെന്ന് താരം പറഞ്ഞു. സീരീസ് മികച്ച അഭിപ്രായവുമായി മുന്നേറുന്ന സമയത്താണ് ഭാര്യക്ക് വീണ്ടും അർബുദം സ്ഥിരീകരിച്ചതെന്നും നടൻ പറഞ്ഞു.

To advertise here,

ഇന്ത്യൻ എക്സ്പ്രസിനോടു സംസാരിക്കവേയാണ് ഇതേക്കുറിച്ച് ഷാരിബ് പറഞ്ഞത്. ഇത്തരത്തിലൊന്നു സംഭവിക്കുമെന്ന് തങ്ങളാരും കരുതിയിരുന്നില്ല. പുകയില ഉപയോഗിക്കുകയേ ചെയ്യാത്ത ആളായിരുന്നിട്ടും നസ്രീന് വായയിൽ അർബുദമുണ്ടായി. രോഗം സ്ഥിരീകരിക്കുമ്പോൾ ഫാമിലി മാന്റെ ഷൂട്ടിങ് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. സാമ്പത്തികാവശ്യങ്ങൾ കൂടിയതോടെ നിർമാതാക്കളോട് പണം അഡ്വാൻസായി വാങ്ങിയിരുന്നുവെന്നും ഷാരിബ് ഓർക്കുന്നു.

സീരീസ് പുറത്തിറങ്ങിയതോടെ തന്റെ കരിയർ മാറിമറിഞ്ഞു. പക്ഷേ അതേസമയം ഭാര്യ കാൻസറിനോട് പൊരുതുകയായിരുന്നു. അഞ്ചു സർജറികളാണ് ചെയ്തത്. ഭാര്യയുടെ മുഖം പൂർണമായും മാറി. ചിലപ്പോഴൊക്കെ തന്റെ പഴയ മുഖം മിസ് ചെയ്യുന്നുവെന്ന് നസ്രീൻ പറയാറുണ്ട്. ഇതോടെ ആറുതവണയായി അർബുദം വരുന്നു. ശ്വാസകോശത്തിലേക്കും അസ്ഥികളിലേക്കും വൃക്കയുടെ ഭാഗങ്ങളിലേക്കുമൊക്കെ പടർന്നു. പക്ഷേ ഭാര്യയുടെ ധീരതയോടെയുള്ള പോരാട്ടം ചികിത്സയെ പോസിറ്റീവായി മുന്നോട്ടുപോവാൻ സഹായിക്കുന്നുണ്ടെന്നും ഷാരിബ് പറഞ്ഞു.

കുടുംബത്തിലെ ഏറ്റവും കരുത്തയായ വ്യക്തി ഭാര്യയാണെന്നും ഷാരിബ് പറയുന്നുണ്ട്. നസ്രീന്റെ രോഗം ജീവിതത്തിൽ പല പ്രധാന പാഠങ്ങളും പഠിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങൾ ഉള്ളപ്പോൾ പോലും നസ്രീൻ കുടുംബത്തെ കരുത്തയായി നയിച്ചു. എല്ലാം ശരിയാവുമെന്നും വിഷമിക്കരുതെന്നും എപ്പോഴും പറയുന്നയാളാണ് നസ്രീൻ എന്നും ഷാരിബ് കൂട്ടിച്ചേർത്തു.

2018-ലാണ് നസ്രീന് ആദ്യമായി അർബുദം സ്ഥിരീകരിക്കുന്നത്. അവിടുന്നിങ്ങോട്ട് ട്യൂമർ നീക്കുന്നതിനായി അഞ്ച് സർജറികളാണ് ചെയ്തതെന്ന് ഷാരിബ് നേരത്തേ പറഞ്ഞിട്ടുണ്ട്. ഈവർഷം ഫെബ്രുവരിയിലാണ് അർബുദം വീണ്ടും തിരികെയെത്തിയത്. രണ്ടരമാസത്തോളം നിർത്താതെ ചുമയ്ക്കുന്നതായിരുന്നു ലക്ഷണം. വായുനിലവാരം മോശമായിരുന്നതിനാൽ എല്ലാവരും ആ സമയത്ത് ചുമയ്ക്കുന്നുണ്ടായിരുന്നു. അതിന്റെയാകുമെന്നാണ് കരുതിയത്. എക്സ്-റേ എടുത്തപ്പോൾ അതിലൊരു തകരാറും കണ്ടില്ല. പക്ഷേ, ഫെബ്രുവരി പകുതിയായതോടെ വായയിൽ ഒരു കുമിള രൂപപ്പെട്ടു. വൈകാതെ ഡോക്ടറെ കണ്ട് ബയോപ്സിയും പെറ്റ് സ്കാനും ചെയ്തു. അങ്ങനെയാണ് രോഗം വീണ്ടും തിരികെവന്നുവെന്ന് മനസ്സിലായതെന്നും നടൻ പറഞ്ഞിരുന്നു.

മക്കളോട് ഭാര്യയുടെ അർബുദത്തേക്കുറിച്ച് തുറന്നുപറഞ്ഞതിനേക്കുറിച്ചും ഷരീബ് പറഞ്ഞിരുന്നു. ഒരുമിച്ചിരുന്നാണ് മക്കളോട് ഇക്കാര്യം പറഞ്ഞത്. മകൻ കുറച്ചുകൂടി വലുതായതിനാൽ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാകുമായിരുന്നു. ഈ രോഗം കാരണം രണ്ടുപേരും നേരത്തേ പക്വത കൈവരിച്ചതായി തോന്നാറുണ്ട്. 2018 മുതൽ അവർ ഞങ്ങളുടെ ദുരിതം കാണുകയാണ്, അതവരെയും ബാധിച്ചിട്ടുണ്ടാവും. തങ്ങളുടെ അവസ്ഥയോർത്ത് പലകാര്യങ്ങളും അവർ പറയാറില്ലെന്നും നടൻ പറഞ്ഞിരുന്നു.

2003 ഡിസംബർ 27-നാണ് ഷരീബ് നസ്രീനെ വിവാഹം കഴിക്കുന്നത്. ഇരുവർക്കും ഒരു മകളും ഒരു മകനുമുണ്ട്.

ഓറൽ കാൻസർ നിസ്സാരമാക്കരുത്

വായിലെ കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച്, പ്രത്യേകിച്ച് സ്ക്വാമസ് സെൽസ് വളരുന്നതാണ് വായിലെ കാൻസർ. ചുണ്ടു മുതൽ ടോൺസിൽ (തൊണ്ടയുടെ ഭാഗം)വരെയുള്ള ഭാഗങ്ങളിലോ ഉള്ളതും വായിലെ കാൻസറായാണ് അറിയപ്പെടുന്നത്. പലപ്പോഴും, രോഗത്തിന്റെ ആദ്യകാലലക്ഷണങ്ങളായ ചെറിയ വായ്പുണ്ണ്, ചെറിയ വേദന, ഉണങ്ങാത്ത മുറിവ് എന്നിവരെ പലരും അവഗണിക്കാറാണ് പതിവ്.

വായിലെ മുറിവുകളും പാടുകളും സാധാരണ സംഭവമാണ്. എന്നാൽ, ഇത്തരം വിഷയങ്ങൾ ഗുരുതര രോഗങ്ങളുടെ സൂചനയാകാം എന്നും നാം തിരിച്ചറിയേണ്ടതുണ്ട്. രണ്ടാഴ്ച കഴിഞ്ഞും ഈ പാടുകളും മുറിവും തുടരുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണെന്നാണ് വിദഗ്ധർ പറയുന്നത്.

പൂർവാർബുദ അവസ്ഥകൾ

ല്യൂക്കോപ്ലാക്കിയ (Leukoplakia)

വെള്ളപ്പാട് എന്ന് അർഥം വരുന്ന ഇത് പുകയിലയുടെ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പാടുകൾ പ്രധാനമായി 3 തരത്തിൽ കാണുന്നു

ഹോമോ ജീനസ് ല്യൂക്കോപ്ലാക്കിയ (HOMOGENUS LEUKOPLAKIA)

തൊലിയിൽ അല്പം തടിച്ചു നിൽക്കുന്ന ഈ പാട് വളരെ നേർമയേറിയതും മിനുമിനുത്തതുമാണ് .

സ്‌പെകിൽഡ് ല്യൂക്കോപ്ലാക്കിയ (SPECKLED LEUKOPLAKIA)

കവിളിന്റെ ഉൾഭാഗത്തു വായുടെ രണ്ടുവശങ്ങളിലും പൊടി വിതറിയ പോലുള്ള വെള്ള പാടുകളാണ് ഈ വിധത്തിൽ അറിയപ്പെടുന്നത് . ഇവ കാൻസർ ആയി മാറാനുള്ള സാധ്യത കൂടുതലാണ്

നോഡുലാർ അൾസറേറ്റഡ് ല്യൂക്കോപ്ലാക്കിയ (NODULAR ULCERATED LEUKOPLAKIA)

വെള്ളപ്പാടുകൾക്കിടയിൽ വ്രണവും ചുവന്ന നിറവും ഇടകലർന്നാണ് ഇവ കാണുക. കാൻസർ ആവാനുള്ള സാധ്യത വളരെ കൂടുതലാണ്. തുടർച്ചയായ പരിശോധന നിരീക്ഷണങ്ങൾക്കായി ഡോക്ടറെ കാണേണ്ടതാണ് .

ലക്ഷണങ്ങൾ

  • വായിൽ തുടർച്ചയായുള്ള പുണ്ണ് വരുകയും അത് ഉണങ്ങാതിരിക്കുകയും ചെയ്യുക
  • വായ തുറക്കാൻ പ്രയാസം അനുഭവപ്പെടുക
  • വെള്ളയോ ചുവന്നതോ രണ്ടും കൂടിയതോ ആയ മാറ്റങ്ങൾ നാവിലോ മോണയിലോ കവിളിലോ കാണുക.
  • ഏതെങ്കിലും രീതിയിലുള്ള മുഴ കഴുത്തിൽ കാണുക.
  • വായിലോ താടിയെല്ലിന്റെ ഭാഗത്തോ വേദന അനുഭവപ്പെടുക.
  • ഭക്ഷണം ചവക്കാനോ ഇറക്കാനോ ഉള്ള ബുദ്ധിമുട്ട്
  • വായയുടെ ഏതെങ്കിലും ഭാഗത്ത് തടിപ്പോ മുഴയോ കല്ലിപ്പോ കാണുക
  • വായിൽനിന്നും അകാരണമായ രക്തസ്രാവം
  • ശബ്ദത്തിലുള്ള വ്യതിയാനം
  • പല്ലുകൾ ഇളകുക
  • അകാരണമായി ശരീരഭാരം കുറയുക

വായിലെ കാൻസർ എങ്ങനെ തടയാം ?

  • എല്ലാതരത്തിലുമുള്ള പുകയിലയുടെ ഉപയോഗവും പൂർണമായി നിർത്തുക.
  • മദ്യം ഉപയോഗിക്കാതിരിക്കുക.
  • സമീകൃത ആഹാരം ശീലിക്കുക, പച്ചക്കറികളും പഴങ്ങളും ധാരാളം ചേർക്കുക.
  • എല്ലാ ആറുമാസം കൂടുംതോറും ഡോക്ടറെ കാണുക.