ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു മസ്തിഷ്‌ക്കരോഗമാണ് അൽസ്ഹൈമേഴ്സ്. വിവിധ രീതിയിലുള്ള ചികിത്സകളിലൂടെയും പരിചരണരീതിയിലൂടെയും രോഗികളുടെയും അവരെ പരിചരിക്കുന്നവരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്താനാവും. ഒപ്പം ജീവിതചര്യയിലും കാര്യമായ മാറ്റം വരുത്തേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണം, പുകവലി ഉപേക്ഷിക്കുക, നന്നായി ഉറങ്ങുക, വ്യായാമം തുടങ്ങിയ ഘടകങ്ങൾ അൽസ്ഹൈമേഴ്സ് സാധ്യത കുറയ്ക്കും. മണിക്കൂറുകളോളം ഇരിക്കുന്നതും അൽസ്ഹൈമേഴ്സും തമ്മിൽ ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പെൻസിൽവാനിയയിലെ പിറ്റ്സ്ബഗ് യൂണിവേഴ്സിറ്റിയിലെ ഗവേഷകയായ മരീസ എ ഗോഗ്നിയാറ്റിന്റെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. പ്രായമായവർ ദീർഘസമയം ഇരിക്കുകയോ കിടക്കുകയോ ഒക്കെ ചെയ്യുന്നത് മസ്തിഷ്കം ചുരുങ്ങാൻ കാരണമാവുകയും അൽസ്ഹൈമേഴ്സ് സാധ്യത കൂട്ടുകയും ചെയ്യുമെന്ന് ഗവേഷണത്തിൽ കണ്ടെത്തി. ഇക്കൂട്ടരിൽ എത്രതന്നെ വ്യായാമം ചെയ്താലും വെറുതെയിരിക്കുന്ന സമയം കൂടുതലാണെങ്കിൽ ഗുണമുണ്ടാകില്ലെന്നും പഠനത്തിൽ പറയുന്നുണ്ട്.
അൽസ്ഹൈമേഴ്സ് അസോസിയേഷന്റെ അൽസ്ഹൈമേഴ്സ്& ഡിമെൻഷ്യ എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമ്പത് വയസ്സും അതിന് മുകളിലും പ്രായമുള്ള 404 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ഏഴുവർഷത്തോളം ഇവരുടെ ശാരീരിക പ്രവർത്തനങ്ങളും മസ്തിഷ്കത്തിന്റെ എംആർഐ സ്കാനും പരിശോധിച്ച ശേഷമാണ് വിലയിരുത്തലിലെത്തിയത്. ദീർഘസമയം ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നവരിൽ വൈജ്ഞാനിക അപചയം ഉണ്ടാവുകയും മസ്തിഷ്കത്തിന്റെ ഘടനയിൽ മാറ്റം വരികയും ചെയ്യുന്നുണ്ട്. ഉദാസീനമായ ജീവിതരീതി പുലർത്തുന്നവരിൽ ശരീരത്തിൽ നീർക്കെട്ട്, മസ്തിഷ്കത്തിലേക്കുള്ള രക്തപ്രവാഹം കുറയുക, ഇൻസുലിൻ പ്രതിരോധം എന്നിവയ്ക്ക് കാരണമാകും. ഇവയെല്ലാം അൽസ്ഹൈമേഴ്സ് സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണെന്ന് ഗവേഷകർ പറയുന്നു.
എന്തുകൊണ്ടാണ് ഉദാസീനമായ ജീവിതശൈലിക്കിടയിലും നന്നായി വ്യായാമം ചെയ്യുന്നത് ഗുണംനൽകാത്തത് എന്നതിനും ഗവേഷകർക്ക് ഉത്തരമുണ്ട്. ഒരുദിവസത്തിലെ പത്തും പതിനഞ്ചും മണിക്കൂർ ശാരീരിക പ്രവർത്തനങ്ങളിൽ കാര്യമായി ഏർപ്പെടാതെ അരമണിക്കൂർ മാത്രം നന്നായി വ്യായാമം ചെയ്തിട്ട് കാര്യമില്ലെന്നാണ് അവരുടെ വാദം. വ്യായാമം ചെയ്യുന്നതിനൊപ്പം വെറുതെയിരിക്കുന്നതിന്റെ ദൈർഘ്യം കൂടി കുറയ്ക്കുകയാണ് പ്രധാനമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
ഓരോ അരമണിക്കൂർ കൂടുമ്പോഴും നിൽക്കുകയും ശരീരം സ്ട്രെച്ച് ചെയ്യുകയും നടക്കുകയും ചെയ്യുക, നടന്നുകൊണ്ട് ഫോൺ ചെയ്യുക, ലിഫ്റ്റിനു പകരം സ്റ്റെയർകെയ്സ് ഉപയോഗിക്കുക തുടങ്ങിയവയിലൂടെ ദീർഘസമയം ഇരിക്കുന്നത് ഒഴിവാക്കാനാവും.
അൽസ്ഹൈമേഴ്സിനെക്കുറിച്ച് ചിലകാര്യങ്ങൾ
മനുഷ്യമസ്തിഷ്കത്തിന് സംഭവിക്കാവുന്ന ഗുരുതരമായ രോഗാവസ്ഥയാണ് ഡിമൻഷ്യ അഥവാ മറവിരോഗം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടുവരുന്നതുമായ മറവി രോഗം ആണ് അൽസ്ഹൈമേഴ്സ്. തലച്ചോറിന്റെ സ്വാഭാവികപ്രവർത്തനങ്ങളെ കാലക്രമേണ മന്ദീഭവിപ്പിക്കുന്ന ഈ രോഗം ശ്രദ്ധേയമായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് വർഷങ്ങൾക്കുമുമ്പുതന്നെ തലച്ചോറിനെ നശിപ്പിക്കാൻ തുടങ്ങുന്നു.
നിർഭാഗ്യവശാൽ ഈ അസുഖത്തെ പൂർണമായും ഭേദമാക്കുന്ന ചികിത്സകളൊന്നും നിലവിലില്ല. മാത്രമല്ല പ്രത്യക്ഷമായ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോഴേക്കും മിക്ക ചികിത്സകളും ഫലപ്രദമല്ലാതായി മാറുന്നു.
അൽസ്ഹൈമേഴ്സ് രോഗത്തിന്റെ മൂലകാരണങ്ങൾ ഇന്ന് പഠന വിധേയമാണെങ്കിലും മസ്തിഷ്കത്തിന്റെ ചില ഭാഗങ്ങളിൽ അമിലോയിഡ്-ബീ, ടൗ തുടങ്ങിയ പ്രോട്ടീനുകൾ കുന്നുകൂടുന്നതും തുടർന്നുള്ള ചില രാസപ്രവർത്തനങ്ങൾ തലച്ചോറിലെ നാഡീ കോശങ്ങളെ പ്രതികൂലമായി ബാധിക്കുന്നതുമാണ് രോഗാവസ്ഥയിലേക്ക് എത്തിക്കുന്നതെന്നത് ഏറക്കുറെ വ്യക്തമാണ്. പക്ഷേ, ഈ പ്രോട്ടീനുകളുടെ കുന്നുകൂടലിലേക്കും തുടർന്നുള്ള വ്യത്യസ്ത രാസപ്രവർത്തനങ്ങളിലേക്കും നയിക്കുന്നത് ആയിരക്കണക്കിന് സന്ദേശവാഹകരായ പ്രോട്ടീനുകളുടെ പ്രവർത്തന ഫലമായാണ്.
ഓർമ കൂട്ടാൻ ചില നുറുങ്ങു വഴികൾ !
- ഓർമ കൂട്ടാൻ എളുപ്പ വഴികളില്ല. മസ്തിഷ്കത്തിലെ കോശങ്ങളെ ഉത്തേജിപ്പിക്കുന്ന ദിനചര്യകൾ ശീലമാക്കിയാൽ ഓർമ്മ മെച്ചപ്പെടും.
- 200 പേജ് ഉള്ള രണ്ട് പുസ്തങ്ങളെങ്കിലും എല്ലാ മാസവും വായിക്കുക.
- ആഴ്ച്ചയിൽ ഒരു തവണയെങ്കിലും ചെസ് കളിക്കുക
- ആഴ്ചയിൽ ഒരിക്കൽ എങ്കിലും സുഡുകു, ക്വിസ് എന്നിവ ചെയ്യുക
- ആഴ്ചയിൽ മൂന്നാല് തവണയെങ്കിലും യോഗ, ധ്യാനം എന്നിവയുൾപ്പടെ വ്യായാമ മുറകൾ ശീലമാക്കുക
- ഡയറിക്കുറിപ്പുകൾ എഴുതാൻ ശീലിക്കുക. സർഗാത്മക പ്രവർത്തികളിൽ ഏർപ്പെടുക
- എട്ട് മണിക്കൂർ ഉറങ്ങുക, കൃത്യസമയം പാലിക്കുക
Content Highlights: New research links prolonged sitting to increased Alzheimer`s risk
Published: 08 Jun 2025, 06:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented