അടുത്തിടെയാണ് ബോളിവുഡ് താരം സൽമാൻ ഖാൻ തനിക്ക് ട്രൈജെമിനൽ ന്യൂറാൾജിയ എന്ന എന്ന നാഡീസംബന്ധമായ തകരാർ സ്ഥിരീകരിച്ചിരുന്നുവെന്നും കടുത്ത വേദനയിലൂടെയാണ് കടന്നുപോയിരുന്നതെന്നും തുറന്നുപറഞ്ഞത്. ഇപ്പോഴിതാ ആദ്യമായി വേദന അനുഭവപ്പെട്ടത് എപ്പോഴാണെന്ന കാര്യം പങ്കുവെച്ചിരിക്കുകയാണ് സൽമാൻ. ടൂ മച്ച് വിത്ത് കജോൾ&ട്വിങ്കിൾ എന്ന ഷോയിൽ വച്ചാണ് സൽമാന്റെ തുറന്നുപറച്ചിൽ.
ആദ്യമായി കടുത്തവേദന അനുഭവപ്പെട്ടത് 2007-ലാണെന്ന് സൽമാൻ പറയുന്നു. പാർട്ണർ എന്ന ചിത്രത്തിൽ സഹതാരം ലാറാ ദത്തയുമായി അഭിനയിച്ചുകൊണ്ടിരിക്കെ ആണത്. ലാറ തന്റെ മുഖത്തെ ഒരു മുടി നീക്കിയപ്പോഴേക്കും തനിക്ക് വേദന അനുഭവപ്പെട്ടുവെന്നാണ് സൽമാൻ പറയുന്നത്. തുടർന്നുള്ള ദൈനംദിന ജീവിതത്തെ ഈ വേദന ഏറെ ബുദ്ധിമുട്ടിക്കുകയുണ്ടായെന്നും സൽമാൻ പറയുന്നു.
ബൈപാസ് സർജറികൾ കഴിഞ്ഞും ഹൃദ്രോഗസംബന്ധമായ പ്രശ്നങ്ങളാലും മറ്റ് രോഗങ്ങളാലുമൊക്കെ കഴിയുന്ന നിരവധിപേരുണ്ട്. എനിക്കുള്ളത് ട്രൈജെമിനൽ ന്യൂറാൾജിയയാണ്. ഏറ്റവും വലിയ ശത്രുവിനുപോലും ആ വേദന അനുഭവിക്കരുതെന്നാണ് ആഗ്രഹിക്കുന്നത്.-സൽമാൻ പറയുന്നു.
ഏഴര വർഷത്തോളം ആ വേദനയിലൂടെയാണ് കടന്നുപോയതെന്നും ഓരോ നാലും അഞ്ചും മിനിറ്റിലും വേദന അനുഭവപ്പെട്ടിരുന്നുവെന്നും സൽമാൻ പറയുന്നുണ്ട്. സംസാരിക്കുമ്പോഴൊക്കെ പൊടുന്നനെയാണ് ആ വേദന ഉണ്ടാവുക. പ്രഭാതഭക്ഷണം കഴിക്കാൻ ഒന്നര മണിക്കൂറൊക്കെ എടുക്കുമായിരുന്നു. ഓംലൈറ്റ് കഴിക്കുമ്പോൾ പോലും ചവയ്ക്കുന്ന സമയത്ത് വേദനിക്കുമായിരുന്നുവെന്നും ഭക്ഷണം കഴിക്കാൻ തന്നെ സ്വയം വേദനിപ്പിക്കുന്ന അവസ്ഥയായിരുന്നുവെന്നും സൽമാൻ പറയുന്നു.
ആദ്യമൊക്കെ ദന്തസംബന്ധമായ പ്രശ്നമാണ് തന്റെ വേദനയ്ക്ക് പിന്നിൽ എന്നാണ് കരുതിയതെന്നും ദിവസവും വേദനാസംഹാരികൾ കഴിക്കുമായിരുന്നുവെന്നും സൽമാൻ കൂട്ടിച്ചേർക്കുന്നു.
എന്താണ് ട്രൈജെമിനൽ ന്യൂറാൾജിയ?
വെെദ്യശാസ്ത്രത്തിന് പരിചിതമായവയിൽ ഏറ്റവും വേദനാജനകമായ രോഗങ്ങളിൽ ഒന്നാണ് ട്രെെജെമിനൽ ന്യൂറാൾജിയ. മുഖത്ത് സംവേദനങ്ങൾ സാധ്യമാക്കുന്ന നാഡിയെയാണ് ഈ രോഗം ബാധിക്കുക. ഏതുപ്രായത്തിലുള്ളവരെയും രോഗം ബാധിക്കാമെങ്കിലും അമ്പത് കഴിഞ്ഞവരെയാണ് കൂടുതലായി ബാധിക്കുന്നത്. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് രോഗസാധ്യത കൂടുതൽ.
നാഡികൾ തലച്ചോറിൽ നിന്ന് ആരംഭിക്കുന്ന ഭാഗത്ത് ഞരമ്പുകൾ ഉരസിയുണ്ടാകുന്ന കേടുപാടുകളാണ് പ്രധാന കാരണം. ഞരമ്പുകളുടെ വികാസ സങ്കോചങ്ങൾ കാരണം നാഡിയുടെ സംരക്ഷണകവചം ക്ഷയിക്കും. തുടർന്ന് ഇവ ഹെെപ്പർ ആക്ടീവ് ആകുന്നതുമൂലമാണ് വേദന അനുഭവപ്പെടുന്നത്. വളരെ അസാധാരണമായ ട്യൂമറുകൾ, ധമനിവീക്കം, സ്ട്രോക്ക് എന്നിവയൊക്കെ ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്.
ചെറിയ സ്പര്‍ശമേല്‍ക്കുമ്പോഴും കാറ്റുതട്ടുമ്പോഴും ചിരിക്കുമ്പോഴും പോലും മുഖത്ത് ഷോക്ക് അടിക്കുന്നതുപോലെ അനുഭവപ്പെടുകയും കടുത്ത വേദനയുണ്ടാവുകയും ചെയ്യും. വേദനയുടെ തീവ്രത മൂലം സൂയിസൈഡ് ഡിസീസ് എന്ന വിളിപ്പേരും ഈ രോഗത്തിനുണ്ട്. പലരോഗികളിലും വേദനയുടെ ആഘാതം സഹിക്കാൻ വയ്യാതെ ആത്മഹത്യാ ചിന്തകൾപോലും ഉടലെടുക്കുന്നത് കൊണ്ടാണിത്.
പ്രധാനലക്ഷണങ്ങൾ
- വൈദ്യുതാഘാതത്തിന് സമാനമായ പെട്ടെന്നുള്ള തീവ്രമായ വേദന, പലപ്പോഴും ഒരുഭാഗത്ത് മാത്രമായിരിക്കും
- മുഖത്ത് സ്പർശിക്കുമ്പോഴും ഭക്ഷണം ചവയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും വേദന
- ബ്രഷ് ചെയ്യുമ്പോഴും ചവയ്ക്കുമ്പോഴും വരുന്ന വേദന
- വേദന ഏതാനും സെക്കൻഡുകൾ തൊട്ട് മിനിറ്റുകൾ വരെ നീണ്ടുനിൽക്കാം
ആരെയാണ് കൂടുതൽ ബാധിക്കുക?
അമ്പതു വയസ്സ് കടന്നവരെയാണ് രോഗം കൂടുതലായി ബാധിക്കാറുള്ളതെങ്കിലും സ്ത്രീകളിൽ ഈ രോഗത്തിന്റെ നിരക്ക് കൂടുതലാണെന്ന് 2022-ൽ പുറത്തുവന്ന ഒരു ആഗോളപഠനത്തിൽ പറയുന്നുണ്ട്. ചെറുപ്പക്കാരിലും രോഗം സ്ഥിരീകരിച്ചു കണ്ടുവരുന്നുണ്ട്. ജനിതകഘടകങ്ങൾ, ഓട്ടോഇമ്മ്യൂൺ തകരാറുകൾ, നാഡീസംബന്ധമായ രോഗങ്ങൾ തുടങ്ങിയവ അപകടസാധ്യതാ ഘടകങ്ങളാണ്.90 ശതമാനം രോഗികളിലും മരുന്നുചികിത്സകൊണ്ടുതന്നെ രോഗം നിയന്ത്രിക്കാൻ സാധിക്കും. മരുന്ന്ചികിത്സ ഫലപ്രദമല്ലെന്ന് കണ്ടാൽ ശസ്ത്രക്രിയ വേണ്ടിവരും.
Published: 25 Sept 2025, 01:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented