സുരക്ഷിതരായി, ആരോഗ്യത്തോടെ ഈ ഭൂമിയിലേക്ക് പ്രവേശിക്കാനുള്ള അവകാശം പിറക്കാനിരിക്കുന്ന ഓരോ കുഞ്ഞുങ്ങൾക്കുമുണ്ട്. വീട്ടിൽ പ്രസവിക്കാനുള്ള അമ്മയുടെ അവകാശത്തെക്കുറിച്ച് വാചാലരാകുന്നവർ മറക്കുന്നത് കുഞ്ഞുങ്ങളുടെ ഈ അവകാശത്തെയാണ്.
വയറ്റാട്ടിമാർ പ്രസവമെടുത്തതിന്റെ കണക്കും കേമത്തവും പ്രസംഗിക്കുന്നവർ മറന്നുപോകുന്നത് അക്കാലത്തെ മാതൃമരണങ്ങളുടേയും ശിശുമരണങ്ങളുടേയും ഞെട്ടിപ്പിക്കുന്ന കണക്കുകളാണ്. എന്റെ മാതാവ് പത്തുപെറ്റതാണ്, പത്തും വീട്ടിലാണ് എന്നുപറയുന്നവർ അവരിൽ എത്രപേർ ജീവിച്ചിരിക്കുന്നു എന്ന് പറയാറില്ല. എത്രപേർ പ്രസവത്തിൽ മരിച്ചു എന്നും പ്രസവസംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് പിന്നീട് മരിച്ചു എന്നും പറയാറില്ല. പ്രസവത്തിലെ തകരാറുകൾകൊണ്ട് എത്രകുഞ്ഞുങ്ങൾ ജീവിതാവസാനം വരെ നരകിക്കുന്നു എന്ന് ഓർക്കാറില്ല.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്ത് കേരളത്തിൽ ആയിരം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ 145 എണ്ണം മരിക്കുമായിരുന്നു. അത് ഇന്ന് വെറും ആറു മാത്രമാണ്. അന്ന് ഒരു ലക്ഷം പ്രസവം നടക്കുമ്പോൾ 2000 അമ്മമാരാണ് മരിച്ചിരുന്നത്. ഇന്നത് വെറും 32 ആണ്. ഇത് ആഗോളതലത്തിൽത്തന്നെ മികച്ച ശരാശരിയാണ്. അതിന് നമ്മെ സഹായിച്ചത് ഏതെങ്കിലും കപടചികിത്സകളല്ല. മറിച്ച് ആധുനിക ചികിത്സാസംവിധാനങ്ങൾ തന്നെയാണ്. ഒരുകുഞ്ഞും അമ്മയും മരിക്കാത്ത പ്രസവമാണ് നമ്മുടെ ലക്ഷ്യം. അതിലേക്ക് എത്തുവാനാണ് ഏറ്റവും ആധുനികമായ സങ്കേതങ്ങൾ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ഒരുക്കുന്നത്.
ഒട്ടും ലളിതമല്ല പ്രസവം
പ്രസവം ഒരു രോഗമല്ല എന്ന് പ്രഘോഷിച്ചുകൊണ്ടാണ് കപടചികിത്സകർ അതിനെ വീണ്ടും വീട്ടിലേക്ക് വലിച്ചുകൊണ്ടുപോകുന്നത്. രോഗമല്ലെങ്കിലും എപ്പോൾ വേണമെങ്കിലും അതീവഗുരുതരമായ അവസ്ഥയിലേക്ക് മാറാവുന്ന ശാരീരിക പ്രക്രിയയാണ് പ്രസവം. അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ അപകടമുണ്ടാവാനിടയുള്ള പലതരത്തിലുള്ള സാഹചര്യങ്ങൾക്ക് സാധ്യതയുണ്ട്. രക്തസ്രാവം, രക്താതിസമ്മർദം, രക്തത്തിലെ ഗ്ലൂക്കോസിന്റെ ഏറ്റക്കുറച്ചിൽ, പ്ലാസന്റ പൂർണമായും പുറത്തുവരാതിരിക്കുക, മുറിവ് വലുതാകുക, കുഞ്ഞ് കരയാതിരിക്കുക, കുഞ്ഞ് മഷിയെടുക്കുക, കുഞ്ഞിന് ഓക്സിജൻ വേണ്ടത്ര ലഭിക്കാതിരിക്കുക തുടങ്ങി ഒട്ടേറെ പ്രതിസന്ധികൾ ഉണ്ടാവാം.
ഇതൊന്നും ഒരു വയറ്റാട്ടിക്കും കൈകാര്യം ചെയ്യാൻ കഴിയുന്ന സാഹചര്യങ്ങളല്ല. ചെറിയ പോരായ്മകൾ മതി, കുഞ്ഞ് ആജീവനാന്തം ശാരീരികമോ, മാനസികമോ ആയ കുഴപ്പങ്ങളുമായി ജീവിക്കേണ്ട സ്ഥിതിയുണ്ടാക്കും. പലപ്പോഴും ഇതൊന്നുമില്ലാതെത്തന്നെ സ്വാഭാവികമായി പ്രസവം നടക്കാം. എന്നാൽ അത്തരം ഒരു പരീക്ഷണത്തിന് അമ്മയേയും കുഞ്ഞിനേയും വിട്ടുകൊടുക്കരുത്. കാരണം, പ്രസവം ഒരു ഭാഗ്യപരീക്ഷണമല്ല. ആരോഗ്യമുള്ള ഒരു തലമുറയെ രാജ്യത്തിന് ആവശ്യമുണ്ട്.
Content Highlights: Safe Motherhood: Hospital Birth vs. Home Birth
Published: 25 Apr 2025, 06:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented