പ്രധാനപാതകളിൽ ആരോഗ്യകേന്ദ്രങ്ങൾ സജ്ജം

പമ്പയില്‍ കുളിക്കുന്ന അയ്യപ്പഭക്തര്‍ (ഫയൽ ചിത്രം) | Photo: Mathrubhumi
പത്തനംതിട്ട: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ടുചെയ്ത പശ്ചാത്തലത്തിൽ, ശബരിമലതീർഥാടനത്തിൽ ജാഗ്രതാനിർദേശവുമായി ആരോഗ്യവകുപ്പ്. പമ്പാസ്നാനം നടത്തുമ്പോൾ മൂക്കിൽ വെള്ളം കയറാതെ ശ്രദ്ധിക്കണമെന്നാണ് അറിയിപ്പ്. വെള്ളത്തിൽ മുങ്ങുമ്പോൾ മൂക്ക് പൊത്തിപ്പിടിക്കുകയോ നേസൽ ക്ലിപ്പ് ഉപയോഗിക്കുകയോ ചെയ്യണമെന്നാണ് നിർദേശം.
പമ്പാനദിയിൽനിന്ന് അമീബിക് മസ്തിഷ്കജ്വരം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഇപ്പോൾ നദിയിൽ ഒഴുക്കുള്ളതിനാൽ പ്രശ്നമില്ല. ജനുവരിയോടെ വെള്ളം കുറയുകയാണെങ്കിൽ, ത്രിവേണിയിൽ ചിലഭാഗങ്ങളിൽ ചെറിയ തടാകംപോലുള്ള ഭാഗങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. അവിടെ നല്ല വെയിലുള്ള ഭാഗമാണ്. അത്തരം സാഹചര്യമാണ് രോഗസാധ്യതയുണ്ടാക്കുന്നത്. ഇവിടേക്ക് അയ്യപ്പന്മാരെ വിടാതിരിക്കാനുള്ള നിർദേശവും ആസമയത്ത് ആരോഗ്യവകുപ്പ് നൽകും. തീർഥാടനകാലത്ത് ക്ഷേത്രക്കുളങ്ങളിൽ ക്ലോറിനേഷൻ അടക്കമുള്ളവ നടത്തണമെന്ന് ദേവസ്വം ബോർഡുകൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
ആരോഗ്യകേന്ദ്രങ്ങൾ സജ്ജം
മണ്ഡലകാലം പ്രമാണിച്ച് ശബരിമലയിലേക്കുള്ള എല്ലാ പ്രധാനപാതകളിലും ആരോഗ്യവകുപ്പിന്റെ സേവനം സജ്ജമായി. പമ്പയിൽ 24 മണിക്കൂറും കൺട്രോൾ റൂം ഉണ്ടാകും. ദേവസ്വംബോർഡിന്റെ സഹകരണത്തോടെ പമ്പമുതൽ സന്നിധാനംവരെയുള്ള പാതയിൽ എമർജൻസി മെഡിക്കൽ സെന്ററുകൾ പ്രവർത്തിക്കും. കോന്നി മെഡിക്കൽ കോളേജാണ് ബേസ് ആശുപത്രി.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അടിയന്തര കാർഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയുമുണ്ടാകും. ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനമുൾപ്പെടെയുള്ള കനിവ് 108 ആംബുലൻസ് സേവനമുണ്ടാകും. സന്നിധാനത്തുനിന്ന് പമ്പയിലേക്ക് പ്രത്യേക ആംബുലൻസ് സേവനമുണ്ടാകും.
പമ്പയിലും സന്നിധാനത്തും ഓപ്പറേഷൻ തിയേറ്ററുകൾ പ്രവർത്തിക്കും. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ താത്കാലിക ഡിസ്പെൻസറിയും പ്രവർത്തിക്കും. അടൂർ, വടശ്ശേരിക്കര, പത്തനംതിട്ട എന്നിവിടങ്ങളിൽ ഒരു മെഡിക്കൽ സ്റ്റോറെങ്കിലും 24 മണിക്കൂറും പ്രവർത്തിക്കും.
Content Highlights: Amoebic Meningoencephalitis Alert: Health Department issues strict advisory for Pamba Snanam; Use nasal clips or hold nose while bathing
Published: 16 Nov 2025, 08:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented