നമ്മുടെ തൂക്കവും ഉയരവും തമ്മിലുള്ള ലളിതമായ ഒരു അനുപാതമാണ് ബി.എം.ഐ (ബോഡി മാസ് ഇൻഡെക്സ്). ഈ ബി.എം.ഐ. ഉപയോഗിച്ചാണ് സാധാരണ അമിതവണ്ണം അളക്കുന്നത്. എന്നാൽ, ശരീരത്തിൽ എവിടെയാണ് കൊഴുപ്പ് അടിഞ്ഞിരിക്കുന്നതെന്നോ ഒരാൾക്ക് എത്രമാത്രം പേശികളുണ്ടെന്നോ(muscle mass), അധികമുള്ള കൊഴുപ്പ് അവയവങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നോ ബി.എം.ഐ വ്യക്തമാക്കുന്നില്ല.

To advertise here,

ഇപ്പോഴിതാ, ഈ പഴയ രീതികളെ ചോദ്യം ചെയ്തുകൊണ്ട് ഒരു പഠനം പ്രസിദ്ധീകരിച്ചിരിക്കുകയാണ് ജാമ നെറ്റ്‌വർക്ക് ഓപ്പൺ. അമിതവണ്ണത്തെ നിർവചിക്കാൻ കൂടുതൽ മാർഗനിർദേശങ്ങളും പഠനം നിർദേശിക്കുന്നു. ഈ പഠനത്തെ പിന്തുണച്ചുകൊണ്ട് ശരീരത്തിലെ കൊഴുപ്പ് കൂടുതൽ കൃത്യമായി തിരിച്ചറിയുന്നതിനുള്ള മാർഗനിർദേശങ്ങൾ 'ദി ലാൻസെറ്റ് ഡയബറ്റിസ് & എൻഡോക്രൈനോളജി'യും മുന്നോട്ടുവെച്ചു.

എന്താണ് ആന്ത്രോപോമെട്രിക് അമിതവണ്ണം?

മൊത്തത്തിലുള്ള ശരീരഭാരമോ ബിഎംഐയോ മാത്രം പരിഗണിക്കാതെ, ശരീരത്തിലെ കൊഴുപ്പിൻ്റെ വിതരണവും മറ്റ് ഘടകങ്ങളും അളന്ന് നിർണയിക്കുന്നതാണ് ആന്ത്രോപോമെട്രിക് അമിതവണ്ണം(anthropometric obesity). വലിപ്പം, അനുപാതം, ശരീരഘടന എന്നിവയുൾപ്പെടെ പരിശോധിച്ച് മനുഷ്യശരീരത്തിന്റെ അളവെടുക്കുന്നതിനെയാണ് ആന്ത്രോപോമെട്രിക്(Anthropometric) എന്ന് പറയുന്നത്. ഉയരം, ഭാരം പോലുള്ള ഈ അളവുകൾ പോഷകാഹാരം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ ഉപയോഗിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ഈ പഠനം അമിതവണ്ണത്തെ രണ്ടായി തരംതിരിക്കുന്നു.

  • BMI-പ്ലസ് ആന്ത്രോപോമെട്രിക് അമിതവണ്ണം(BMI-plus anthropometric obesity): പരമ്പരാഗത BMI പരിധിയ്ക്ക് മുകളിലുള്ളവരും, അതിനൊപ്പം കുറഞ്ഞത് ഒരു ഉയർന്ന ആന്ത്രോപോമെട്രിക് അളവുള്ളവരും ഇതിൽ ഉൾപ്പെടുന്നു. BMI 40-നു മുകളിലുള്ളവരും ഇതിൽപ്പെടും.
  • ആന്ത്രോപോമെട്രിക് അമിതവണ്ണം(Anthropometric only obesity): BMI പരിധി താഴെയായിട്ടും കുറഞ്ഞത് രണ്ട് ആന്ത്രോപോമെട്രിക് അളവുകൾ ഉയർന്നവരായ വ്യക്തികളെ ഉൾപ്പെടുത്തുന്നു.
  • ഇതിന് പുറമെ, അവയവങ്ങളുടെ പ്രവർത്തന തകരാറോ ശാരീരിക പരിമിതികളോ ഉള്ളതിനെ അടിസ്ഥാനമാക്കി കൊഴുപ്പിനെ ക്ലിനിക്കൽ(രോഗലക്ഷണങ്ങളുള്ളത്) അല്ലെങ്കിൽ പ്രീ-ക്ലിനിക്കൽ (ലക്ഷണങ്ങൾ തുടങ്ങാനുള്ള അവസ്ഥ) എന്നിങ്ങനെയും തരംതിരിച്ചിട്ടുണ്ട്.

അമിതവണ്ണത്തെ ദീർഘകാല പരിചരണം ആവശ്യമുള്ളതും ആവർത്തിച്ചുവരുന്നതുമായ ഒരു അവസ്ഥയായി അംഗീകരിക്കുന്ന ആഗോളരീതിയോട് പഠനം ചേർന്നുനിൽക്കുന്നു. അമിതവണ്ണത്തിന്റെ നിർവചനത്തിൽ ആന്ത്രോപോമെട്രിക് അളവുകളും അവയവങ്ങളുടെ ആരോഗ്യവും ഉൾപ്പെടുത്തുന്നതിലൂടെ അപകടസാധ്യതയുള്ളവരെ നേരത്തെ കണ്ടെത്താൻ ആരോഗ്യപ്രവർത്തകർക്ക് സാധിക്കും.

ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

  • അരവണ്ണം, അരയും ഇടുപ്പും തമ്മിലുള്ള അനുപാതം അളക്കേണ്ടതുണ്ടോ അതോ ബോഡി ഫാറ്റ് സ്കാൻ ആണോ ചെയ്യേണ്ടതെന്ന് ഡോക്ടറോട് ചോദിക്കാം.
  • വ്യായാമം, ശരിയായ ഭക്ഷണക്രമം, സ്ട്രെങ്ത് ട്രെയിനിംഗ് എന്നിവ ഉൾപ്പെടെ ആരോഗ്യകരമായ ഒരു ജീവിതശൈലി സ്വീകരിക്കാം.
  • ലിപിഡ് പ്രൊഫൈൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്ട്രോൾ എന്നിവയെല്ലാം രോഗം നേരത്തെ കണ്ടെത്താൻ സഹായിക്കുന്ന സൂചകങ്ങളാണ്.