ആരോഗ്യം നഷ്ടപ്പെടുന്നതിന് മുന്‍പ് അത് സംരക്ഷിക്കാനുള്ള കാര്യങ്ങള്‍ ചെയ്യുന്നതാണ് ഏറ്റവും നല്ല കാര്യം. പ്രായമാകുന്നവരില്‍ കണ്ടുവരുന്ന പ്രശ്‌നങ്ങളിലൊന്നാണ് മറവി. ചെറിയ തോതില്‍ ആരംഭിക്കുന്ന മറവി നിത്യ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന തലത്തില്‍ എത്തുമ്പോള്‍ ഡിമെന്‍ഷ്യ അഥവാ മറവിരോഗമായി മാറുന്നു. മറവിരോഗത്തെ ചെറുക്കുന്നതിന് സൈക്കിള്‍ ചവിട്ടുന്നത് ഗുണം ചെയ്യും എന്നാണ് പുതിയ പഠനം പറയുന്നത്.

To advertise here,

സാധാരണ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന ഈ രോഗത്തിന് നിലവില്‍ പ്രതിവിധിയില്ല. എന്നാല്‍ സൈക്ലിങ് പോലുള്ള വ്യായാമങ്ങള്‍ നിത്യവും ചെയ്യുന്നത് ഡിമെന്‍ഷ്യയെ ഒരു പരിധി വരെ തടുക്കാന്‍ സഹായിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ പുറത്തിറക്കിയ ജേണലിലാണ് ഇക്കാര്യം പറയുന്നത്. 

നിത്യ ജീവിതത്തില്‍ സൈക്ലിങ്  ഭാഗമാക്കിയവരുടെ ഹൃദയാരോഗ്യം മെച്ചപ്പെടുകയും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങള്‍ സജീവമാവുകയും ചെയ്യും. മധ്യവയസില്‍ സൈക്കിള്‍ ചവിട്ടുന്നവര്‍ക്ക് പിന്നീട് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കുറവാണ് എന്നാണ് പഠനം പറയുന്നത്. ആഴ്ചയില്‍ കുറച്ച് പ്രാവശ്യം മാത്രം സൈക്ലിങിന് പോകുന്നവരിലും കാര്യമായ വ്യത്യാസം കാണാന്‍ സാധിക്കും. 

40-69 വയസ് പ്രായമുള്ളവര്‍ക്കിടയില്‍ നടത്തിയ പഠനം ഏകദേശം അഞ്ച് ലക്ഷം ആളുകളെ ഉള്‍പ്പെടുത്തിയിരുന്നു. സ്ഥിരമായി സൈക്കിള്‍ ചവിട്ടുന്നവരില്‍ ഡിമെന്‍ഷ്യയുടെ സാധ്യത പത്തൊമ്പത് ശതമാനമായും. അല്‍സ്‌ഹൈമേഴ്‌സിനുള്ള സാധ്യത ഇരുപത്തിരണ്ട് ശതമാനമായും കുറഞ്ഞു.

എല്ലാ പ്രായത്തിലുള്ള ആളുകള്‍ക്കും ആസ്വദിക്കാവുന്ന ഒരു വ്യായാമമാണ് സൈക്ലിങ്. മറവിരോഗത്തെ പ്രതിരോധിക്കാന്‍ മാത്രമല്ല പേശികളുടെ ബലം വര്‍ധിപ്പിക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും തലച്ചോറിലേക്കുള്ള രക്തയോട്ടം കൂട്ടാനും സൈക്ലിങ് സഹായിക്കും. ഉത്കണ്ഠ, വിഷാദം എന്നിവയുടെ ലക്ഷണങ്ങള്‍ കുറച്ച് മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം നിലവില്‍ ആഗോളതലത്തില്‍ 55 ദശലക്ഷം ആളുകളെ മറവിരോഗം അഥവാ ഡിമെന്‍ഷ്യ ബാധിക്കുന്നുണ്ട്. 60-65 വയസിന് ശേഷം നാഡീകോശങ്ങളില്‍ സംഭവിക്കുന്ന അപചയത്തിന്റെ ഭാഗമായാണ് പൊതുവില്‍ മറവിരോഗങ്ങള്‍ കണ്ടുവരുന്നത്.