രീരഭാരം കുറയ്ക്കാനുള്ള നെട്ടോട്ടത്തിലാണ് പലരും. എന്നാൽ, ശരീരഭാരം കുറയ്ക്കല്‍ എല്ലായ്പ്പോഴും ആരോഗ്യകരമായിക്കൊള്ളണമെന്നില്ല. അതിന് പിന്നില്‍ മറഞ്ഞിരിക്കുന്ന ചില അപകടങ്ങളുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ശരീരഭാരം കുറയ്ക്കുന്നത് ഹൃദയസംബന്ധമായ അസുഖമുള്ള വ്യക്തികള്‍ക്ക്, ശരീരഭാരത്തിലെ ഏറ്റക്കുറച്ചിലുകള്‍ അപകടകരമാണെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. 

To advertise here,

ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റി(ARU)യാണ് പഠനത്തിനുപിന്നില്‍. ശരീരഭാരത്തില്‍ വലിയതോതിലുണ്ടാകുന്ന വ്യത്യാസം ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവരുടെ  മരണനിരക്കിനെ എങ്ങനെ സ്വാധീനിക്കുന്നു എന്നാണ് പഠനം അന്വേഷിച്ചത്. ഇത് ബിഎംജെ ജേണല്‍ ഹാര്‍ട്ടില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

14 വര്‍ഷക്കാലയളവില്‍ യുകെ ബയോബാങ്കില്‍ എന്റോള്‍ ചെയ്ത 8,297 യുകെക്കാരില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് പഠനം നടത്തിയത്. ശരീരഭാരം കുറയ്ക്കല്‍ ആരോഗ്യത്തിന് ഗുണകരമാകുമെന്ന പൊതു ധാരണയെ വെല്ലുവിളിക്കുന്നതാണ് ഈ ഗവേഷണം. 

ആവശ്യമായ ഭാരം ഉള്ളവരെ അപേക്ഷിച്ച് 10 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ളവര്‍ക്ക് ഹൃദയസംബന്ധമായ കാരണങ്ങള്‍കൊണ്ടുള്ള മരണസാധ്യത മൂന്നിരട്ടിയും മറ്റ് കാരണങ്ങള്‍ കൊണ്ടുള്ള മരണസാധ്യത രണ്ടിരട്ടിയുമാണെന്ന് പഠനത്തില്‍ പറയുന്നു. എന്നാല്‍, 10 കിലോഗ്രാമില്‍ കൂടുതല്‍ ഭാരം കുറച്ചവര്‍ക്ക് ഏതെങ്കിലും കാരണത്താല്‍ മരണപ്പെടാനുള്ള സാധ്യത 54% കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. ഉയര്‍ന്ന ബിഎംഐ, പുകവലി, മദ്യപാനം എന്നിവ ചെറുപ്പക്കാരില്‍ ശരീരഭാരം വര്‍ധിപ്പിക്കാനുള്ള സാധ്യത കൂട്ടുന്നതായി കണ്ടെത്തി.  

അമിതവണ്ണമുള്ളവരോട് ശരീരഭാരം കുറയ്ക്കാന്‍ പറയാറുണ്ടെങ്കിലും, ശരീരഭാരത്തിലെ ദ്രുതഗതിയിലോ തീവ്രമായതോ ആയ മാറ്റങ്ങള്‍ ദോഷകരമാകുമെന്നാണ് ഈ പഠനം സൂചിപ്പിക്കുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവര്‍ക്ക് അതിന് സാധ്യത കൂടുതലാണ്. ശരീരഭാരം പെട്ടെന്ന് കുറയുന്നത് പേശികളുടെ മാസ് കുറയുന്നതിനോ പോഷകക്കുറവിനോ മെറ്റബോളിക് സ്‌ട്രെസ്സിനോ കാരണമാകുമെന്ന് ഗവേഷകര്‍ പറയുന്നു. ഇത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. 

അമിതമായ ഭക്ഷണക്രമീകരണത്തിന് പകരം, സമീകൃത പോഷകാഹാരം, പതിവ് ശാരീരിക പ്രവര്‍ത്തനങ്ങള്‍, തുടര്‍ച്ചയായ മെഡിക്കല്‍ പരിശോധന എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്ന ജീവിതശൈലി നിലനിര്‍ത്താനാണ് വിദഗ്ധര്‍ പറയുന്നത്. ഹൃദയസംബന്ധമായ അസുഖമുള്ള വ്യക്തികള്‍ക്ക്, ഈ സ്ഥിരത അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.