കണ്ണൂർ: നായയോ പൂച്ചയോ മറ്റേതെങ്കിലും മൃഗങ്ങളോ കടിക്കുകയോ മാന്തുകയോ ചെയ്താൽ മുറിവ് സാരമുള്ളതല്ലെങ്കിൽ കൂടി അവഗണിക്കരുത്. പ്രഥമശുശ്രൂഷയും ചികിത്സയും പ്രധാനമാണ്. ചെറിയ പോറലാണെങ്കിൽ പോലും പ്രഥമശുശൂഷയ്ക്ക് ശേഷം എത്രയും വേഗം ചികിത്സ തേടണം. പേവിഷബാധ പ്രതിരോധത്തിൽ ഏറ്റവും നിർണായകം കൃത്യസമയത്ത് സ്വീകരിക്കുന്ന വാക്സിനേഷനാണ്.
രോഗം ബാധിച്ച മൃഗം കടിക്കുന്നതിലൂടെയാണ് പ്രധാനമായും മനുഷ്യരിൽ റാബീസ് ഉണ്ടാകുന്നത്. പൂച്ച, കുരങ്ങ്, അണ്ണാൻ, കീരി, കുറുനരി, ആടുമാടുകൾ എന്നിവയിലൂടെയും രോഗം ബാധിക്കാം. നായ നക്കിയാലും ചെറുമുറിവുള്ള ചർമത്തിലൂടെയും കട്ടികുറഞ്ഞ ശ്ലേഷ്മസ്തരത്തിലൂടെയും വൈറസ് ശരീരത്തിൽ കടക്കാം.
മുറിവിനു കൃത്യമായ ചികിത്സ നൽകുക എന്നത് പേവിഷബാധ പ്രതിരോധത്തിൽ പ്രധാനമാണ്. മുറിവേറ്റ ഭാഗം എത്രയുംവേഗം സോപ്പുപയോഗിച്ച് ധാരയായി ഒഴുകുന്ന വെള്ളത്തിൽ 15 മിനിറ്റ് കഴുകണം. ഇതുവഴി രോഗസാധ്യത 80 ശതമാനംവരെ കുറയ്ക്കാം. മുറിവിൽ പുരണ്ട ഉമിനീരിൽ മറഞ്ഞിരിക്കുന്ന വൈറസുകളെ നിർവീര്യമാക്കാനാണ് ഇങ്ങനെ കഴുകുന്നത്. വെറും കൈകൊണ്ട് മുറിവിൽ സ്പർശിക്കരുത്. കൈയിൽ മുറിവുകൾ ഉണ്ടെങ്കിൽ വൈറസ് പകരാനിടയാക്കും.
കഴുകിയതിനുശേഷം മുറിവിൽ അയഡിൻ കലർന്ന ആന്റിസെപ്റ്റിക് ലേപനങ്ങൾ പുരട്ടാം. മുറിവിന് പുറത്ത് മറ്റ് വസ്തുക്കൾ ചൂടാക്കി വയ്ക്കുകയോ മറ്റ് ലേപനങ്ങൾ പുരട്ടുകയോ ചെയ്യരുത്. വൈകാതെ ആസ്പത്രിയിൽ ചികിത്സ തേടുക.
വാക്സിനേഷൻ എങ്ങനെ?
വാക്സിനേഷനാണ് പേവിഷബാധ പ്രതിരോധിക്കാനുള്ള ഏകമാർഗം. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിനെടുക്കാം. മുറിവിന്റെ തീവ്രതയനുസപിച്ച് ഇൻട്രാ ഡെർമൽ റാബിസ് വാക്സിൻ( ഐഡിആർവി), ആന്റി റാബീസ് സീറമോ(എആർഎസ്) അല്ലെങ്കിൽ ഹ്യൂമൺ റാബീസ് ഇമ്യൂണോഗ്ലോബുലിനോ കുത്തിവെക്കുകയാണ് ചെയ്യുക. 0,3,7, 28 ദിവസങ്ങളിൽ നാല് ഡോസ് വാക്സിനാണ് വേണ്ടത്. കടിയേറ്റ ദിവസം എടുക്കുന്ന വാക്സിനാണ് 0 ഡോസ്. മുഴുവൻ ഡോസും കൃത്യമായി പൂർത്തിയാക്കണം. സർക്കാർ ആസ്പത്രികളിൽ ഐഡിആർവി സൗജന്യമായി ലഭ്യമാണ്.
വൈറസിനെ വേഗത്തിൽ പ്രതിരോധിക്കാനുള്ള കഴിവ് ആന്റി റാബീസ് സീറം, ഇമ്യൂണോഗ്ലോബുലിൻ എന്നിവയ്ക്കുണ്ട്. ആന്റിറാബീസ് വാക്സിൻ ശരീരത്തിൽ പ്രവർത്തിച്ച് പ്രതിരോധ ആന്റിബോഡികൾ ഉണ്ടായി വരാനെടുക്കുന്ന കാലയളവിൽ ഇവ സുരക്ഷ ഉറക്കാപ്പാക്കും.
ചെറിയ കുട്ടികളെ വളർത്തുമൃഗങ്ങളോ മറ്റോ മാന്തുകയോ കടിക്കുകയോ ചെയ്താൽ അക്കാര്യം രക്ഷിതാക്കളോട് പറയാൻ പറയണം. കുട്ടികൾ മൃഗങ്ങളുമായി ഇടപഴകുന്ന ശീലം പരമാവധി കുറയ്ക്കണം.
Content Highlights: Rabies Prevention: First Aid & Vaccination
Published: 21 Mar 2025, 10:26 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented