പുകയില ഉത്പന്നങ്ങൾ ഉപേക്ഷിക്കുന്നത് കാൻസർ, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുൾപ്പെടെ പല ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യതയും കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നുണ്ട്. ഇപ്പോഴിതാ പുകവലി നിർത്തുന്നത് ഡിമെൻഷ്യ സാധ്യതയും കുറയ്ക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.
25 വർഷത്തോളം കാലം അമേരിക്കയിലെ 32,000-ൽ അധികം മുതിർന്നവരെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്. പുകവലിക്കുന്ന ശീലം, പുകവലി നിർത്തിയതിന് ശേഷമുള്ള ശരീരഭാരത്തിലെ മാറ്റങ്ങൾ, എന്നിവയും വൈജ്ഞാനിക ആരോഗ്യവും തമ്മിലുള്ള ബന്ധം പരിശോധിക്കുകയായിരുന്നു പഠനത്തിൻ്റെ ലക്ഷ്യം. തുടർന്നാണ് പുകവലി നിർത്തുന്നത് ഡിമെൻഷ്യ സാധ്യത കുറയ്ക്കുമെന്ന് ഗവേഷകർ കണ്ടെത്തിയത്.
ന്യൂറോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. യു.എസിലെ ഹെൽത്ത് ആൻഡ് റിട്ടയർമെൻ്റ് സ്റ്റഡിയിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് പഠനം നടത്തിയത്. പഠനം ആരംഭിക്കുമ്പോൾ ഡിമെൻഷ്യ ഇല്ലാതിരുന്ന 32,802 മുതിർന്നവരെ വിശകലനത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.
ഏകദേശം 10 വർഷത്തെ കാലയളവിൽ പഠനത്തിൽ പങ്കാളികളായവരുടെ പുകവലിക്കുന്ന ശീലം, ശരീരഭാരം, ജീവിതശൈലി, മെഡിക്കൽ ഹിസ്റ്ററി എന്നിവയെക്കുറിച്ചെല്ലാം നിരീക്ഷിച്ചു. പഠനത്തിൽ പങ്കെടുത്തവരെ മൂന്ന് വിഭാഗമായി തിരിച്ചിരുന്നു. നിലവിൽ പുകവലിക്കുന്നവർ, മുൻപ് പുകവലിച്ചിരുന്നവർ, ഒരിക്കലും പുകവലിക്കാത്തവർ എന്നിങ്ങനെയായിരുന്നു അത്. ശേഷം പുകവലി നിർത്തിയതിന് ശേഷമുള്ള ശരീരഭാരത്തിലെ മാറ്റങ്ങൾ മാറിയതിനൊപ്പം വൈജ്ഞാനിക പ്രവർത്തനങ്ങളിൽ എങ്ങനെ മാറ്റംവരുത്തിയെന്നും പരിശോധിച്ചു. ഇതിനായി
വാക്കുകൾ ഓർത്തെടുക്കുക, പിന്നോട്ട് എണ്ണുക, തുടർച്ചയായി കുറയ്ക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാനാണ് പറഞ്ഞത്.
തുടർന്നാണ് പുകവലി തുടർന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ, പഠന കാലയളവിൽ പുകവലി നിർത്തിയവരിൽ ഡിമെൻഷ്യ വരാനുള്ള സാധ്യത 16% കുറവായിരുന്നുവെന്ന് കണ്ടെത്തിയത്. പഠനം ആരംഭിക്കുന്നതിന് മുമ്പ് പുകവലി നിർത്തിയവർക്കും ഡിമെൻഷ്യ സാധ്യത കുറവായിരുന്നു.
പുകവലി നിർത്തുന്നതിൻ്റെ ഗുണങ്ങൾ കാലക്രമേണ വർധിക്കുന്നതായും ഗവേഷകർ കണ്ടെത്തി. ആളുകൾ എത്രത്തോളം കാലം പുകവലിക്കാതിരിക്കുന്നുവോ അത്രത്തോളം ഡിമെൻഷ്യ സാധ്യതയും ക്രമാതീതമായി കുറഞ്ഞു. പുകവലി രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും വീക്കം, ഓക്സിഡേറ്റീവ് സ്ട്രെസ് എന്നിവയുൾപ്പെടെയുണ്ടാവുകയും അതുവഴി മസ്തിഷ്കാരോഗ്യം തകരാറിലാവുകയും ചെയ്യുമെന്നാണ് ഗവേഷകർ കരുതുന്നത്.
എന്താണ് ഡിമെൻഷ്യ?
ലോകത്താകമാനം 55 ദശലക്ഷം ആളുകളാണ് ഡിമെൻഷ്യാബാധിതരായി ജീവിക്കുന്നത്. എല്ലാ വർഷവും 10 ദശലക്ഷം പുതിയ ഡിമെൻഷ്യ കേസുകൾ ഉണ്ടാകുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തിരുന്നു. ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതലുള്ള ഡിമെൻഷ്യ രോഗങ്ങളിലൊന്നാണ് അൽസ്ഹൈമേഴ്സ് രോഗം. ഡിമെൻഷ്യയിലെ ഏതാണ് 60-70 ശതമാനവും അൽസ്ഹൈമേഴ്സ് ആണ്.
ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുന്ന അവസ്ഥയെയാണ് ഡിമെൻഷ്യ എന്ന് പൊതുവായി ദി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വിശേഷിപ്പിക്കുന്നത്. ഈ രോഗത്തിന് ശാരീരികവും മാനസികയും സാമൂഹികവും സാമ്പത്തികപരവുമായ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടെന്ന് ലോകാരോഗ്യസംഘടന സൂചിപ്പിക്കുന്നു. ഇത് രോഗികളിൽ മാത്രമല്ല, രോഗികളെ പരിചരിക്കുന്നവർ, കുടുംബങ്ങൾ, സമൂഹം എന്നിവരെയും ഇത് ബാധിക്കുന്നുണ്ട്.
ഓർമക്കുറവ്, ശ്രദ്ധിക്കാനാവാത്ത അവസ്ഥ, ആശയവിനിമയ പ്രശ്‌നങ്ങൾ, ചിന്താശേഷിയിലെ കുറവ്, തീരുമാനങ്ങളെടുക്കാനുള്ള കഴിവ് കുറയുന്നത്, പ്രശ്‌നപരിഹാരത്തിനുള്ള കഴിവ് കുറവ്, പരിചിതമായ പരിസരങ്ങൾ മറന്നുപോവുക, പരിചയമുള്ള വസ്തുക്കളെ വിശേഷിപ്പിക്കുവാൻ അപരിചിതമായ വാക്കുകൾ ഉപയോഗിക്കുക, അടുത്ത കുടുംബാംഗങ്ങളുടെ പേരുകൾ മറക്കുക, പഴയ ഓർമകൾ മായുക, സ്വതന്ത്രമായി ഒരു കാര്യവും ചെയ്യാൻ സാധിക്കാത്ത അവസ്ഥ തുടങ്ങി പലതരം ലക്ഷണങ്ങൾ ഡിമെൻഷ്യ ബാധിതരിൽ കാണാനാവുമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കിയ പട്ടികയിൽ പറയുന്നു. ഇത് ഓരോ വ്യക്തിയിലും പ്രത്യേകമായിട്ടായിരിക്കും കാണുക.
Content Highlights: Quitting smoking reduces the risk of dementia by 16%., Long-term smoking cessation leads to greater cognitive benefits., Smoking causes vascular damage and oxidative stress, impacting brain health
Published: 26 May 2026, 09:09 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented