പൊതുസ്ഥലങ്ങളിൽ വായ മൂടാതെ ചുമയ്ക്കുന്നവരും കാർക്കിച്ചു തുപ്പുന്നവരും അറിഞ്ഞോ അറിയാതെയോ ഗുരുതര രോഗങ്ങളുടെ വ്യാപനത്തിന് കാരണക്കാരാണ്. നിസ്സാരമായ പനിമുതൽ ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയം(ടി.ബി.) വരെ തുപ്പലിലൂടെ പകരും. ഇൻഫ്ലുവൻസ വൈറസുകൾ, കോവിഡ് എന്നിവയും വായുവിലൂടെ പകരുന്ന പ്രധാന രോഗങ്ങളാണ്.

To advertise here,

വ്യാപനം ഇങ്ങനെ

രോഗബാധിതനായ വ്യക്തി പൊതുസ്ഥലത്ത് വായ മൂടാതെ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും കാർക്കിച്ചു തുപ്പുമ്പോഴും രോഗാണുക്കൾ അടങ്ങിയിരിക്കുന്ന ചെറിയ കണികകൾ അന്തരീക്ഷത്തിലേക്കു തെറിക്കും. സമീപത്തു നിൽക്കുന്നവർ ഈ കണികകൾ ശ്വസിക്കുമ്പോൾ രോഗാണു അവരുടെ ശരീരത്തിൽ പ്രവേശിക്കുന്നു. ശരീരത്തിനുള്ളിൽ ഇവ പെരുകുന്നതോടെ രോഗബാധിതരാവും. പൊതുസ്ഥലത്ത് കാർക്കിച്ചു തുപ്പിയതിൽനിന്നുള്ള ജലാംശം നഷ്ടമാവുമ്പോഴും രോഗാണു അന്തരീക്ഷത്തിലേക്കുയരും. ഇത് ശ്വസിക്കുമ്പോഴും രോഗവ്യാപനം ഉണ്ടാവുന്നു.

പേടിക്കണം ടി.ബി.യെ

വായുവിലൂടെ പകരുന്ന പ്രധാന രോഗമാണ് ടി.ബി. സംസ്ഥാനത്ത് ലക്ഷത്തിൽ 115 പേർ ടി.ബി. ബാധിതരാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ 2021-ലെ പഠനം പറയുന്നു. രാജ്യത്ത് ഇത് ലക്ഷത്തിൽ 312 ആണ്. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് സംസ്ഥാനത്തേത്. കഴിഞ്ഞവർഷം സംസ്ഥാനത്ത് 19,471 പേർ രോഗബാധിതരായി ചികിത്സ തേടിയപ്പോൾ കണ്ണൂർ ജില്ലയിൽ 1433 പേർ ചികിത്സ തേടിയെന്ന് നിക്ഷയ് പോർട്ടലിലെ കണക്ക് പറയുന്നു. ടി.ബി. മൂലം സംസ്ഥാനത്ത് കഴിഞ്ഞവർഷം മരിച്ചത് 1838 പേരാണ്. ജില്ലയിൽ 142 പേരും. ടി.ബി.ക്കെതിരെ സാധാരണയായി നൽകുന്ന മരുന്നുകളോടു പ്രതികരിക്കാത്ത മൾട്ടി ഡ്രഗ് റെസിസ്റ്റന്റ് ടി.ബി.(എം.ഡി.ആർ.) കേസുകൾ സംസ്ഥാനത്ത് 154 ആണ്. ജില്ലയിൽ 12.

പൊതുസ്ഥലത്ത് ശുചിത്വം പാലിക്കണം

2015 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ രാജ്യത്ത് ടി.ബി. ബാധിതർ കുറയുന്നുണ്ട്. പൊതുസ്ഥലത്ത്‌ ചുമ മര്യാദകൾ പാലിക്കണം. ടി.ബി.യുടെയും വായുവിലൂടെ പകരുന്ന മറ്റു പകർച്ചവ്യാധികളുടെയും വ്യാപനം കുറയ്ക്കാൻ പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ടു മുഖം മറയ്ക്കുക. രോഗബാധിതർ പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക.

ഡോ. രചന ശ്രീധരൻ

കൺസൾട്ടന്റ്, കണ്ണൂർ ജില്ല ടി.ബി. സെന്റർ

പൊതുവിടങ്ങളിൽ തുപ്പുന്ന ശീലം എങ്ങനെ മാറ്റാം? വായനക്കാരുടെ വിലയേറിയ അഭിപ്രായങ്ങൾ മാതൃഭൂമി തേടുന്നു. തിരഞ്ഞെടുത്തവ പ്രസിദ്ധീകരിക്കും. അഭിപ്രായങ്ങൾക്കൊപ്പം കൃത്യമായ വിലാസവും ഫോൺ നമ്പറും രേഖപ്പെടുത്താൻ മറക്കരുത്.

വിലാസം: mbireaderspoint@gmail.com