ഇരുപതുകളിലും മുപ്പതുകളിലുമൊക്കെ നരച്ചുതുടങ്ങുന്നവർ നിരവധിയുണ്ട്. പ്രായമാകുന്നതിനൊപ്പമുള്ള സ്വാഭാവിക നരയ്ക്കു പകരമെത്തുന്ന ഈ അകാലനരയ്ക്ക് ചില കാരണങ്ങളുമുണ്ട്. അതേക്കുറിച്ച് സാമൂഹികമാധ്യമത്തിലൂടെ പങ്കുവെക്കുകയാണ് ശ്രാദ്ധേയ് കാട്ടിയാർ എന്ന ഡോക്ടർ. കൗമാരത്തിലും ഇരുപതുകൾക്കും മുമ്പേ എത്തുന്ന നരയ്ക്കുപിന്നിലെ എട്ട് കാരണങ്ങളാണ് ഡോക്ടർ പങ്കുവെച്ചിരിക്കുന്നത്.
1. ജനിതകം
മാതാപിതാക്കൾക്കോ, അല്ലെങ്കിൽ അവരുടെ മാതാപിതാക്കൾക്കോ ഒക്കെ നേരത്തേ മുടി നരച്ചിട്ടുണ്ടെങ്കിൽ മക്കൾക്കും കൊച്ചുമക്കൾക്കുമൊക്കെ അകാലനരയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ഡോക്ടർ പറയുന്നു.
2. പോഷകക്കുറവ്
പോഷകാഹാരക്കുറവാണ് അകാലനരയ്ക്ക് പിന്നിലെ രണ്ടാമത്തെ കാരണമായി ഡോക്ടർ ചൂണ്ടിക്കാട്ടുന്നത്. വിറ്റാമിൻ ബി12, അയേൺ, കോപ്പർ, സിങ്ക് എന്നിവയുടെ കുറവ് ഹെയർ ഫോളിക്കുകളിൽ മെലാനിൻ ഉത്പാദനത്തെ തടസ്സപ്പെടുത്തുകയും മുടി നരച്ചുതുടങ്ങുകയും ചെയ്യും.
3. ഉറക്കക്കുറവ്
ഉറക്കം കുറയുന്നതും മുടി നരയ്ക്കുന്നതിന്റെ ആക്കം കൂട്ടുന്ന ഘടകമാണ്. രാത്രികാലങ്ങളിൽ സമയത്തിന് ഉറങ്ങാതിരിക്കുന്നത് മെലാടോണിൻ ഉത്പാദനത്തെ തടസ്സപ്പെടുത്തും. ഇതും മുടി നേരത്തേ നരയ്ക്കാൻ കാരണമാകും.
4. സമ്മർദം
വിട്ടുമാറാത്ത സമ്മർദം കോർട്ടിസോൾ നില വർധിപ്പിക്കുകയും ഇത് മെലനോസൈറ്റ് സ്റ്റെം സെല്ലുകളെ ബാധിക്കുകയും ചെയ്യും. ക്രമേണ മുടിയുടെ കറുത്തനിറം നഷ്ടമാവുകയും നരബാധിക്കുകയും ചെയ്യും.
5. ജങ്ക് ഫുഡ്
മധുരം കൂടിയ, സംസ്കരിച്ച ഭക്ഷണങ്ങളും പ്രോട്ടീൻ കുറഞ്ഞതും പോഷകം കുറഞ്ഞതുമായ ഭക്ഷണങ്ങളുമൊക്കെ കഴിക്കുന്നതും അകാലനരയ്ക്ക് കാരണമാകുമെന്ന് ഡോക്ടർ കുറിക്കുന്നു.
6. തൈറോയ്‍ഡ് അസന്തുലിതാവസ്ഥ
തൈറോയ്ഡ് ഹോർമോൺ തകരാർ മൂലമുണ്ടാവുന്ന ഹൈപ്പോ തൈറോയ്ഡിസവും ഹൈപ്പർതൈറോയ്ഡിസവും അകാലനര സാധ്യത കൂട്ടും.
7. ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ
ചിലതരം ഓട്ടോഇമ്മ്യൂൺ രോഗങ്ങളും അകാലനര സാധ്യത കൂട്ടും. വിറ്റിലിഗോ, ഓട്ടോഇമ്മ്യൂൺ തൈറോയ്ഡ് ഡിസീസ് തുടങ്ങിയവയുള്ളവരിൽ നര വരാൻ സാധ്യതയുണ്ട്. പെട്ടെന്ന് നര പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം.
8. പുകവലി
പുകവലിയും അകാലനരസാധ്യത കൂട്ടുന്ന ഘടകമാണ്. പുകവലി രക്തധമനികളെ സങ്കോചിപ്പിക്കുകയും ഹെയർഫോളിക്കിളുകളിലേക്കുള്ള രക്തചംക്രമണം കുറയ്ക്കുകയും ചെയ്യും. കൂടാതെ സിഗരറ്റിലും മറ്റുമുള്ള ടോക്സിനുകൾ ഹെയർഫോളിക്കിളുകളെ ബാധിക്കും. ഇതെല്ലാം മുടി നരയ്ക്കാനും കൊഴിയാനും കാരണമാകും.
നരച്ച മുടി പറിച്ചുമാറ്റുന്നതിലൂടെ കൂടുതൽ നരച്ചമുടി വരില്ലെന്നും പക്ഷേ ഒരിക്കൽ നരച്ചമുടിയെ വീണ്ടും പഴയപടി ആക്കുക സാധ്യമല്ലെന്നും ഡോക്ടർ പറയുന്നു.
വിറ്റാമിൻ ബി12, ഫെറിടിൻ, ടിഎസ്എച്ച് തുടങ്ങിയവ പരിശോധിക്കുക, പ്രോട്ടീൻ സമ്പന്നമായ ഭക്ഷണം കഴിക്കുക, ഉറക്കം ശരിയാക്കുക, സമ്മർദം കുറയ്ക്കുക തുടങ്ങിയവ അകാലനരയെ പ്രതിരോധിക്കുന്നതിൽ പ്രധാനമാണെന്നും ഡോക്ടർ പറയുന്നുണ്ട്.
കൗമാരകാലത്ത് നര കാണുന്നുണ്ടെങ്കിൽ അതൊരു സൗന്ദര്യസംബന്ധമായ പ്രശ്നമല്ല മറിച്ച് ഒരു സിഗ്നലാണെന്നും അത് അവഗണിക്കുകവഴി വലിയ പ്രശ്നങ്ങൾ വരാമെന്നും ഡോക്ടർ കൂട്ടിച്ചേർക്കുന്നു.
മുടിയുടെ ആരോഗ്യം കാക്കാൻ ചില ടിപ്സ്
- ദഹനശേഷി മെച്ചപ്പെടുത്തുക. അതനുസരിച്ച് ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, പാൽ, മോര്, നെല്ലിയ്ക്കാ, ഇലക്കറികൾ, ഏത്തയ്ക്കാ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. എള്ളിന്റെ ഉപയോഗവും പ്രയോജനപ്രദമാണ്. പട്ടിണി കിടക്കുക, ആഹാരം അമിതമായി നിയന്ത്രിക്കുക എന്നീ കാര്യങ്ങൾ ഒഴിവാക്കുക. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശീലമാക്കുക. വറുത്തതും പൊരിച്ചതും ഒഴിവാക്കാം. കട്ടൻചായ, കട്ടൻകാപ്പി തുടങ്ങിയവയുടെ അമിതോപയോഗം ഒഴിവാക്കുക.
- മുടിയുടെ ആരോഗ്യപരിപാലനത്തിൽ വ്യായാമം ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. അവനവന്റെ ശരീരബലമനുസരിച്ചുള്ള വ്യായാമരീതി ശീലമാക്കുക. അങ്ങനെ പതിവായി ചെയ്യുന്ന വ്യായാമം പോലെ തന്നെ പ്രധാനമാണ് ശരിയായ ഉറക്കവും.
- മുടിയുടെ ആരോഗ്യത്തിനും ശുചിത്വം കാത്തുസൂക്ഷിക്കുന്നതിലും ചില കരുതലുകൾ ആവശ്യമാണ്. തല കഴുകിയുടനെ തന്നെ ഇറുകിയ വിധത്തിൽ കെട്ടിവയ്ക്കാതിരിക്കുക. തലമുടി ഉണങ്ങാൻ മറ്റുപാധികൾ സ്വീകരിക്കാതിരിക്കുക. അനാരോഗ്യകരമായ രാസവസ്തുക്കളടങ്ങിയ ജെല്ലുകളോ മറ്റുത്‌പന്നങ്ങളോ ഉപയോഗിക്കുന്നവരാണെങ്കിൽ അവ ഒഴിവാക്കുക.
- എണ്ണ മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല അകാലനര ഒഴിവാക്കാനും സഹായിക്കുന്നതാണ്. ആഴ്ചയിൽ രണ്ടുദിവസമെങ്കിലും തലയോട്ടിയിൽ എല്ലായിടവും വിരലുകൾ കൊണ്ട് നന്നായി എണ്ണ തേച്ചുപിടിപ്പിച്ച് അരമണിക്കൂർ കഴിയുമ്പോൾ കഴുകികളയുക. ശീലമുള്ള എണ്ണ ഏതാണോ അതുതന്നെ ഉപയോഗിക്കുക. അല്ലെങ്കിൽ വെളിച്ചെണ്ണയോ ചെമ്പരത്തിയിട്ട് കാച്ചിയ വെളിച്ചെണ്ണയോ ആവാം.
- തലയിൽ താരൻ, ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ അതിനനുസരിച്ച് വൈദ്യസേവനം തേടുക.
- ഹെൽമറ്റ് സ്ഥിരമായി ഉപയോഗിക്കുന്നവരാണെങ്കിൽ ഹെൽമറ്റ് ധരിക്കുന്നതിനുമുൻപ് കോട്ടൺതുണി ഉപയോഗിച്ച് മുടി മൂടിവയ്ക്കുക.
- മാനസികാരോഗ്യം മെച്ചപ്പെടുത്തുക. അനാവശ്യചിന്ത ഒഴിവാക്കി ശ്വസനവ്യായാമങ്ങൾ, യോഗ, ധ്യാനം തുടങ്ങിയവ ചെയ്യുക. ചിത്രരചന, വായന, എഴുതുക അല്ലെങ്കിൽ അതുപോലെ മറ്റെന്തെങ്കിലും സർഗ്ഗാത്മകവും താത്‌പര്യവുമുള്ള വിഷയങ്ങളിലേക്ക് ശ്രദ്ധ മാറ്റുക.
- അമിതമായ മുടികൊഴിച്ചിൽ ഉള്ളവർ ഡോക്ടറിനോട് തങ്ങളുടെ ആരോഗ്യസ്ഥിതി ധരിപ്പിച്ച് അതിനനുസരിച്ചുള്ള ചികിത്സ സ്വീകരിക്കാൻ ശ്രദ്ധിക്കുക.
Content Highlights: Causes of premature grey hair in your 20s & 30s, from genetics to lifestyle. L
Published: 17 Dec 2025, 12:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented