മുഖക്കുരു മൂലം പ്രശ്നം നേരിടുന്നവർ നിരവധിയുണ്ട്. ഹോർമോൺ അസന്തുലിതാവസ്ഥയും ഭക്ഷണശീലവുമൊക്കെ മുഖക്കുരുവിന്റെ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. കാഴ്ചയിൽ വലിയ പ്രശ്നക്കാരല്ലെങ്കിലും മുഖക്കുരുവിന്റെ കാരണംതേടി പരിഹാരം കണ്ടെത്തുന്നത് നല്ലതാണ്. ഇപ്പോഴിതാ ചെറിയൊരു മുഖക്കുരു പിന്നീട് കാൻസറായി മാറിയതിനേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു യുവതി. നെറ്റിയിൽ കണ്ട ചെറിയൊരു തടിപ്പ് മുഖക്കുരുവാണെന്ന് കരുതിയെങ്കിലും തുടർപരിശോധനയിൽ ചർമാർബുദമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
റേച്ചൽ ഒലീവിയ എന്ന മുപ്പത്തിരണ്ടുകാരിയാണ് തന്റെ ദുരനുഭവം പങ്കുവെച്ചിരിക്കുന്നത്. നെറ്റിയിൽ മുഖക്കുരുവിന് സമാനമായ ചുവന്ന തടിപ്പാണ് ആദ്യം പ്രകടമായതെന്ന് ഒലീവിയ പറയുന്നു. ദിവസങ്ങളേറെ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടർന്നപ്പോഴാണ് റേച്ചൽ വിദഗ്ധാഭിപ്രായം തേടിയത്. തുടർന്ന് നടത്തിയ ബയോപ്സിയിലാണ് ചർമാർബുദമാണെന്ന് കണ്ടെത്തിയത്. ഏതാണ്ട് ഒരുവർഷത്തോളം മുഖത്ത് ആ തടിപ്പ് ഉണ്ടായിരുന്നുവെന്നും മാറാതെ നിന്നപ്പോഴാണ് വിദഗ്ധസഹായം തേടിയതെന്നും ഒലീവിയ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു.
മെലനോമ പോലെ ഗുരുതരമായ ചർമാർബുദമല്ലെങ്കിലും കാൻസറാണെന്ന സ്ഥിരീകരണം തന്നെ ഞെട്ടിച്ചിരുന്നുവെന്നും ഒലീവിയ പറയുന്നു. നിലവിൽ ബേസൽ സെൽ കാർസിനോമയ്ക്കുള്ള ചികിത്സയിലാണ് ഒലീവിയ.
എന്താണ് ബേസൽ സെൽ കാർസിനോമ?
ചർമത്തെ ബാധിക്കുന്ന കാൻസറാണിത്. ചർമത്തിലെ പഴയ കോശങ്ങൾ നശിക്കുന്ന മുറയ്ക്ക് പുതിയവ ഉത്പാദിപ്പിക്കുന്ന ഒരുതരം കോശമാണ് ബേസൽ സെൽ. ചർമത്തിൽ ചെറിയൊരു വീക്കമായാണ് പലപ്പോഴും ഇവ പ്രത്യക്ഷപ്പെടുക. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന തല, കഴുത്ത് തുടങ്ങിയ ഭാഗങ്ങളിലാണ് ബേസൽ സെൽ കാർസിനോമ കൂടുതലും ബാധിക്കുക. അൾട്രാവയലറ്റ് റേഡിയേഷന് ഏറെനേരം വിധേയമാകുന്നതു വഴിയാണ് രോഗസാധ്യത വർധിക്കുന്നത്. ചർമത്തിലെ ബേസൽ സെല്ലുകളുടെ ഡിഎൻഎയിൽ വ്യതിയാനം സംഭവിക്കുന്നതാണ് കാൻസറിലേക്ക് വഴിവെക്കുന്നത്.
ലക്ഷണങ്ങൾ
ചർമത്തിലുണ്ടാകുന്ന മാറ്റങ്ങളിൽ നിന്ന് രോഗലക്ഷണങ്ങൾ പ്രകടമാകും. ചർമത്തിലെ വീക്കമോ ഏറെ നാളായിട്ടും ഉണങ്ങാത്ത മുറിവോ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം. പിങ്ക് നിറത്തിലോ പേളീ വൈറ്റ് നിറത്തിലോ ആവും വീക്കം പ്രകടമാവുക. ഇരുണ്ട ചർമക്കാരിൽ ബ്രൗൺ നിറത്തിലോ ഗ്ലോസി ബ്ലാക്ക് നിറത്തിലോ ആയിരിക്കും. വീക്കത്തിൽ നിന്ന് ചിലപ്പോൾ രക്തസ്രാവവും കണ്ടേക്കാം. കറുപ്പ്, ബ്രൗൺ, നീല നിറങ്ങളിലുള്ള ക്ഷതത്തിന്റെ പാടുകൾ തുടങ്ങിയവയൊക്കെ ശ്രദ്ധിക്കേണ്ടതാണ്.
അപകടസാധ്യതകൾ
ഏറെ നേരം വെയിൽ ഏൽക്കുന്നത് രോഗസാധ്യത വർധിപ്പിക്കും. വെളുത്ത ചർമക്കാരിൽ ഈ കാൻസറിനുള്ള സാധ്യത കൂടുതലാണ്. നേരത്തേ ബേസൽ സെൽ കാർസിനോമ വന്നവരിൽ വീണ്ടും വരാനുള്ള സാധ്യതയുണ്ട്. കുടുംബാംഗങ്ങൾക്ക് ചർമത്തിൽ കാൻസർ ഉണ്ടെങ്കിലും ബേസൽ സെൽ കാൻസർ വരാനിടയുണ്ട്. രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കുന്ന വിധത്തിലുള്ള മരുന്നുകൾ കഴിക്കുന്നവരിലും ഈ കാൻസർ സാധ്യതയുണ്ട്. ആർസെനിക് എന്ന കെമിക്കലുമായി ഇടപഴകുന്നവരിലും രോഗസാധ്യതയുണ്ട്. ഒപ്പം അപൂർവമായ ചില ജനിതകരോഗങ്ങളും ബേസൽ സെൽ കാർസിനോമ സാധ്യത കൂട്ടുന്നു.
രോഗം ചികിത്സിച്ചു ഭേദമാക്കിയാലും ഇടയ്ക്കിടെ വരാനിടയുണ്ട് എന്നതും ഒരിക്കൽ ബേസൽ സെൽ കാർസിനോമ വന്നുകഴിഞ്ഞാൽ squamous cell carcinoma പോലുള്ള മറ്റ് ചർമത്തെ ബാധിക്കുന്ന കാൻസറുകൾക്ക് സാധ്യതയുണ്ട് എന്നതും വെല്ലുവിളിയാണ്. വളരെ അപൂർവമായി ബേസൽ സെൽ കാൻസർ എല്ലുകൾ, ശ്വാസകോശം തുടങ്ങി ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കാറുണ്ട്.
പ്രതിരോധം
- കടുത്ത വെയിൽ ഏൽക്കാൻ ഇടയുള്ള സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുക. ജോലിസമയം അതിനനുസരിച്ച് ക്രമീകരിക്കാൻ ശ്രമിക്കുക.
- പുറത്തിറങ്ങുമ്പോൾ സൺസ്ക്രീൻ ക്രീം തേക്കുന്നത് ശീലമാക്കുക. SPF30 എങ്കിലും ഉള്ള സൺസ്ക്രീനുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഓരോ രണ്ടുമണിക്കൂറിനിടയിലും അവ പുരട്ടാൻ ശ്രദ്ധിക്കുക.
- അമിത വെയിൽ ഏൽക്കാതിരിക്കാൻ തിരഞ്ഞെടുക്കുന്ന വസ്ത്രത്തിലും ശ്രദ്ധ വേണം. കൈകാലുകളും മറ്റും മറഞ്ഞിരിക്കും വിധത്തിൽ അമിത സൂര്യപ്രകാശം ഏൽക്കാത്ത വിധം വസ്ത്രമാണ് ധരിക്കേണ്ടത്.
- ചർമത്തിൽ അസ്വാഭാവികമായ ലക്ഷണങ്ങളും മാറ്റങ്ങളും കണ്ടാലുടൻ വിദഗ്ധ ഉപദേശം തേടുക.
Content Highlights: pimple on forehead turns out to be skin cancer, basal cell carcinoma
Published: 11 Dec 2024, 11:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented