ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ തുടങ്ങിയവ മുമ്പത്തേതിലും നേരത്തേ ചെറുപ്പക്കാരിൽ സ്ഥിരീകരിക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഹെൽത്ത് ഓഫ് നേഷൻ 2026 എന്നപേരിൽ അപ്പോളോ ഹോസ്പിറ്റൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യക്കാരിൽ 30 വയസ്സിനു താഴെയുള്ള 50 ശതമാനം പേരും അമിതവണ്ണമുള്ളവരാണെന്ന് റിപ്പോർട്ട് പറയുന്നു. യുവാക്കളിൽ അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്കുമാണ്. നഗരപ്രദേശങ്ങളിൽ ഇതിന്റെ തോത് കൂടുതലാണ്. നഗരങ്ങളിലെ ഭക്ഷണരീതിയും വ്യായാമം ഇല്ലായ്മയും ദീർഘസമയമുള്ള ജോലിയുമൊക്കെയാണ് പ്രധാന പ്രശ്നങ്ങളായി ചൂണ്ടിക്കാട്ടുന്നത്.
പതിനേഴു ശതമാനം പേർക്ക് ഡയബറ്റിസ്, 19 ശതമാനം പേർക്ക് ഹൈപ്പർടെൻഷൻ, 23 ശതമാനം പേർക്ക് അനീമിയ ലക്ഷണങ്ങൾ തുടങ്ങിയവയും പഠനത്തിന്റെ ഭാഗമായി കണ്ടെത്തി. അഞ്ചിൽ നാലു പേർക്ക് ഹൃദ്രോഗങ്ങൾ സ്ഥിരീകരിക്കുന്നതിന് പിന്നിൽ അമിതവണ്ണമാണ്. ലക്ഷണങ്ങളില്ലാതിരുന്നിട്ടും 45 ശതമാനം പേർ അതിറോസ്ക്ലിറോസിസ് എന്ന രക്തധമനികൾ ചുരുങ്ങുന്ന അവസ്ഥ കണ്ടെത്തി.
യുവാക്കളിലെ അമിതവണ്ണം പ്രധാന ആരോഗ്യപ്രശ്നമായി കണ്ട് വണ്ണം കുറയ്ക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നാണ് റിപ്പോർട്ടിലുള്ളത്. അമിതവണ്ണം കുറയ്ക്കുന്നതിലൂടെ പ്രമേഹം, ഹൃദ്രോഗം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ ഒഴിവാക്കാനാവുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആരോഗ്യകരമായ ശരീരം കാക്കാൻ ചില ടിപ്സ്
- പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക.
- കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് തിരിച്ചറിഞ്ഞു കഴിക്കുക.
- പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക.
- ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക.
- ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം അവസാനിപ്പിക്കുക.
- വ്യയാമം, ഉറക്കം, വെള്ളംകുടി എന്നിവ കൂടി ശരിയായ നിലയിൽ കൊണ്ടുപോകണം. എങ്കിലേ വണ്ണം കുറയ്ക്കൽ വിജയകരമാകൂ.
- ഒരു ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം.
- വറുത്ത പലഹാരങ്ങൾക്ക് പകരം പഴമോ നട്സുകളോ സ്നാക്ക് ആയി കഴിക്കുന്നത് ശീലമാക്കുക.
- പഞ്ചസാരയുടെ അളവ് കുറയ്ക്കാം.
- ഭക്ഷണം സാവധാനം നന്നായി ചവച്ചരച്ച് കഴിക്കണം. അത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
- ടി.വിയോ മൊബൈലോ കണ്ട് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കണം.
Published: 10 Apr 2026, 02:18 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented