ലോകത്ത് ഏറ്റവും സാധാരണമായി കാണുന്ന അർബുദങ്ങളിലൊന്നാണ് ഹെഡ്&നെക്ക് കാൻസറുകൾ. വായ, തൊണ്ട, മൂക്ക് തുടങ്ങിയ ഭാഗങ്ങളെ ബാധിക്കുന്ന ഹെഡ്&നെക്ക് കാൻസറുകളെ പ്രതിരോധിക്കാൻ ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. പൊതുവേ പുകയിലയും മദ്യപാനവുമാണ് ഇത്തരം കാൻസറുകളുടെ സാധ്യത കൂട്ടുന്നതെങ്കിലും ഒരുപരിധിവരെ ഹ്യൂമൻ പാപ്പിലോമ വൈറസും കാരണമാകാറുണ്ട്. അത്തരത്തിലുള്ള അണുബാധകളെ ഒരു ച്യൂയിങ്ഗത്തിലൂടെ പ്രതിരോധിക്കാവുന്നതിനേക്കുറിച്ചാണ് പഠനം.
പെൻസിൽവാനിയ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഹെഡ്&നെക്ക് കാൻസറുകളിലേക്കു നയിക്കുന്ന ദോഷകരമായ വൈറസുകളെയും ബാക്ടീരിയകളെയും കുറയ്ക്കാൻ പ്രാപ്തമായ രീതിയിൽ ച്യൂയിങ്ഗം വികസിപ്പിക്കുകയാണ് ഗവേഷകർ ചെയ്തത്. ലാബ്ലാബ് ബീൻസ് അഥവാ അമര പയർ ഉപയോഗിച്ച് നിർമ്മിച്ച ച്യൂയിങ്ഗം ആണ് വികസിപ്പിച്ചത്. ആൻ്റിവൈറൽ, ആൻ്റി ബാക്ടീരിയൽ ഘടകങ്ങളോടെ, വായിൽ കാണുന്ന ദോഷകരമായ സൂക്ഷ്മാണുക്കളെ ലക്ഷ്യമിടുകയാണ് ച്യൂയിങ്ഗത്തിന്റെ ലക്ഷ്യം. ച്യൂയിങ്ഗം ഉപയോഗിച്ച ഹെഡ്&നെക്ക് കാൻസർ രോഗികളുടെ ഉമിനീരിൽ എച്ച്പിവി വൈറസിന്റെ അളവ് 93ശതമാനം വരെയും വായ കഴുകിയ സാമ്പിളുകളിൽ 80% വരെയും കുറവായിരുന്നുവെന്നു കണ്ടെത്തി. പോർഫിറോമോണാസ് ജിൻജിവാലിസ്, ഫ്യൂസോബാക്ടീരിയം ന്യൂക്ലിയേറ്റം എന്നീ രണ്ട് ദോഷകരമായ ബാക്ടീരിയകളെ പൂർണമായും നീക്കംചെയ്യുന്നതായും കണ്ടെത്തി.
ലൈംഗിക ബന്ധം പോലുള്ള അടുത്ത സമ്പർക്കത്തിലൂടെ പടരുന്ന എച്ച്.പി.വി. ചിലരിൽ സ്വാഭാവികമായി ഭേദമാവുമെങ്കിലും ചിലരിൽ തുടരുകയും കാൻസർ സാധ്യത കൂട്ടുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് എച്ച്.പി.വി., പോർഫിറോമോണാസ് ജിൻജിവാലിസ്, ഫ്യൂസോബാക്ടീരിയം ന്യൂക്ലിയേറ്റം തുടങ്ങിയവയോടു പൊരുതുന്നതിലൂടെ ച്യൂയിങ്ഗം കാൻസർ സാധ്യതയും കുറയ്ക്കുന്നതെന്ന് ഗവേഷകർ പറയുന്നു.
അമരപ്പയറിൽ അടങ്ങിയ ഫ്രിൽ എന്ന ആന്റിവൈറൽ പ്രോട്ടീൻ എച്ച്.പി.വി.ക്ക് എതിരെയും പ്രോട്ടിഗ്രിൻ എന്ന ആൻ്റി മൈക്രോബിയൽ പെപ്റ്റൈഡ് വായിലെ ദോഷകരമായ ബാക്റ്റീയകൾക്കെതിരെയും പ്രവർത്തിക്കും. ച്യൂയിങ്ഗം ചവയ്ക്കുന്നതിലൂടെ ഇവ ഉമിനീരുമായി സമ്പർക്കത്തിലാവും. ഇതുവഴി വൈറസിനും ബാക്റ്റീരിയക്കും എതിരെ പ്രവർത്തിക്കാനാവുമെന്നാണ് ഗവേഷകർ പറയുന്നത്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ ബാധിക്കാതെ തന്നെ ഫലപ്രദമായി കാൻസറിനെ പ്രതിരോധിക്കാനുള്ള മാർഗമാണ് ഇതെന്നും ഗവേഷകർ അവകാശപ്പെടുന്നു.
ശരീരത്തിന് ഗുണംചെയ്യുന്ന ബാക്റ്റീരിയകളെ ഇവ ബാധിക്കില്ലെന്നും ഗവേഷകർ പറയുന്നുണ്ട്. അതേസമയം ഇവ കാൻസറുകളെ ഇല്ലാതാക്കുകയോ, മരുന്നിനും വാക്സിനും പകരമാവുകയോ ചെയ്യുന്നില്ലെന്ന മുന്നറിയിപ്പും ഗവേഷകർ നൽകുന്നുണ്ട്. പകരം കാൻസറിലേക്കുള്ള അപകടസാധ്യത വർധിപ്പിക്കുന്ന സൂക്ഷ്മാണുക്കൾക്കെതിരെ പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. ച്യൂയിങ്ഗം ഉപയോഗിക്കുന്നതിലൂടെ കാൻസർ നിരക്കു കുറയ്ക്കാനാവുമോ എന്നതിൽ കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ടെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
ഹെഡ് ആൻഡ് നെക്ക് കാൻസർ
വായ, തൊണ്ട, സ്വനപേടകം, മൂക്ക്, സൈനസുകൾ, ഉമിനീർ ഗ്രന്ഥികൾ എന്നിവിടങ്ങളിലെ കോശങ്ങളിലുണ്ടാകുന്ന അനിയന്ത്രിതമായ വളർച്ചയാണിത്. ഇന്ത്യയിൽ പുരുഷന്മാരിലാണ് കൂടുതലായി കണ്ടുവരുന്നത്. വായയിലോ, നാക്കിലോ ഉണ്ടാകുന്ന വേദനയില്ലാത്ത പാടുകളും മുറിവുകളും, ശബ്ദമാറ്റം, കഴുത്തിലെ മുഴകൾ, ഭക്ഷണം ഇറക്കാനുള്ള പ്രയാസം, വായയിൽ നിന്നു രക്തസ്രാവം, വിട്ടുമാറാത്ത ചെവിവേദന, മൂക്കിലെ തടസ്സം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. പുകയില, മദ്യം എന്നിവയാണ് എൺപതുശതമാനം ഹെഡ്&നെക്ക് കാൻസറുകൾക്കും കാരണമാകുന്നത്.
ഹ്യൂമൻ പാപ്പിലോമ വൈറസ് അണുബാധ എങ്ങനെ ഉണ്ടാകുന്നു?
സർവ്വസാധാരണയായി കാണപ്പെടുന്ന വൈറസ് ആണ് എച്ച്.പി.വി. ലൈംഗിക ബന്ധം തുടങ്ങിക്കഴിഞ്ഞ് 24-25 വയസ്സിലാണ് ഈ അണുബാധ കൂടുതൽ കാണുന്നത്. 50 വയസ്സാകുമ്പോഴേയ്ക്ക് 80 ശതമാനം ആളുകളിലും ഈ അണുബാധ ഉണ്ടായിട്ടുണ്ടാവും. എന്നാൽ എച്ച്.പി.വി. അണുബാധ ഉണ്ടായിട്ടുള്ള എല്ലാവർക്കും സെർവിക്കൽ കാൻസർ ഉണ്ടാകുന്നില്ല.
കാരണം 85 ശതമാനം പേരിലും ഈ അണുബാധ ഒന്നു രണ്ടു വർഷം കൊണ്ടു മാറുന്നതായിട്ടാണ് കണ്ടുവരുന്നത്. ഇതിൽ 15 ശതമാനം പേരിൽ അണുബാധ സ്ഥിരമായി നിൽക്കാം. ഇതിൽ 5 ശതമാനം പേർക്ക് കാൻസറിന് മുന്നോടിയായിട്ടുള്ള കോശ വ്യതിയാനങ്ങൾ ഉണ്ടാകാം.
Content Highlights: University of Pennsylvania researchers developed a chewing gum from lablab beans., The gum targets HPV and harmful bacteria like P. gingivalis and F. nucleatum., Clinical results showed up to 93% reduction in HPV levels in saliva
Published: 06 Aug 2026, 10:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented