കൊച്ചി: കോതമംഗലം ധർമഗിരി ആശുപത്രിയിലെ ഡോ. ഷാജൻ വർഗീസ് കഴിഞ്ഞവർഷം നവംബറിൽ നടത്തിയ നേപ്പാൾ ടൂറിനിടയിലാണ് ഹൃദയംതുറന്ന ‘യാത്ര’യുടെ തുടക്കം. നേപ്പാൾഗഞ്ജിൽ മലയാളിയായ ബെന്നി ചെറിയാൻ നടത്തുന്ന മായാസദൻ അനാഥാലയം സന്ദർശിച്ചപ്പോളാണ് ദുർഗകാമിയെ കണ്ടത്. ഹൃദയഭിത്തികൾക്ക് കട്ടികൂടുന്നതിലൂടെ രക്തം പമ്പുചെയ്യുന്നതിന്റെ അളവുകുറയുന്ന കാർഡിയാക് സർക്കോയിഡോസിസ് ആയിരുന്നു രോഗം.
ഹൃദയം മാറ്റിവെക്കലേ പോംവഴിയുള്ളൂവെന്ന് കാഠ്മണ്ഡുവിലെ ആശുപത്രിയിൽനിന്ന് നേരത്തേ പറഞ്ഞിരുന്നു. ബെന്നി ജനുവരിയിൽ ഷാജൻ വർഗീസിനെ വിളിച്ച് ദുർഗകാമിക്ക് കേരളത്തിൽനിന്നൊരു ഹൃദയംകിട്ടുമോയെന്ന് അന്വേഷിച്ചു. അങ്ങനെ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷനിൽ (കെ-സോട്ടോ) രജിസ്റ്റർചെയ്തു. വിദേശികൾക്ക് പരിഗണനകിട്ടുന്നതിലെ തടസ്സം ഹൈക്കോടതി ഇടപെട്ട് നീക്കി.
ജീവനായുള്ള പറക്കൽ
തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോട്ടലിൽ ജോലിചെയ്യുകയായിരുന്ന ഷിബു വീട്ടിലേക്കുവരുംവഴി ഡിസംബർ 14-ന് വൈകീട്ട് 6.30-ന് കൊല്ലം മൂക്കാട്ടുകുന്നുെവച്ച് സ്കൂട്ടറിൽനിന്ന് വീഴുകയായിരുന്നു. ഗുരുതരപരിക്കുകളോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വിദഗ്ധചികിത്സയ്ക്കായി ഡിസംബർ 15-ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചു. 21-ന് മസ്തിഷ്കമരണം സ്ഥിരീകരിച്ചു.
ആരോഗ്യവകുപ്പധികൃതർ ഷിബുവിന്റെ ഹൃദയം ദുർഗകാമിക്ക് നൽകാൻ തീരുമാനിച്ചു. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. എറണാകുളം ജനറൽ ആശുപത്രിയിലെ കാർഡിയോ തൊറാസിക് സർജൻ ഡോ. ജോർജ് വാളൂരാന്റെ നേതൃത്വത്തിൽ ഡോ. പോൾ തോമസ്, ഡോ. ജിയോ പോൾ എന്നിവരടങ്ങിയ സംഘം തിരുവനന്തപുരത്തേക്കെത്തി.
രാവിലെ 11.30
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ. ജോർജ് വാളൂരാന്റെ നേതൃത്വത്തിൽ ഹൃദയശസ്ത്രക്രിയ തുടങ്ങി.
1.45
ഷിബുവിന്റെ ഹൃദയവുമായി കൊച്ചിയിലേക്കുപറക്കാൻ ഡോക്ടർ സംഘം തയ്യാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തിന്റെയടിസ്ഥാനത്തിൽ പോലീസ് ക്രമീകരണങ്ങളൊരുക്കി.
രണ്ടുമണി
മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽനിന്ന് ഹൃദയവുമായി ആഭ്യന്തരവകുപ്പ് ഏർപ്പെടുത്തിയ ഹെലികോപ്റ്റർ കൊച്ചിയിലേക്ക്.
2.50
ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിന്റെ ഹെലിപാഡിൽ ഇറങ്ങി.
2.56
പി.എ. നാസർ ഓടിച്ച ആംബുലൻസിലെ ഡോക്ടർസംഘം അവരുടെ െെകയിലെ ഹൃദയവുമായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് നാലുമിനിറ്റുകൊണ്ടെത്തി.
വൈകീട്ട് 3.15
ദുർഗകാമിക്ക് പുതിയഹൃദയം വെച്ചുപിടിപ്പിക്കാനുള്ള ശസ്ത്രക്രിയ തുടങ്ങി. ഏഴുമണിയോടെ ശസ്ത്രക്രിയ പൂർത്തിയായി. ദുർഗകാമിയിൽ ജീവന്റെ മിടിപ്പ് കേട്ടുതുടങ്ങി.
“ഈ നാട് ഞങ്ങളെ ചേർത്തുനിർത്തിയിടത്തോളം ഞങ്ങളെ വേറെ ആരും ഒപ്പംനിർത്തിയിട്ടില്ല...” തൊഴുകൈകളോടെ ദുർഗയുടെ സഹോദരൻ തിലക് കാമി പറഞ്ഞു.
“ഇതേ അസുഖംകാരണം അമ്മയെയും ഒരു ചേച്ചിയെയും നഷ്ടമായി. ദുർഗകാമിയെക്കൂടി നഷ്ടമാകാൻവയ്യ. അതിനുവേണ്ടിയുള്ള ഓട്ടത്തിലായിരുന്നു...” -തിലക് കാമി പറഞ്ഞു.
Content Highlights: From Nepal to Kerala: The Inspiring Journey of a Heart Transplant
Published: 23 Dec 2025, 03:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented