തന്റെ ഭാര്യയും മുന്‍ എം.എല്‍.എയുമായ നവജ്യോത് കൗര്‍ സ്തനാർബുദ മുക്തയായെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജോത് സിങ് സിദ്ധു കഴിഞ്ഞദിവസമാണ് പറഞ്ഞത്. തന്റെ വീട്ടുമുറ്റത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് സിദ്ധു ഇക്കാര്യം പറഞ്ഞത്. ചികിത്സയ്ക്കിടെ നവജ്യോത് കൗര്‍ പിന്തുടര്‍ന്ന കര്‍ശനമായ ഭക്ഷണക്രമം അതിജീവനത്തില്‍ വലിയ സഹായകരമായെന്നും സിദ്ധു വ്യക്തമാക്കിയിരുന്നു. എന്നാൽ സിദ്ധുവിനെതിരെ ഒരുസംഘം ഡോക്ടർമാർ രം​ഗത്തെത്തിയിരിക്കുകയാണ്. ശാസ്ത്രീയമായി തെളിയിക്കാത്ത കാര്യങ്ങളാണ് സിദ്ധു ആധികാരികമായി പറഞ്ഞതെന്ന് അവർ പ്രസ്താവനയിലൂടെ അറിയിച്ചു.

To advertise here,

ക്യാന്‍സറുമായി പോരാടുമ്പോള്‍ നാരങ്ങ വെള്ളത്തില്‍ പച്ചമഞ്ഞളും ആപ്പിള്‍ സിഡെര്‍ വിനെഗറും ചേര്‍ത്ത് കുടിച്ചാണ് നവജ്യോദിന്റെ ഒരു ദിനം ആരംഭിക്കുന്നതെന്നാണ്  സിദ്ധു പറഞ്ഞത്. അരമണിക്കൂറിന് ശേഷം പത്ത് മുതല്‍ 12വരെ തുളസിയില കഴിക്കും. പുളിപ്പുള്ള പഴങ്ങളും മത്തങ്ങ, മാതളനാരങ്ങ, കാരറ്റ്, അംല, ബീറ്റ്‌റൂട്ട്, വാല്‍നട്ട് എന്നിവയുടെ ജ്യൂസുകളും നവജ്യോത് കൗറിന്റെ ഭക്ഷണത്തിലെ അവിഭാജ്യ ഘടകങ്ങളായിരുന്നു. ബെറികള്‍ ക്യാന്‍സറിനുള്ള മികച്ച ഔഷധമാണെന്നും സിദ്ധു പറഞ്ഞിരുന്നു. ഈ പരാമർശങ്ങളെ തള്ളിക്കളയുകയാണ് മുംബൈ ടാറ്റാ മെമ്മോറിയൽ ആശുപത്രിയിലെ 262 ഓങ്കോളജിസ്റ്റുമാരുടെ സംഘം.

മഞ്ഞളും നാരങ്ങയുടെ ഇലയും കാൻസറിനെ പ്രതി​രോധിക്കുമെന്ന കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതാണെന്ന് ഡോക്ടർമാർ പറഞ്ഞു. സിദ്ധു പറഞ്ഞ വസ്തുക്കളിൽ ചിലത് കാൻസർ പ്രതിരോധിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ  ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ഈ വസ്തുക്കൾ കാൻസർ പ്രതിരോധിക്കുമെന്നും ചികിത്സയ്ക്കായി ഇവയെ ഉപയോ​ഗിക്കാമെന്നും പറയാൻ നിലവിൽ സാധിക്കില്ല. തെളിയിക്കപ്പെടാത്ത പ്രതിവിധികൾ പിന്തുടർന്ന് ചികിത്സ വൈകിപ്പിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുയാണ്. കാൻസറിൻ്റെ എന്തെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിൽ ഒരു ഡോക്ടറെ, പ്രത്യേകിച്ച് കാൻസർ വിദഗ്ധനെ സമീപിക്കുകയാണ് വേണ്ടതെന്ന് കത്തിൽ ഡോക്ടർമാർ ഊന്നിപ്പറയുന്നു.

നേരത്തേ കണ്ടെത്തിയാൽ ശസ്ത്രക്രിയ, റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി എന്നിവ ഉൾപ്പെടെയുള്ള മാർ​ഗങ്ങളിലൂടെ അർബുദം ഭേദമാക്കാവുന്നതാണെന്നും കത്തിൽ പറയുന്നു. പൊതുജന താത്പര്യാർത്ഥം പ്രസിദ്ധീകരിക്കുന്നത് എന്നും കത്തിൽ എഴുതിയിട്ടുണ്ട്.

7 പിഎച്ച് ലെവല്‍ ഉള്ള വെള്ളം മാത്രമാണ് ഭാര്യക്ക് നല്‍കിയതെന്നും ഇത് അവരുടെ ഭക്ഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നുവെന്നും സിദ്ധു പറഞ്ഞിരുന്നു. അർബുദ ചികിത്സയില്‍ തന്റെ കുടുംബത്തിന്റെ അനുഭവം മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു. മരുന്നുകള്‍ക്കൊപ്പം അച്ചടക്കം, ധൈര്യം, ആരോഗ്യകരമായ ജീവിതശൈലി എന്നിവയിലൂടെ കാന്‍സറിനെ പരാജയപ്പെടുത്താന്‍ കഴിയുമെന്നും സിദ്ധു അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ മറുപടിയായാണ് ഇപ്പോൾ ഓങ്കോളജിസ്റ്റുകൾ കത്ത് പുറത്തുവിട്ടിരിക്കുന്നത്.