ഹേഗ്: ഹാന്റവൈറസ് ബാധയെത്തുടർന്നുള്ള ആദ്യ മരണം ഉണ്ടായതിനുശേഷം 29 യാത്രക്കാർ കപ്പൽയാത്ര അവസാനിപ്പിച്ച് മടങ്ങിയിരുന്നെന്ന് കപ്പൽ ഉടമസ്ഥരായ ഓഷൻ എക്സ്‌പെഡിഷൻസും ഡച്ച് സർക്കാരും സ്ഥിരീകരിച്ചു. ഏപ്രിൽ 24-നാണ് ഇവർ കപ്പൽവിട്ടത്. 12 രാജ്യത്തുനിന്നുള്ളവർ ഇക്കൂട്ടത്തിലുണ്ടെന്നും ഇവരിൽ രണ്ടുപേർ ഏതു രാജ്യക്കാരാണെന്ന് അറിയില്ലെന്നും കമ്പനി വ്യക്തമാക്കി. ബ്രിട്ടൻ, കാനഡ, ഡെന്മാർക്ക്, ജർമനി, നെതർലൻഡ്സ്, ന്യൂസിലൻഡ്, സെയ്ന്റ് കിറ്റ്സ് ആൻഡ് നെവിസ്, സിങ്കപ്പൂർ, സ്വീഡൻ, സ്വിറ്റ്സർലൻ‍ഡ്, ടർക്കി, യു.എസ്. എന്നീ 12 രാജ്യങ്ങളിൽ നിന്നുള്ളവരാണിവർ.

To advertise here,

രോഗബാധയെത്തുടർന്ന് മരിച്ച ഡച്ച് പൗരനും അദ്ദേഹത്തിന്റെ ഭാര്യയുമല്ലാതെ മറ്റാരും പുറത്തുപോയിട്ടില്ലെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. കപ്പൽവിട്ടവരെയും അവരുമായി സമ്പർക്കം പുലർത്തിയവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ദക്ഷിണാഫ്രിക്കയിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും അധികൃതർ അറിയിച്ചു.

കപ്പലിലുണ്ടായിരുന്ന ഒരു ഡച്ച് പൗരനും രണ്ട് സിങ്കപ്പൂർ പൗരന്മാരും നിലവിൽ ക്വാറന്റീനിലാണ്. കപ്പലിലെ യാത്രികരിലൊരാൾ സഞ്ചരിച്ച കെ.എൽ.എം. എയർലൈൻസിലെ ഒരു ജീവനക്കാരന് വൈറസ് ബാധയുണ്ടായതായി സംശയിക്കുന്നതായും ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കിയെന്നും എയർലൈൻസ് അറിയിച്ചു. ഈ വിമാനത്തിലുണ്ടായിരുന്ന 82 യാത്രക്കാരെയും ആറ് ജീവനക്കാരെയും കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

കപ്പലിലെ വൈറസ് ബാധയെത്തുടർന്ന് മൂന്നുപേരാണ് ഇതുവരെ മരിച്ചത്. എട്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവർ ബ്രിട്ടൻ, ജർമനി, നെതർലൻഡ്‌സ്, സ്വിറ്റ്സർലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലായി ചികിത്സയിലാണ്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ദ്വീപുരാഷ്ട്രമായ കേപ്പ് വെർദയിൽനിന്ന് പുറപ്പെട്ട എം.വി. ഹോൺഡിയസ് സ്‌പെയിനിലെ ടെനറിഫ് ദ്വീപിലേക്ക് പോകുകയാണ്. എന്നാൽ, കപ്പലിനെ തീരത്തടുക്കാൻ സ്‌പെയിനോ ഡച്ചോ അനുവദിച്ചിട്ടില്ല. അതേസമയം, വൈറസ് ലോകവ്യാപകമായി ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ഭയക്കേണ്ടതില്ലെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.

എം.വി. ഹോൺഡിയസ്

ഏപ്രിൽ ഒന്നിന് അർജന്റീനയിൽനിന്ന് അന്റാർട്ടിക്കയിലേക്ക് വിനോദയാത്രപുറപ്പെട്ട കപ്പലാണ് എം.വി. ഹോൺഡിയസ്. ഏപ്രിൽ ആറിന് ഒരു ഡച്ച് പൗരനാണ് വൈറസ് ബാധ ആദ്യമായി സ്ഥിരീകരിച്ചത്. ഇയാൾ ഏപ്രിൽ 11-ന് മരിച്ചു. ഏപ്രിൽ 24-ന് സൗത്ത് അറ്റ്‌ലാൻറയിലെ ദ്വീപായ സെയ്‌ന്റ് ഹെലേനയിൽ നങ്കൂരമിട്ട കപ്പലിൽനിന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം കരയിലെത്തിച്ചു. ഒപ്പം ഭാര്യയും നാട്ടിലേക്ക് പുറപ്പെട്ടു. എന്നാൽ, വൈറസ് ബാധിച്ച ഇവർ ജോഹന്നസ്ബെർഗിൽവെച്ച് മരിച്ചു.

നിലവിൽ 23 രാജ്യങ്ങളിൽനിന്നുള്ള 149 പേരാണ് കപ്പലിലുള്ളത്. ഇതിൽ 80 പേർ യാത്രക്കാരാണ്. ബ്രിട്ടൻ, യു.എസ്., സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽ. 114 യാത്രക്കാരുമായാണ് കപ്പൽ പുറപ്പെട്ടത്.

ആൻഡിസ് വകഭേദം

എലികളിൽനിന്നാണ് ഹാന്റവൈറസ് സാധാരണ പകരുന്നത്. 30-ലധികം വകഭേദങ്ങളുള്ള വൈറസിന്റെ ‘ആൻഡിസ്’ എന്ന വകഭേദമാണ് കപ്പലിൽ കണ്ടെത്തിയത്. ഇത് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന അപൂർവമായി കണ്ടുവരുന്നതാണ്. വൈറസിന് പ്രത്യേകമരുന്നുകളോ വാക്സിനോ ലഭ്യമല്ല.