തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങള്‍ പ്രകടമായതിന് ശേഷമാണ് പ്രധാനമായും രോഗം പകരുന്നതെന്നും അതിനാല്‍ രോഗലക്ഷണങ്ങളുണ്ടായാല്‍ അത് മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ വളരെയേറെ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ചികിത്സ തേടുകയും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും വേണമെന്നും എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കൂടുതല്‍ കേസുകളുടെ സാധ്യത മുന്നില്‍ കണ്ട് എല്ലാ ജില്ലകളിലും കൂടുതല്‍ ഐസൊലേഷന്‍ സൗകര്യങ്ങളൊരുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. എയര്‍പോര്‍ട്ടുകളിലുള്‍പ്പെടെ അവബോധം ശക്തിപ്പെടുത്താനും നിർദേശമുണ്ട്. കോവിഡ് 19 , എച്ച്1 എന്‍1 ഇന്‍ഫ്‌ളുവന്‍സ എന്നിവയെപ്പോലെ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്‌സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധത്തിലേർപ്പെടുക, ചുംബിക്കുക, രോഗി ഉപയോഗിച്ച കിടക്ക, വസ്ത്രം എന്നിവ ഉപയോഗിക്കുക തുടങ്ങിയവയിലൂടെ രോഗപ്പകർച്ചക്കുള്ള സാധ്യത വളരെയേറെയാണ്.
രോഗസാഹചര്യത്തിൽ ത്വക് രോഗ വിദഗ്ധരുടെ യോഗം ചേര്‍ന്നിരുന്നുവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഐഎംഎയുടെ സഹകരണത്തോടെ സ്വകാര്യ മേഖലയിലെ ഫിസിഷ്യന്‍, പീഡിയാട്രീഷ്യന്‍, ഡെര്‍മറ്റോളജിസ്റ്റ് എന്നിവരെ കൂടി ഉള്‍പ്പെടുത്തി യോഗം ചേരാൻ തീരുമാനമായി. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഫീല്‍ഡ് തല ആരോഗ്യ പ്രവര്‍ത്തകര്‍ ജാഗ്രതയോടെയിരിക്കണമെന്നും മന്ത്രി പറഞ്ഞു. പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ശാക്തീകരിക്കുന്നതിന് ഫീൽഡ് ആരോഗ്യ പ്രവര്‍ത്തകരുടെ യോഗം വിളിച്ചുചേർക്കാനും തീരുമാനമായി.
എന്താണ് എംപോക്സ്?
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് എംപോക്സ്. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സിന്റെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 9 മാസം പ്രായമുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ എംപോക്സ് ആദ്യമായി കണ്ടെത്തിയത്.
രോഗ പകർച്ച
രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് മങ്കിപോക്സ് പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ എംപോക്സ് വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകൾക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കമുണ്ടായാൽ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.
രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ എംപോക്സ് വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.
പ്ലാസന്റ വഴി അമ്മയിൽ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കിൽ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്സിനേഷൻ നിർത്തലാക്കിയതിനാൽ പൊതുജനങ്ങളിൽ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് എംപോക്സിനെതിരേയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.
ലക്ഷണങ്ങൾ
സാധാരണഗതിയിൽ എംപോക്സിന്റെ ഇൻകുബേഷൻ കാലയളവ് 6 മുതൽ 13 ദിവസം വരെയാണ്. എന്നാൽ ചില സമയത്ത് ഇത് 5 മുതൽ 21 ദിവസം വരെയാകാം. 2 മുതൽ 4 ആഴ്ച വരെ ലക്ഷണങ്ങൾ നീണ്ടു നിൽക്കാറുണ്ട്. മരണനിരക്ക് പൊതുവെ കുറവാണ്.
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്റ്റിവ, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.
രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീർണതകൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകൾ, ബ്രോങ്കോന്യുമോണിയ, സെപ്സിസ്, എൻസെഫലൈറ്റിസ്, കോർണിയയിലെ അണുബാധ എന്നിവയും തുടർന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീർണതകളിൽ ഉൾപ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.
ചികിത്സ
വൈറൽ രോഗമായതിനാൽ എംപോക്സിന് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീർണതകൾ കൈകാര്യം ചെയ്യുന്നതിനും, ദീർഘകാല പ്രത്യാഘാതങ്ങൾ തടയുന്നതിനും എംപോക്സിന്റം ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. എംപോക്സിന്റെ വാക്സിനേഷൻ നിലവിലുണ്ട്
പ്രതിരോധം
അസുഖം ബാധിച്ച സമയത്തും അവയുടെ മൃതശരീരങ്ങൾ കൈകാര്യം ചെയ്യുന്ന സമയത്തും വന്യമൃഗങ്ങളുമായുള്ള സുരക്ഷിതമല്ലാത്ത സമ്പർക്കം ഒഴിവാക്കുക. അവയുടെ മാംസം, രക്തം, മറ്റ് ഭാഗങ്ങൾ എന്നിവയുമായുള്ള സമ്പർക്കവും ഒഴിവാക്കണം. ഇതോടൊപ്പം മൃഗങ്ങളുടെ മാംസം കഴിക്കുന്നതിനു മുമ്പ് നന്നായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം.
രോഗബാധിതരായ മനുഷ്യരുമായി അടുത്തിടപഴകുന്നതാണ് എംപോക്സ് വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർബന്ധമായും സാധാരണ സ്വീകരിക്കുന്ന അണുബാധ നിയന്ത്രണ മുൻകരുതലുകളെടുക്കണം.
Content Highlights: monkeypox alert kerala holds high level meeting
Published: 27 Sept 2024, 03:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented