ഇന്ന് ആർത്തവ ശുചിത്വത്തോട് ചേർത്തുവെക്കുന്ന വാക്കാണ് മെൻസ്ട്രുവൽ കപ്പ്. ഏറെ നാൾ ഉപയോഗിക്കാമെന്നതും പാഡുകൾ നശീകരിക്കുന്നതിന്റെ ബുദ്ധിമുട്ടുമൊക്കെ പലരെയും മെൻസ്ട്രുവൽ കപ്പിലേക്ക് ആകർഷിക്കുന്ന കാര്യങ്ങളാണ്. എന്നാൽ മെൻസ്ട്രുവൽ കപ്പിലേക്ക് മാറുന്നതിലൂടെ മറ്റുചില ആരോഗ്യഗുണങ്ങൾ കൂടിയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.
മെൻസ്ട്രുവൽ കപ്പ് ഉപയോഗവും വജൈനൽ ഇൻഫെക്ഷനും സംബന്ധിച്ച് നടത്തിയ പഠനത്തിനൊടുവിലാണ് ഗവേഷകർ ഇത്തരമൊരു വിലയിരുത്തലിൽ എത്തിയത്. ഇല്ലിനോയ് ചിക്കാഗോ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. PLOS മെഡിസിൻ എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കെനിയയിൽ നിന്നുള്ള പെൺകുട്ടികളിൽ നിന്നുശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തലിൽ എത്തിച്ചേർന്നത്. മെൻസ്ട്രുവൽ കപ്പ് ഉപയോഗിച്ച പെൺകുട്ടികളിൽ വജൈനൽ അണുബാധയ്ക്കുള്ള സാധ്യത തീരെ കുറവായിരുന്നെന്നും അവരിൽ വജൈനയിൽ ആരോഗ്യകരമായ സൂക്ഷ്മാണുക്കളുടെ സാന്നിധ്യം കൂടുതലാണെന്നും പഠനത്തിൽ കണ്ടെത്തി.
നാഷണൽ ഹെൽത്ത് മിഷന്റെ ചെലവിൽ നടത്തിയ പഠനത്തിൽ കെനിയയിൽ നിന്നുള്ള 436 സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് പങ്കെടുത്തത്. അവരിൽ പകുതിയിലേറെയും മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കുന്നവർ ആയിരുന്നു. പഠനകാലയളവിൽ ആറുമാസത്തിന്റെ ഇടവേളകളിൽ ഇവരിലെ വജൈനൽ അണുബാധ സംബന്ധിച്ച ടെസ്റ്റുകൾക്ക് വിധേയരാക്കി.
തുടർന്നാണ് മെൻസ്ട്രുവൽ കപ്പ് ഉപയോഗിച്ചവരിൽ ബാക്റ്റീരിയൽ വജൈനോസിസ് എന്ന അണുബാധയ്ക്കുള്ള സാധ്യത 26 ശതമാനം കുറവായിരുന്നു എന്നും കപ്പ് ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ആരോഗ്യകരമായ സൂക്ഷ്മാണുക്കളുടെ സാധ്യത 37 ശതമാനം കൂടുതലായിരുന്നു എന്നും കണ്ടെത്തിയത്. പെൺകുട്ടികളുടെ ആർത്തവ ശുചിത്വ കാര്യത്തിൽ മെൻസ്ട്രുവൽ കപ്പുകൾക്ക് വലിയ പ്രാധാന്യമാണ് ഉള്ളതെന്ന് പഠനത്തിന് നേതൃത്വം കൊടുത്ത സുപ്രിയ മേത്ത പറഞ്ഞു.
സാനിറ്ററി പാഡുകളും തുണികളും ഏറെ നേരം മാറ്റാതിരിക്കുന്നതും വൃത്തിയായി സൂക്ഷിക്കാത്തതുമൊക്കെ അണുബാധയ്ക്കുള്ള സാധ്യത കൂട്ടുകയാണ് എന്നും സുപ്രിയ പറയുന്നു. ടാംപൂണുകളും അതേ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. എന്നാൽ കപ്പുകൾ ഉപയോഗിക്കുകവഴി ആർത്തവകാലം ശുചിത്വമുള്ളതായി തീരുമെന്നും സുപ്രിയ വ്യക്തമാക്കുന്നു.
എന്താണ് മെൻസ്ട്ര്വൽ കപ്പ്?
ആർത്തവ സമയത്തുള്ള രക്തം ശേഖരിച്ചുവെക്കാൻ ഉണ്ടാക്കിയിട്ടുള്ള ഒരു ഉപകരണമാണ് മെൻസ്ട്ര്വൽ കപ്പ്. സിലിക്കോൺ, റബ്ബർ, ലാറ്റക്സ് തുടങ്ങിയ മെറ്റീരിയൽ ഉപയോഗിച്ച് വ്യത്യസ്തമായ ആകൃതിയിലും വലിപ്പത്തിലും ഇവ ലഭ്യമാണ്. 12 മണിക്കൂർ വരെ ഉപയോഗിക്കാവുന്ന മെൻസ്ട്ര്വൽ കപ്പുകൾ പാഡ്, തുണി, ടാംപൂൺസ് എന്നിവയെക്കാളും സുരക്ഷിതവും രക്തം ലീക് ചെയ്യാത്തതും ആണ്. നീന്തൽ പോലുള്ള കായിക വ്യായാമം ചെയ്യുമ്പോൾ വരെ ഇത് ഉപയോഗിക്കാവുന്നതാണ്.
മാസമുറ സമയത്ത് ഗർഭാശയ മുഖം അഥവാ സെർവിക്‌സിന് തൊട്ടു താഴെയായാണ് ഇതു വെക്കുക. ഇത് ആർത്തവ രക്തം പുറത്തേയ്ക്കു വരാതെ ഉള്ളിൽ വച്ചു തന്നെ ശേഖരിയ്ക്കും. ഈ രക്തം കളഞ്ഞതിനുശേഷം ഇതേ കപ്പ് തന്നെ ഉപയോഗിക്കാവുന്നതാണ്.
വജൈനൽ ഇൻഫെക്ഷൻ
സ്ത്രീകളിൽ രണ്ട് തരത്തിലാണ് അണുബാധ ഉണ്ടാവുന്നത്. ലൈംഗിക ബന്ധത്തിലൂടെ പകർന്നും അല്ലാതെയും അണുബാധ ഉണ്ടാവാം. സ്ത്രീകളുടെ യോനിയിലും സെർവിക്കൽ ഭാഗങ്ങളിലും ഗർഭാശയത്തിലും ഫലോപ്പിയൻ ട്യൂബിലും അണ്ഡാശയത്തിലും അണുബാധ ഉണ്ടാവാറുണ്ട്. സ്ത്രീകളിൽ കാണുന്ന അണുബാധകളിൽ 35 ശതമാനത്തിൽ അധികവും ലൈംഗികമായി പകരുന്നതാണ്. എച്ച്ഐവി, എച്ച് പി വി, ഹെർപ്പിസ്, ഗൊണൊറിയ , ട്രൈക്കോമോണിയാസിസ് തുടങ്ങിയവയാണ് ലൈംഗികമായി പടരുന്നവ.
യോനീഭാഗത്തെ ചുവപ്പ്, ചെറിയ കുമിളകൾ, വ്രണങ്ങൾ, ദുർഗന്ധം എന്നിവയാണ് ഇത്തരം രോഗങ്ങളുടെ ലക്ഷണങ്ങൾ. പെൽവിക് ഇൻഫ്ലമേറ്ററി ഡീസീസ് ഉള്ളവർക്ക് അടിവയറ്റിൽ വേദന, ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ മൂത്ര സംബന്ധമായ ബുദ്ധിമുട്ടുകൾ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്. രോഗലക്ഷണങ്ങളിലില്ലാതെയും ശരീരത്തെ ബാധിക്കാൻ ചില ലൈംഗിക രോഗങ്ങൾക്ക് സാധിക്കും എന്നതാണ് ഓർക്കേണ്ട മറ്റൊരു കാര്യം.
വജൈനൈറ്റിസ് (Vaginitis), ബാക്ടീരിയൽ വജിനോസിസ് (Bacterial Vaginosis), കാൻഡീഡിയാസിസ് (Candidiasis) എന്നിവയാണ് സ്ത്രീകളിൽ പൊതുവായി കാണുന്ന മറ്റ് അണുബാധകൾ. യോനീഭാഗത്തെ പുകച്ചിൽ, ചൊറിച്ചിൽ, വേദന, യോനീസ്രവത്തിൽ നിറമാറ്റം, ദുർഗന്ധം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. അണുബാധകൾ പലവിധത്തിൽ ഉള്ളതിനാൽ സ്രവ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടർമാർ ചികിത്സ നിർണയിക്കുക.
പൊതുവിലുള്ള ആരോഗ്യവും വ്യക്തി ശുചിത്വവും മെച്ചപ്പെടുത്തുക. സ്വകാര്യ ഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കുക. കോട്ടൺ അടിവസ്ത്രങ്ങൾ ഉപയോഗിക്കുക. ടോയ്ലെറ്റിൽ പോവുമ്പോൾ സ്വകാര്യ ഭാഗം വൃത്തിയാക്കുക. ആ ഭാഗം നനവില്ലാതെ സൂക്ഷിക, സ്വകാര്യ ഭാഗങ്ങൾ വൃത്തിയാക്കുമ്പോൾ പെർഫ്യൂമ്ഡ് സോപ്പ് ഒഴിവാക്കുക. കോട്ടൺ അടിവസ്ത്രങ്ങൾ കഴുകുമ്പോൾ ഫാബ്രിക് സോഫ്റ്റനേഴ്സ് ഉപയോഗിക്കാതിരിക്കുക തുടങ്ങിയവയാണ് ഫംഗൽ ഇൻഫെക്ഷൻ തടയാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. എച്ച്പിവിയ്ക്ക് വാക്സിനേഷൻ എടുക്കേണ്ടതും ലൈംഗിക ബന്ധം സുരക്ഷിതമാക്കേണ്ടതും അനിവാര്യമാണ്.
Content Highlights: Menstrual Cups Reduce Bacterial Vaginosis Risk and Improve Vaginal Health
Published: 01 Aug 2023, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented