‘’എല്ലാവരോടും നന്നായി പെരുമാറിയിരുന്ന വീട് ഒറ്റയ്ക്ക് സന്തോഷത്തോടെ ഉത്സാഹത്തോടെ കൊണ്ടുനടന്നിരുന്ന ഒരാൾ പെട്ടെന്ന് വലിയ വഴക്കാളിയാവുക, കാരണമില്ലാതെ കരയുക, എപ്പോഴും ക്ഷീണം, ഒന്നിനും താല്പര്യമില്ലാതാവുക.’’

Representative Image| Photo: Canva.com
”A woman is a real miracle — silent, strong, and endlessly struggling.” സ്ത്രീകൾ ശരിക്കും ഒരു അത്ഭുതമാണ്, അവരുടെ ജീവിതങ്ങൾ പലപ്പോഴും നിശബ്ദ പോരാട്ടങ്ങളാണെന്ന് ഒരു ഗൈനക്കോളജിസ്റ് എന്ന നിലയിൽ പലപ്പോഴും തോന്നിയിട്ടുണ്ട്. സ്ത്രീകളുടെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ ഒരു ഘട്ടം എന്ന് പറയുന്നത് മെനോപോസ് (Menopause) അഥവാ ആർത്തവ വിരാമം ആണ്. അപ്പോൾ പ്രസവമോ എന്നൊരു സംശയം വരാം. എന്നാൽ പ്രസവസമയത്ത് അവൾക്കൊപ്പം ഭർത്താവ്, മാതാപിതാക്കൾ തുടങ്ങി എല്ലാവരുമുണ്ടാവും ഒപ്പം അവളിലൂടെ ഒരു കുഞ്ഞും. എന്നാൽ ആർത്തവ വിരാമത്തിന്റെ സമയത്ത് സ്ത്രീ തീർത്തും ഒറ്റയ്ക്കായിരിക്കും. അച്ഛനമ്മമാർ പലപ്പോഴും നഷ്ട്ടപ്പെട്ടിട്ടുണ്ടാവും. കുട്ടികളൊക്കെ വലുതായി അവരുടെ ലോകത്തായിരിക്കും. ഭർത്താവാണെങ്കിൽ കരിയറുമായി തിരക്കിലുമാവും.
സ്ത്രീക്ക് അവൾ മാത്രമുണ്ടാവുന്ന ഘട്ടമാണിത്. സത്യത്തിൽ തനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് സ്വയം മനസ്സിലാവാറില്ല. പലപ്പോഴും പങ്കാളികൾക്കും മനസ്സിലാവില്ല. അതുവരെ വളരെ സൈലന്റായിരുന്ന എല്ലാവരോടും നന്നായി പെരുമാറിയിരുന്ന വീട് ഒറ്റയ്ക്ക് സന്തോഷത്തോടെ ഉത്സാഹത്തോടെ കൊണ്ടുനടന്നിരുന്ന ഒരാൾ പെട്ടെന്ന് വലിയ വഴക്കാളിയാവുക, കാരണമില്ലാതെ കരയുക, എപ്പോഴും ക്ഷീണം, ഒന്നിനും താല്പര്യമില്ലാതാവുക. ഇതിനെല്ലാം പിന്നിൽ ആർത്തവം നിൽക്കുന്നത് മൂലമുള്ള ഹോർമോൺ വ്യതിയാനങ്ങളാണെന്ന് പറയുമ്പോൾ പങ്കാളിക്ക് പോലും വിശ്വസിക്കാൻ കഴിയാറില്ല. ചിലരാകട്ടെ വിവാഹമോചനത്തിന്റെ വക്കിൽ വരെ എത്തും.
എന്താണ് മെനോപോസ്?
ഒരു സ്ത്രീക്ക് തുടർച്ചയായി 12 മാസങ്ങൾ ആർത്തവം ഇല്ലാതെ കടന്നുപോകുന്ന അവസ്ഥയ്ക്കാണ് നാം മെനോപോസ് അഥവാ ആർത്തവവിരാമം എന്നുപറയുന്നത്. അത് ഒട്ടുമിക്ക സ്ത്രീകളും കരുതുന്നപോലെ അവരുടെ നല്ല ദിവസങ്ങളുടെയോ, സെക്സ് ലൈഫിന്റെയോ അവസാനമല്ല. മറിച്ച് സ്ത്രീകളിലെ പ്രത്യുത്പാദന കാലം അവസാനിക്കുന്നതിന്റെ ഒരു സ്വാഭാവിക ഘട്ടം മാത്രമാണ്. സാധാരണഗതിയിൽ ആർത്തവവിരാമം സംഭവിക്കുന്നത് 45 -നും 55-നും ഇടയിലാണ്.
ചില സമയങ്ങളിൽ സർജറി മൂലം യൂട്രസ്സും ഓവറിയും എടുത്താലും മെനോപോസ് ഉണ്ടാവും അതിനെ നാം ഇൻഡ്യൂസ്ഡ് മെനോപോസ് എന്നാണ് പറയുന്നത്.
പെരിമെനോപോസ്
ആർത്തവവിരാമത്തിന് ഏകദേശം എട്ട് തൊട്ട് 10 വർഷം മുമ്പ് തുടങ്ങി ഏകദേശം 40 വയസ്സു മുതൽ നിങ്ങളുടെ ഓവറി ഈസ്ട്രജൻ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇതുണ്ടാവുന്നത്. ക്രമരഹിതമായ ആർത്തവം, ഹോട്ട് ഫ്ലാഷുകൾ, മൂഡ് swings തുടങ്ങിയ ലക്ഷണങ്ങൾ പലർക്കും അനുഭവപ്പെടാൻ തുടങ്ങും
ചികിത്സ
- ആരോഗ്യകരമായ ഭക്ഷണരീതി
- സോയാബീൻ, സോയാ ചങ്ക്സ്, പച്ചില വർഗങ്ങൾ, ചേന , ചേമ്പ് തുടങ്ങിയ ഈസ്ട്രജൻ കൂടിയ ഭക്ഷണങ്ങൾ കഴിക്കുക
- വ്യായാമം ശീലമാക്കുക
- യോഗ, മെഡിറ്റേഷൻ എന്നിവയിലൂടെ സമ്മർദം കുറയ്ക്കുക.
ഇതുകൂടാതെ ഗൈനക്കോളജിസ്റ്റിനെ കണ്ടാൽ അവർ HRT അഥവാ ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പിയും ചെയ്തു തരും. കുടുംബത്തിൽ നിന്നും കൂട്ടുകാരിൽ നിന്നും സമൂഹത്തിൽ നിന്നുമുള്ള പിന്തുണയും മെനോപോസൽ ക്ലിനിക്കുകളുടെ സഹായവും ഉണ്ടെങ്കിൽ സ്ത്രീകൾക്ക് ഈ ഘട്ടവും മനോഹരമായി കടന്നുപോകാം.
(കോട്ടയം കാരിത്താസ് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ആണ് ലേഖകൻ.)
Content Highlights: Understand menopause, the silent struggle many women face.
Published: 23 Oct 2025, 12:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented