ഇന്ത്യയിലും അമേരിക്ക, ബംഗ്ലാദേശ്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലുമൊക്കെ മീസിൽസ് വ്യാപിക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തുടച്ചുനീക്കപ്പെട്ടുവെന്ന് കരുതിയിരുന്ന രോഗമാണ് വീണ്ടും ശക്തി പ്രാപിച്ച് തിരിച്ചെത്തിയിരിക്കുന്നത്. ചില പ്രദേശങ്ങളിലെ രോഗവ്യാപനത്തിന്റെ തിരിച്ചുവരവിനുപിന്നിൽ വാക്സിനേഷനിലെ വിടവുകളാണെന്നു പറയുകയാണ് ലോകാരോഗ്യസംഘടനയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. സൗമ്യ സ്വാമിനാഥൻ.
എന്തുകൊണ്ടാണ് കുട്ടികൾക്കിടയിലെ വാക്സിനേഷൻ നിരക്കുകൾ കുറയുന്നതെന്ന് ആരോഗ്യ വകുപ്പുകൾ മനസ്സിലാക്കുകയും അതിന്റെ അടിസ്ഥാന കാരണങ്ങൾ കണ്ടെത്തുകയും വേണമെന്നും ഡോ. സൗമ്യ സ്വാമിനാഥൻ എൻ.ഡി. ടി.വി.യോടു സംസാരിക്കവേ പറഞ്ഞു. വാക്സിനേക്കുറിച്ചുള്ള തെറ്റായ വിവരങ്ങളോ, വാക്സിൻ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളോ ആകാം പ്രശ്നമെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
ജനങ്ങളുടെ ആശങ്കകളെ അഭിസംബോധന ചെയ്യുന്നതും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതും വാക്സിനേഷന്റെ ഗുണങ്ങൾ വിശദീകരിക്കുന്നതുമായ ബോധവൽക്കരണ കാമ്പെയ്നുകൾ സജീവമായി നടക്കണമെന്നും അവർ പറഞ്ഞു. എന്തുകൊണ്ടാണ് ആളുകൾ വാക്സിനേഷനോട് മടി കാണിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് അവരുടെ ആശങ്കകൾ പരിഹരിക്കുകയും വാക്സിനുകളിലുള്ള ആത്മവിശ്വാസം വീണ്ടെടുക്കുകയും വേണമെന്നും ഡോ.സൗമ്യ സ്വാമിനാഥൻ കൂട്ടിച്ചേർത്തു.
രോഗലക്ഷണങ്ങൾ
മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് അഞ്ചാംപനി. വൈറസ് ശരീരത്തിലെത്തിയാൽ 10 മുതൽ 14 ദിവസത്തിനുള്ളിലാണ് സാധാരണയായി ലക്ഷണങ്ങൾ കാണുക. ശരീരത്തിൽ ചുവന്നുതടിച്ച പാടുകൾ കാണപ്പെടും. കൂടാതെ പനി, ചുമ, ജലദോഷം, ചിലരിൽ വയറിളക്കം, ഛർദി, ശക്തമായ വയറുവേദന എന്നിവയ്ക്കും സാധ്യതയുണ്ട്.
രോഗം പകരുന്നത്
വൈറസുകൾ വായുവിലൂടെയാണ് പകരുക. രോഗം ബാധിച്ചയാളുടെ ചുമ, തുമ്മൽ എന്നിവയിലൂടെയാണ് പ്രധാനമായും പകരുക. അസുഖമുള്ളവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം പുറത്തേക്കുതെറിക്കുന്ന ചെറിയ കണികകളിൽ വൈറസുകളും ഉണ്ടാകും.
രോഗം ബാധിക്കുന്നത്
കൗമാരപ്രായക്കാരിലും മുതിർന്നവരിലും അഞ്ചാംപനി ഉണ്ടാകാറുണ്ട്. എന്നാൽ ആറുമാസംമുതൽ മൂന്നുവയസ്സുവരെയുള്ള കുട്ടികളിലാണ് രോഗം ഗുരുതരമാകുക.
ചികിത്സയും പ്രതിരോധവും
മീസൽസ് റുബല്ല അഥവാ (എം.ആർ. വാക്സിൻ) കൃത്യമായി എടുക്കുന്നതുവഴി രോഗത്തെ തടയാം. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികൾക്കാണ് വാക്സിൻ നൽകുന്നത്. കുട്ടിയുടെ ഒൻപതാംമാസം കഴിഞ്ഞാലുടൻ ആദ്യ ഡോസ് വാക്സിനും 16-ാം മാസം കഴിഞ്ഞാൽ രണ്ടാം ഡോസും നൽകണം. എന്തെങ്കിലും കാരണത്താൽ ഏതെങ്കിലും ഒരു ഡോസ് എടുക്കാത്ത കുട്ടികൾക്ക് അഞ്ചുവയസ്സുവരെ വാക്സിൻ എടുക്കാം. എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും വാക്സിൻ സൗജന്യമാണ്
കൃത്യമായി വാക്സിനെടുക്കണം
വാക്സിനേഷനോട് പലരും വിമുഖത കാണിക്കുന്നുണ്ട്. ഇതൊരു ഗുരുതരപ്രശ്നമാണ്. കൃത്യമായി വാക്സിനെടുത്താൽ രോഗത്തെ പ്രതിരോധിക്കാം. രോഗലക്ഷണങ്ങൾ കണ്ടാലുടൻ സ്വയം ചികിത്സ തേടരുത്. സാമൂഹിക അകലം പാലിക്കുകയും സോപ്പുപയോഗിച്ച് കൈ കഴുകുകയും ചെയ്യണം. പനിയുള്ളവർ നിർബന്ധമായും മാസ്ക് ഉപയോഗിക്കണം. രോഗം പൂർണമായും ഭേദമാകുന്നതുവരെ കുട്ടികളെ യാതൊരു കാരണവശാലും സ്കൂളുകളിൽ അയക്കരുത്.
Content Highlights: Measles is spreading in India and other countries. Dr. Soumya Swaminathan highlights vaccination gaps as a key reason for its resurgence.
Published: 14 Oct 2026, 04:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented