കരളിൽ അധികമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. അമിതവണ്ണം, തെറ്റായ ജീവിതശൈലി, മദ്യപാനം എന്നിവ കാരണം ഈ അവസ്ഥയുണ്ടാകാം. ടൈപ്പ് 2 പ്രമേഹമുള്ളവരിൽ ഏകദേശം 60–70 ശതമാനം ആളുകളെയും അമിതവണ്ണമുള്ളവരിൽ ഏകദേശം 70–80 ശതമാനം ആളുകളെയും MASLD(metabolic dysfunction–associated steatotic liver disease) ബാധിച്ചതായി പുതിയ പഠനം വ്യക്തമാക്കുന്നു.

To advertise here,

പുരുഷന്മാരിൽ സ്ത്രീകളെ അപേക്ഷിച്ച് MASLD-യുടെ വ്യാപനം കൂടുതലാണെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. ഒരുലക്ഷം പുരുഷന്മാരിൽ 15,731 പേരെ രോഗം ബാധിക്കുന്നുണ്ടെന്ന് കണ്ടെത്തൽ. സ്ത്രീകളിൽ ഇത് 14,310 ആണ്. 45 നും 49 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിലാണ് രോഗം കൂടുതലായി കണ്ടെത്തുന്നത്.

MASLD കേസുകളിൽ ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 2010 നും 2021 നും ഇടയിൽ ഇന്ത്യയിൽ രോഗം 13.2 ശതമാനം വർധിച്ചതായാണ് റിപ്പോർട്ട്. ചൈനയിൽ ഇത് 16.9 ശതമാനവും സുഡാനിൽ 13.3 ശതമാനവുമാണ്.

ഇവ ശ്രദ്ധിക്കാം

ശരീരഭാരം വർധിക്കുക

ശരീരഭാരം പെട്ടെന്ന് വർധിക്കുന്നുണ്ടെങ്കിൽ ശ്രദ്ധവേണം. പ്രത്യേകിച്ച്, അടിവയറ്റിൽ കൊഴുപ്പ് കൂടുന്നുണ്ടെങ്കിൽ അത് ഫാറ്റി ലിവർ രോഗത്തിന്റെ സൂചനയാകാം.

രക്തത്തിലെ പഞ്ചസാരയുടെ അളവ്

രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് പ്രമേഹത്തെ സൂചിപ്പിക്കുന്നു. കൂടാതെ, ഫാറ്റി ലിവറുമായി ബന്ധപ്പെട്ട മെറ്റബോളിക് തകരാറുകളെയും ഇത് സൂചിപ്പിക്കാം. കരളിന്റെ ആരോഗ്യം തകരാറിലായ വ്യക്തികളിൽ ഇൻസുലിൻ പ്രതിരോധം സാധാരണയായി കാണാറുണ്ട്.

നിരന്തരമായ ക്ഷീണം

മതിയായ വിശ്രമം ലഭിച്ചിട്ടും നിരന്തരമായ ക്ഷീണവും ബലഹീനതയും അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് കരൾ രോഗത്തിന്റെ സൂചനയാകാം. ഈ പ്രശ്നം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഒരു ഡോക്ടറെ കാണാം.

മഞ്ഞപ്പിത്തം

ചർമത്തിലും കണ്ണുകളിലും മഞ്ഞനിറം ഉണ്ടാകുന്നത് ഫാറ്റി ലിവർ രോഗം മൂർച്ഛിച്ചതിൻ്റെയോ കരളിൻ്റെ പ്രവർത്തനം ശരിയല്ല എന്നതിന്റെയോ ലക്ഷണമാകാം.

വയറുവേദന

വയറിന്റെ മുകൾഭാഗത്ത് വലതുവശത്തായി വേദനയും വീക്കവും അനുഭവപ്പെടുന്നത് ഫാറ്റി ലിവർ രോഗത്തിന്റെ സൂചനയാകാം. കൊഴുപ്പ് കാരണം കരളിൽ വീക്കമുണ്ടാകുന്നത് ഈ അസ്വസ്ഥതയ്ക്ക് കാരണമാകും.

ഉയർന്ന കൊളസ്ട്രോൾ

ഹൃദയസംബന്ധമായ പ്രശ്നമാണ് കൊളസ്ട്രോൾ. എന്നാൽ, ഫാറ്റി ലിവർ രോഗികളിൽ ഈ അവസ്ഥ കാണാറുണ്ട്.

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)