കാൻസർ പോലെ ഗുരുതരമായ രോഗം വലിയവരെന്നോ, ചെറിയവരെന്നോ ഭേദമില്ലാതെ ആർക്കുവേണമെങ്കിലും വരാമെന്നും കരുതൽ വേണമെന്നും നടിയും കാൻസർ അതിജീവിതയുമായ മംമ്ത മോഹൻദാസ്. 24ാം വയസ്സിലാണ് മംമ്തയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത്. കാൻസർ രോഗികളെ സങ്കടത്തോടെയും സഹതാപത്തോടെയും നോക്കരുതെന്ന് താൻ പറയാറുണ്ടെന്നും അതൊരിക്കലും അവർക്ക് ഗുണംചെയ്യില്ലെന്നും മംമ്ത പറഞ്ഞു. ഒരു ചെറുചിരിയോടെ പോകുന്നതുപോലും അവരിൽ മാറ്റമുണ്ടാക്കും. അവരുടെ സമ്മർദം കൂട്ടാനല്ല, കുറയ്ക്കാനാണ് നാം ശ്രമിക്കേണ്ടത്.
ഇമ്മ്യൂണോതെറാപ്പിയും ടാർഗെറ്റഡ് തെറാപ്പിയും നിലവിലെ കാൻസർ ചികിത്സാമേഖലയിൽ വളരെ മികച്ച റിസൾട്ടുകൾ കൊണ്ടുവരുന്നുണ്ടെന്നും മംമ്ത പറഞ്ഞു. ആശങ്കപ്പെടുന്ന സമയത്ത് അതുമാറ്റിവച്ച് രോഗാവസ്ഥയേക്കുറിച്ചും ജീവിതരീതി മെച്ചപ്പെടുത്താൻ ചെയ്യേണ്ട കാര്യങ്ങളേക്കുറിച്ചുമൊക്കെ കൂടുതൽ പഠിക്കാൻ ശ്രമിക്കണം. ശരീരത്തിലെ വീക്കം കുറയ്ക്കുക എന്നത് കാൻസർ പ്രതിരോധത്തിൽ പ്രധാനമാണെന്നും മംമ്ത പറയുന്നുണ്ട്. അന്തരീക്ഷമലിനീകരണം, അനാരോഗ്യകരമായ ഭക്ഷണരീതി, ദുശ്ശീലങ്ങൾ, നെഗറ്റീവ് ചിന്തകൾ തുടങ്ങിയവയൊക്കെ ശരീരത്തിൽ വീക്കം കൂട്ടും. ഇത് സമ്മർദം കൂട്ടുകയും രോഗങ്ങൾ വിളിച്ചുവരുത്തുകയും ചെയ്യും. യോഗ, മെഡിറ്റേഷൻ, ശ്വസനവ്യായാമങ്ങൾ തുടങ്ങിയവ പരിശീലിക്കണമെന്ന് പറയുന്നത് ഇതുകൊണ്ടാണെന്നും മംമ്ത പറയുന്നു.
ഇരുപത്തിനാലാം വയസ്സിൽ തനിക്ക് സ്ഥിരീകരിച്ചത് ഹോജ്കിൻസ് ലിംഫോമയാണ്. ലിംഫ്നോഡുകളെ ബാധിക്കുന്ന അർബുദമാണത്. ഹോജ്കിൻസ് ലിംഫോമയേക്കുറിച്ച് വേണ്ടവിവരങ്ങളൊന്നും അന്ന് ലഭ്യമായിരുന്നില്ല. എനിക്കോ, മാതാപിതാക്കൾക്കോ എന്താണ് നേരിടാൻ പോകുന്നതെന്ന ധാരണയില്ലായിരുന്നു. നാൽപതുവർഷത്തെ ഗവേഷണത്തിനുശേഷമാണ് ഹോജ്കിൻസ് ലിംഫോമയ്ക്കുള്ള മരുന്ന് കണ്ടെത്തുന്നത്. 2014-ൽ എല്ലാ ചികിത്സയും പരാജയപ്പെട്ട സമയത്ത് ഒരു ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായിരുന്നു. ആ മരുന്നിന്റെ ആദ്യപരീക്ഷണം ആരംഭിക്കുന്നത് 1984-ലായിരുന്നു. അത്രയുംകാലം എനിക്കൊപ്പം എങ്ങനെയോ ആ മരുന്നിന്റെ ഗവേഷണവും പുരോഗമിക്കുന്നുണ്ടായിരുന്നു. ആ മരുന്നുകൊണ്ടുമാത്രമാണ് ജീവൻ രക്ഷിക്കാനായതും ഇന്നിവിടെ നിന്ന് സംസാരിക്കാനായതും -മംമ്ത പറഞ്ഞു.
ആരോഗ്യകരമായ ജീവിതശൈലി, പുകവലിക്കില്ല, മദ്യപിക്കില്ല, വ്യായാമം ചെയ്യൽ തുടങ്ങിയവയൊക്കെ താനും ആ പ്രായത്തിൽ ചെയ്തിരുന്നു. ദിവസവും വ്യായാമം ചെയ്യുന്നയാളായിരുന്നു. മധുരംപാടേ ഉപേക്ഷിച്ചിരുന്ന കാലമാണ്. എന്നിട്ടും തനിക്ക് രോഗം വന്നു. അതുകൊണ്ട് രോഗംവരുന്നതിൽ ഒരു തീർപ്പ് പറയാനാവില്ലെന്നും മംമ്ത പറഞ്ഞു.
ലോക കാൻസർ ദിനത്തോടനുബന്ധിച്ച് ജോയ് ആലുക്കാസ് സംഘടിപ്പിച്ച നിർധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് അവശ്യ മരുന്നുകൾ നൽകുന്ന പദ്ധതിയ്ക്ക് തുടക്കമിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു മംമ്ത മോഹൻദാസ്.
എന്താണ് ഹോജ്കിൻസ് ലിംഫോമ ?
മനുഷ്യശരീരത്തിലെ പ്രതിരോധ സംവിധാനത്തിലെ ലിംഫാറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന പ്രത്യേകതരം രക്താർബുദമാണ് ഹോജ്കിൻസ് ലിംഫോമ. വെളുത്ത രക്താണുക്കളുടെ അസാധാരണമായ വർധനയ്ക്ക് ഈ രോഗാവസ്ഥ കാരണമാകും, അത് ലിംഫ് നോഡുകളുടെ വീക്കത്തിനും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചില മുഴകൾ ഉണ്ടാകാനും കാരണമാകും. ഈ രോഗം വളരെ അപൂർവവും ഗുരുതരവുമാണെങ്കിലും നേരത്തെ കണ്ടെത്തി ശരിയായ രീതിയിലുള്ള ചികിത്സ നടത്തിയാൽ വിജയകരമായി രോഗത്തെ നേരിടാൻ സാധിക്കും.
ഹോജ്കിൻസ് ലിംഫോമയുടെ ആദ്യ ലക്ഷണങ്ങൾ അവ്യക്തമാണെങ്കിലും കഴുത്ത്, കക്ഷം, നാഭി തുടങ്ങിയ ഭാഗങ്ങളിൽ വേദനയില്ലാത്ത വലിയ ലിംഫ് നോഡുകൾ പ്രത്യക്ഷപ്പെടും. തുടർച്ചയായ ക്ഷീണം, നേരിയ തോതിൽ പനി, രാത്രിയിൽ അമിതമായ വിയർപ്പ് എന്നിവയും ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.
Content Highlights: Actress & cancer survivor Mamta Mohandas shares insights on cancer prevention, modern treatments like immunotherapy, and the importance of a positive mindset.
Published: 05 Feb 2026, 08:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented