നിലമ്പൂർ: പാലിയേറ്റീവ് കെയർ രംഗത്ത് മലപ്പുറം ജില്ല മുന്നേറ്റം നടത്തുമ്പോൾ കിടപ്പിലായ രോഗികളെ കാത്തിരിക്കുന്നത് സാന്ത്വനപരിചരണത്തിലൂടെ വേദന മറക്കാനുള്ള അവസരം. ദീർഘകാല രോഗങ്ങൾമൂലം കിടക്കയിൽനിന്ന് എഴുന്നേൽക്കാൻ പറ്റാത്തവർക്കും പരസഹായം ആവശ്യമുള്ളവർക്കും ഗുരുതര രോഗങ്ങൾമൂലം കഷ്ടപ്പെടുന്നവർക്കും പാലിയേറ്റീവ് കെയർ സേവനങ്ങൾ പ്രയോജനപ്പെടുത്താം. അടുത്തുള്ള സർക്കാർ സംവിധാനത്തെയോ സന്നദ്ധസംഘടനകളെയോ ബന്ധപ്പെട്ട് സേവനം ആവശ്യപ്പെടാം. പരിശീലനം ലഭിച്ചവർ രോഗികൾക്ക് പരിചരണം നൽകാൻ തയ്യാറെന്ന് അധികൃതർ വ്യക്തമാക്കി.

To advertise here,

പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻവേണ്ടി സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് പാലിയേറ്റീവ് ഗ്രിഡ്. സ്വകാര്യ, സർക്കാർ മേഖലകൾ ഒന്നിച്ചു പ്രവർത്തിച്ച്, പരിചരണം വേണ്ടവരെ ഒരു കുടക്കീഴിലാക്കുന്നതാണ് ഇതിന്റെ രീതി. പ്രവർത്തനങ്ങളിലെ ഇരട്ടിപ്പ് ഒഴിവാക്കി, രജിസ്റ്റർചെയ്ത എല്ലാ രോഗികൾക്കും മികച്ച പരിചരണം ഉറപ്പുവരുത്തും. ഒരു രോഗിക്ക് ഒരു വൊളന്റിയർ എന്ന ലക്ഷ്യം നേടുന്നതിനുള്ള ശ്രമങ്ങളുടെ മുന്നോടിയായുള്ള പ്രവർത്തനമാണ് സർക്കാർ ലക്ഷ്യംവെക്കുന്നതെന്ന് പദ്ധതിയുടെ ജില്ലയിലെ നോഡൽ ഓഫീസർ ഡോ. കെ.കെ. പ്രവീണ പറഞ്ഞു.

ഗ്രിഡിൽ ജില്ലയിൽ 223 എൻ.ജി.ഒ.കൾ രജിസ്റ്റർചെയ്തിട്ടുണ്ട്. ഇനിയും കൂടുതൽ എൻ.ജി.ഒ.കൾ ഇതിലേക്കു വരേണ്ടതുണ്ടെന്നാണ് ആരോഗ്യരംഗത്തെ വിദഗ്‌ധരുടെ അഭിപ്രായം.

ജില്ലയിൽ ബുധനാഴ്‌ചവരെയുള്ള കണക്കനുസരിച്ച് 35,420 രോഗികളാണ് ഗ്രിഡിൽ രജിസ്റ്റർചെയ്തിട്ടുള്ളത്. 30,513 രോഗികൾ ഇതിൽ സജീവമാണ്. ജില്ലയിലെ 146 സർക്കാർ പ്രാഥമികകേന്ദ്രങ്ങൾ വഴിയും തദ്ദേശസ്ഥാപനങ്ങൾ വഴിയും പാലിയേറ്റീവ് പ്രവർത്തനങ്ങൾ നടത്തിവരുന്നു.

രോഗികളിൽ 59 ശതമാനം സ്ത്രീകളാണ്. 39.94 ശതമാനം പുരുഷൻമാരും. 1.28 ശതമാനം ട്രാൻസ്‌ജെൻഡറുമുണ്ട്.

71-നും 80-നും ഇടയിൽ പ്രായമുള്ള രോഗികളാണ് കൂടുതൽ. രക്തസമ്മർദപ്രശ്‌നം നേരിടുന്നവർ 35,000 വരും. സ്‌ട്രോക്ക് വന്നവർ-25,047, വാർധക്യപ്രശ്‌നങ്ങൾ നേരിടുന്നവർ-20,132, കിടപ്പിലായവർ-7648, പ്രമേഹം കാരണം കാലിന് മുറിവുപറ്റിയവരോ മുറിച്ചവരോ ആയവർ-5300, മറവിക്കാർ-3762, പാർക്കിൻസൺ രോഗമുള്ളവർ-3562, ഗുരുതര വൃക്കരോഗികൾ-3106, മാനസികാരോഗ്യ പ്രശ്‌നമുള്ളവർ-2693, സ്തനാർബുദമുള്ളവർ-2012, വൻകുടൽ കാൻസർ ഉള്ളവർ-1012 എന്നിങ്ങനെയാണ് ഗ്രിഡിലുള്ള രോഗികളുടെ തരംതിരിച്ചുള്ള കണക്കുകൾ.

കൂടുതൽ മികച്ച സേവനം നൽകാനാകും

: കമ്യൂണിറ്റി ബേസ്ഡ് ഓർഗനൈസേഷൻ എന്നനിലയിൽ പോർട്ടലിന്റെ ഭാഗമായി പ്രവർത്തനം നടത്തുമ്പോൾ പാലിയേറ്റീവ് പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കാൻ കഴിയും. അതോടൊപ്പം ഗുണമേൻമയുള്ള സേവനങ്ങൾ കൂടുതൽ രോഗികളിലേക്കെത്തിക്കാനും സേവനം ഉറപ്പുവരുത്താനും കഴിയും.

-ഡോ. കെ.കെ. പ്രവീണ

ജില്ലാ നോഡൽ ഓഫീസർ, ആർദ്രം പദ്ധതി