ഉയർന്ന അളവിൽ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് മൂന്ന് ബ്യൂട്ടി ക്രീമുകൾക്ക് നിരോധനം ഏർപ്പെടുത്തി മഹാരാഷ്ട്ര ഫുഡ്& ഡ്രഗ് അഡ്മിനിസ്ട്രേഷൻ. ഫേസ് ഫ്രഷ് ഗോൾഡ്, ഗോൾഡൻ സ്റ്റാർ ബ്യൂട്ടി ക്രീം, പാകിസ്താൻ നിർമിതമായ ഗോറി ബ്യൂട്ടി ക്രീം തുടങ്ങിയവയാണ് ഗുണനിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി നിരോധിച്ചത്.

To advertise here,

സംരംഭകനും സോഷ്യൽമീഡിയാ ഉപയോക്താവുമായ ചിരാഗ് ഭർജാട്യ എന്നയാൾ സാമൂഹികമാധ്യമത്തിലൂടെ ഒരു പോസ്റ്റ് പങ്കുവെച്ചതിനുപിന്നാലെയാണ് വിഷയം ശ്രദ്ധയിൽപ്പെട്ടത്. നാഗ്പൂരിൽ നിന്നുള്ള പതിനെട്ട് സ്ത്രീകൾക്ക് രണ്ടുവർഷകാലയളവിനിടെ വൃക്കസംബന്ധമായ രോഗങ്ങൾ പിടിപെട്ടുവെന്നാണ് പോസ്റ്റിലുണ്ടായിരുന്നത്. ഇവരെല്ലാം ഗോറി ബ്യൂട്ടി ക്രീം ഉപയോഗിച്ചിരുന്നുവെന്നും കുറിപ്പിലുണ്ടായിരുന്നു. എഫ്‍ഡിഎ(FDA stands for Food and Drug Administration.) നടത്തിയ പരിശോധനയിൽ ക്രീമിൽ അനുവദനീയമായ അളവിനേക്കാൾ 752 മടങ്ങ് കൂടുതൽ മെർക്കുറിയുടെ സാന്നിധ്യവും കണ്ടെത്തിയെന്ന് അദ്ദേഹം കുറിച്ചു.

ഗോറി ബ്യൂട്ടി ക്രീം ഉപയോഗിച്ചിരുന്ന നിരവധി സ്ത്രീകൾക്ക് വൃക്ക സംബന്ധമായ അസുഖങ്ങൾ പിടിപെട്ടിരുന്നുവെന്നു കാണിച്ച് നാഗ്പൂരിൽ നിന്ന് നിരവധിപേർ പരാതികൊടുക്കുകയും ചെയ്തിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര ഫുഡ്& ഡ്രഗ് അഡ്മിനിസ്ട്രേഷൻ ക്രീമിന്റെ സാമ്പിളുകൾ ശേഖരിക്കുകയും ലബോറട്ടറി പരിശോധനയിൽ മെർക്കുറിയുടെ സാന്നിധ്യം അമിതമായ അളവിൽ കണ്ടെത്തുകയുമായിരുന്നു.

ചില ഉപഭോക്താക്കൾ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴിയാണ് ഉത്പന്നം വാങ്ങിയതെന്നും ഏകദേശം രണ്ടു വർഷത്തോളമായി ഇത് പതിവായി ഉപയോഗിച്ചു വരികയായിരുന്നുവെന്നും അധികൃതർ അറിയിച്ചു. എക്സ്പയറി ഡേറ്റ് ഇല്ലാതെയാണ് ഉത്പന്നം വിറ്റിരുന്നതെന്നും കണ്ടെത്തി. മെർക്കുറി അടങ്ങിയ സൗന്ദര്യവർധക വസ്തുക്കൾ ദീർഘകാലം ഉപയോഗിച്ചാൽ വൃക്ക, നാഡീവ്യൂഹം, മറ്റ് അവയവങ്ങൾ എന്നിവയ്ക്ക് സാരമായ തകരാറുകൾ വരാനുള്ള സാധ്യത കൂടുതലാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ഈ ക്രീം വിൽക്കുന്ന ഏതെങ്കിലും സംഭവം ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ ഉടനടി അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ചർമം വെളുപ്പിക്കാനുള്ള ക്രീമുകളിൽ ചർമത്തിലെ മെലാനിൻ ഉത്പാദനം തടയുന്നതിനായി പലപ്പോഴും നിയമവിരുദ്ധമായി മെർക്കുറി പോലുള്ളവ അമിതമായി ചേർക്കാറുണ്ട്. സ്ഥിരമായി ഉപയോഗിക്കുമ്പോൾ ഇവ ചർമത്തിലൂടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും അടിഞ്ഞുകൂടുകയും ചെയ്യും. ഇത് വൃക്കകളുടെ ആരോഗ്യം തകരാറിലാക്കുകയും പല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.