ഗോമൂത്രത്തിന് ഔഷധഗുണമുണ്ടെന്ന മദ്രാസ് ഐ.ഐ.ടി. ഡയറക്ടര്‍ പ്രൊഫ. വി. കാമകോടിയുടെ വാദത്തെ പിന്തുണച്ച 'സോഹോ' സഹസ്ഥാപകനും സി.ഇ.ഒയുമായ ശ്രീധര്‍ വെമ്പുവിനെ കടന്നാക്രമിച്ച് കരള്‍രോഗ വിദഗ്ധനും ഗവേഷകനുമായ ഡോ. സിറിയക് അബി ഫിലിപ്‌സ്. സാമൂഹികമാധ്യമങ്ങളില്‍ 'ലിവര്‍ ഡോക്ടര്‍' എന്നറിയപ്പെടുന്ന ഡോ. സിറിയക്, എക്‌സിലൂടെയാണ് വെമ്പുവിനെതിരെ വിമര്‍ശനവും പരിഹാസവും ഉയര്‍ത്തിയത്.

To advertise here,

'ശാസ്ത്രബോധമില്ലാത്ത പഴഞ്ചന്‍ അമ്മാവാ, നിങ്ങളുടെ ഇപ്പറയുന്ന ഇന്ത്യന്‍ പരമ്പരാഗത ചികിത്സാശൈലിയായ സിദ്ധയും ഫീക്കല്‍ ട്രാന്‍സ്പ്ലാന്റ്‌സിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എത്രകാലം നിങ്ങള്‍ ഇങ്ങനെ വിവരമില്ലാതെ സംസാരിക്കും, ഫോളോവേഴ്‌സിനെ തെറ്റിദ്ധരിപ്പിക്കും, സ്വയം വിഡ്ഢിയാകും?, ഡോ. സിറിയക് അബി ഫിലിപ്‌സ് ചോദിക്കുന്നു.

'പ്രാചീനമായ അസംബന്ധങ്ങളെയും പ്രാകൃത ചികിത്സാരീതികളെയും പ്രോത്സാഹിപ്പിക്കുകയും, ഐ.ഐ.ടി. മദ്രാസിലെ പ്രൊഫസറെപ്പോലെ തെറ്റിദ്ധാരണ പരത്തുന്ന വിഡ്ഢികളുടെ ഉച്ചഭാഷിണിയാകുകയും ചെയ്യുന്നതിന് പകരം, ഒരു സമൂഹം എന്ന നിലയില്‍ എങ്ങനെ നമുക്ക് ശാസ്ത്രത്തിലൂടെയും ശാസ്ത്രീയമാര്‍ഗങ്ങളിലൂടെയും പുരോഗതി കൈവരിക്കാമെന്നുള്ള വിവരങ്ങള്‍ പങ്കുവെക്കൂ', ലിവര്‍ ഡോക് പറയുന്നു. മൂത്രചികിത്സ കൊണ്ട് നേട്ടങ്ങളൊന്നുമില്ലെന്നും അതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുപിന്നില്‍ ശാസ്ത്രീയതയില്ലെന്നും ഡോ. സിറിയക് അബി ഫിലിപ്‌സ് ചൂണ്ടിക്കാട്ടുന്നു.

ഗോമൂത്രത്തിനും ചാണകത്തിനും ഗുണങ്ങളുണ്ടെന്നത് അന്ധവിശ്വാസത്തിലൂന്നിയ വ്യാജചികിത്സയല്ലെന്ന് ഐ.ഐ.ടി. പ്രൊഫസറുടെ വാദത്തെ പിന്തുണച്ചുകൊണ്ടുള്ള ട്വീറ്റില്‍ ശ്രീധര്‍ വെമ്പു പറഞ്ഞിരുന്നു.