രക്തദാതാവെന്ന നിലയില്‍ അസാധാരണമായ സംഭാവനകള്‍ക്ക് പേരുകേട്ട ജെയിംസ് ഹാരിസണ്‍ (88) അന്തരിച്ചു. 'സ്വര്‍ണ്ണക്കൈയുള്ള മനുഷ്യന്‍' എന്നറിയപ്പെടുന്ന ഹാരിസണിന്റെ പ്ലാസ്മ ദാനം രണ്ട് ദശലക്ഷത്തിലധികം ഓസ്‌ട്രേലിയന്‍ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ട്. 

To advertise here,

കുടുംബം സ്ഥിരീകരിച്ച പ്രകാരം ഫെബ്രുവരി 17 ന് ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ ഒരു വൃദ്ധസദനത്തിലാണ് അദ്ദേഹം അന്തരിച്ചത്.

രക്തദാതാവ് എന്ന നിലയിലുള്ള ജെയിംസ് ഹാരിസണിന്റെ യാത്ര 18-ആം വയസ്സിലാണ് ആരംഭിച്ചത്.  ഹാരിസണിന്റെ രക്തത്തില്‍ ആന്റി-ഡി എന്ന അപൂര്‍വ ആന്റിബോഡി അടങ്ങിയിട്ടുണ്ട്.  ഇത് ഗര്‍ഭസ്ഥശിശുക്കളേയും നവജാതശിശുക്കളേയും ഗുരുതരമായി ബാധിക്കുന്ന ഹീമോലിറ്റിക് രോഗം (HDFN) എന്ന രക്തരോഗത്തില്‍നിന്ന് സംരക്ഷണം നല്‍കുന്നതില്‍ നിര്‍ണായകമാണ്.

14 വയസ്സുള്ളപ്പോള്‍ ഒരു വലിയ നെഞ്ച് ശസ്ത്രക്രിയയ്ക്ക് വിധേയനപ്പോഴുണ്ടായ രക്തപ്പകര്‍ച്ചയ്ക്ക് ശേഷമാണ് രക്ത ദാതാവാകുമെന്ന്  ജെയിംസ് ഹാരിസണ്‍ പ്രതിജ്ഞയെടുത്തത്.

18 വയസ്സുള്ളപ്പോള്‍ അദ്ദേഹം തന്റെ പ്ലാസ്മ ദാനം ചെയ്ത് തുടങ്ങി. 81 വയസ്സുവരെ അദ്ദേഹം ഓരോ രണ്ടാഴ്ചയിലും ഈ പ്ലാസ്മ ദാനം തുടര്‍ന്നിരുന്നു. 2005ല്‍ അദ്ദേഹം പ്ലാസ്മ ദാനത്തില്‍ ലോക റെക്കോഡ് സൃഷ്ടിച്ചു. 2022-ല്‍ അദ്ദേഹത്തിന്റെ ഈ റെക്കോഡ് ഒരു യുഎസ് പൗരന്‍ മറികടന്നു.

എണ്ണമറ്റ ജീവന്‍ രക്ഷിച്ചതിലും അതിലൂടെ അറിയപ്പെടുന്നതിലും തന്റെ പിതാവ് വളരെയധികം അഭിമാനിച്ചിരുന്നതായി  ജെയിംസ് ഹാരിസണിന്റെ മകള്‍ ട്രേസി മെല്ലോഷിപ്പ് പറഞ്ഞു.

'ഇത് ഉപദ്രവമാകില്ലെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു, നിങ്ങള്‍ രക്ഷിക്കുന്ന ജീവന്‍ നിങ്ങളുടേതായിരിക്കാമെന്നും' മകള്‍ കൂട്ടിച്ചേര്‍ത്തു.

ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ ചുവന്ന രക്താണുക്കള്‍ക്ക് അവരുടെ വളരുന്ന കുഞ്ഞിന് ചേര്‍ച്ചയിലാതെ വരുമ്പോഴാണ് ഹീമോലിറ്റിക് രോഗം ഉണ്ടാകുന്നത്. അമ്മയുടെ പ്രതിരോധ സംവിധാനം കുഞ്ഞിന്റെ രക്തകോശങ്ങളെ ഒരു ഭീഷണിയായി കാണുകയും അവയെ ആക്രമിക്കാന്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് കുഞ്ഞുങ്ങളുടെ ജീവന്‍തന്നെ അപകടത്തിലാക്കുന്ന സ്ഥിതിയുണ്ടാക്കും.

അമ്മയുടെ പ്രതിരോധ സംവിധാനം കുഞ്ഞിന്റെ രക്തകോശങ്ങളെ ഒരു ഭീഷണിയായി കാണുകയും അവയെ ആക്രമിക്കാന്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് ഗുരുതരമായ അനീമിയ, ഹൃദയസ്തംഭനം അല്ലെങ്കില്‍ മരണം എന്നിവയ്ക്ക് കാരണമാകുകയും കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇതിന്റെ പ്രതിരോധിക്കുകയാണ് ആന്റി ഡി ചെയ്യുന്നത്.