കണ്ണൂർ: എലിപ്പനി എന്ന് വിളിക്കുന്ന ലെപ്റ്റോസ്പൈറോസിസ് എന്ന രോഗത്തെ തടയാനാകുന്നില്ല. സംസ്ഥാനത്ത് ഏറ്റവും മരണകാരിയാകുന്ന പകർച്ചവ്യാധിയായി ഈ ജന്തുജന്യരോഗം തുടരുകയാണ്. ഈ വർഷം 1642 പേരിൽ രോഗം ബാധിച്ചപ്പോൾ 83 പേർ മരിച്ചു. ദിവസങ്ങൾ നീളുന്ന തീവ്രപരിചരണ ചികിത്സയിലൂടെയാണ് പലർക്കും ജീവൻ തിരിച്ചുകിട്ടുന്നത്. ഇനി മൂന്നുമാസം രോഗികളുടെ എണ്ണം കുതിച്ചുയരും. മഴക്കാലത്താണ് രോഗികൾ കൂടുക. രോഗനിർണയവും ചികിത്സയും വൈകുന്നത് മരണത്തിന്റെ തോത് കൂടാൻ ഇടയാക്കുന്നു. ആധുനിക ചികിത്സയുടെ ബലത്തിലാണ് മരണനിരക്ക് ആറ് ശതമാനത്തിലെങ്കിലും ഒതുക്കി നിർത്താനാകുന്നത്.
ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയയാണ് രോഗാണു. അണുബാധ തിരിച്ചറിയാൻ പരിശോധനകളുണ്ട്. പ്രതിരോധിക്കാനും ചികിത്സിച്ച് ഭേദമാക്കാനും ഫലപ്രദമായ മരുന്നുമുണ്ട്. മലിനജലവുമായി ബന്ധപ്പെടുന്നവർ രോഗപ്രതിരോധത്തിന് ഡോക്സിസൈക്ലിൻ ഗുളിക കഴിക്കണമെന്ന് ആരോഗ്യവകുപ്പ് ബോധവത്കരണം നടത്തിവരികയാണ്. ഉപകേന്ദ്രങ്ങളിൽ ഉൾപ്പെടെ ഗുളിക ലഭ്യവുമാണ്. എങ്കിലും എല്ലാ വർഷവും ധാരാളമാളുകൾക്ക് രോഗം ബാധിക്കുന്നു. പലരും മരിക്കുന്നു.
2023-5186 രോഗികൾ, 282 മരണം 2024-5980 രോഗികൾ, 394 മരണം |
അവയവങ്ങളെ ബാധിക്കും
10 ശതമാനമാളുകളിലാണ് രോഗം തീവ്രമാകുന്നത്. പ്രത്യേകിച്ചും മറ്റു അസുഖങ്ങൾ ഉള്ളവരിലും പ്രായമായവരിലും. രോഗം സങ്കീർണമായാൽ കരൾ, വൃക്കകൾ, ശ്വാസകോശം, ഹൃദയം തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിക്കും.
ലക്ഷണങ്ങൾ: പനി, അതിശക്തമായ പേശി വേദന, തലവേദന, കണ്ണിൽ ചുവപ്പ്, ശരീരത്തിൽ പാടുകൾ, മഞ്ഞപ്പിത്തം, മൂത്രത്തിന്റെ അളവ് കുറയൽ.
പരത്തുന്നത് തെരുവുനായകളും
എലിപ്പനി എന്നപേര് പല കാരണങ്ങൾകൊണ്ടും ഉചിതമല്ല. എലിമൂത്രത്തിലൂടെ മാത്രമല്ല രോഗം പകരുന്നത്. എലിനശീകരണം മാത്രമല്ല പ്രതിരോധവഴിയും. കന്നുകാലികളും തെരുവുനായ്ക്കളുമാണ് സംസ്ഥാനത്ത് ലെപ്റ്റോസ്പൈറോസിസ് പ്രധാനമായും പരത്തുന്നത് എന്നാണ് അനുമാനം.
മലിനജലത്തിൽ ജോലിചെയ്യുന്നവരേക്കാൾ മഴയെത്തുടർന്ന് കെട്ടിനിൽക്കുന്ന വെള്ളത്തിലും നനഞ്ഞ മണ്ണിലും നടക്കുന്നവരിലാണ് രോഗബാധ കൂടുതൽ. ഇവിടെയൊക്കെ എലിമൂത്രത്തേക്കാൾ തെരുവുനായ്ക്കളുടെയും കന്നുകാലികളുടെയും മൂത്രമുണ്ടാകാനാണ് സാധ്യത. കേരളത്തിലടക്കം നായ്ക്കളിൽ ലെപ്റ്റോസ്പൈറ അണുബാധയുടെ ലക്ഷണമായ രക്തത്തിലെ ആന്റിബോഡികൾ വ്യാപകമായ തോതിലുള്ളതായി പഠനങ്ങളുണ്ട്. രോഗാണുവാഹകരായ ജീവികളുടെ മൂത്രം കലർന്ന വെള്ളക്കെട്ടുകൾ, ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽനിന്ന് ശരീരത്തിലെ മുറിവുകളിലൂടെയാണ് രോഗം പകരുന്നത്.
വേണം പഠനം
കേരളത്തിൽ ലെപ്റ്റോസ്പൈറോസിസ് എന്തുകൊണ്ട് കൂടിനിൽക്കുന്നു, മരണകാരിയാകുന്നു എന്നതിനെക്കുറിച്ച് ഗൗരവമായ പഠനങ്ങൾ നടക്കണം.
Content Highlights: Kerala battles rising leptospirosis cases. Learn about symptoms, prevention, and treatment.
Published: 19 Jun 2025, 08:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented