തിരുവനന്തപുരം: എലിപ്പനി, ഡെങ്കിപ്പനി തീവ്രത കണക്കിലെടുത്ത് രോഗപ്പകർച്ച രണ്ടാഴ്ച നിരീക്ഷിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. രോഗബാധ പഠിക്കാൻ പ്രത്യേകസമിതിയെയും നിയോഗിക്കും. ഇടവിട്ട് മഴ തുടരുന്നസാഹചര്യത്തിൽ കൊതുകുനശീകരണത്തിന് പ്രത്യേക ഊന്നൽനൽകി പ്രാദേശികതലത്തിൽ തുടർനടപടികൾ സ്വീകരിക്കും.
എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇക്കൊല്ലം ഇതുവരെ 339 പേർ മരിച്ചു. ഇതിൽ 187 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പതിനൊന്നുമാസത്തിനിടെ അയ്യായിരത്തിലധികം പേർ എലിപ്പനിക്ക് ചികിത്സതേടി. 3043 പേർക്ക് രോഗം സ്ഥിരീകരിച്ചു.
ഡെങ്കിപ്പനി ബാധിച്ച് ഇക്കൊല്ലം 129 പേർ മരിച്ചു. 71,035 പേരാണ് കഴിഞ്ഞദിവസംവരെ ഡെങ്കിപ്പനിക്ക് ചികിത്സതേടിയത്. ഒക്ടോബർ 27 വരെ സംസ്ഥാനത്ത് 18,546 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തൽ.
എലിപ്പനി കണ്ടെത്താൻ വൈകുന്നു
*എലിപ്പനി സ്ഥിരീകരിക്കാൻ വൈകുന്നതാണ് രോഗം ഗുരുതരമാകാൻ കാരണം.
* പനി കഠിനമാകുന്നതിനൊപ്പം തലവേദന, പേശിവേദന, കണ്ണിന് ചുവപ്പുനിറം തുടങ്ങിയവ ശ്രദ്ധിക്കണം.
* മലിനജലത്തിൽ ഇറങ്ങിയവർ എലിപ്പനി പ്രതിരോധത്തിനുള്ള ‘ഡോക്സി സൈക്ലിൻ’ ഗുളിക കഴിക്കാൻ നിർദേശമുണ്ട്.
* കൈകാലുകളിൽ മുറിവുള്ളവർ മലിനജലവുമായി സമ്പർക്കംവരാതെ സൂക്ഷിക്കണം.
ഹെപ്പറ്റൈറ്റിസ് മരണം 84
കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് എ രോഗാണുമൂലം 84 പേർക്കാണ് ഇക്കൊല്ലം ഇതുവരെ ജീവൻ നഷ്ടമായത്. 24,681 പേർ ചികിത്സതേടി. ഇതിൽ 6600 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഹെപ്പറ്റൈറ്റിസ് ബാധ ഗുരുതരാവസ്ഥയിലേക്കുനീങ്ങുന്നതാണ് ഇപ്പോഴത്തെ പ്രവണതയെന്ന് ആരോഗ്യവിദഗ്‌ധർ പറയുന്നു. കക്കൂസ് മാലിന്യമടക്കം കുടിവെള്ളത്തിൽ കലരുന്നതും മലിനജലവുമായുള്ള സമ്പർക്കവും രോഗബാധയ്ക്ക് കാരണമാകുന്നു.
പകർച്ചവ്യാധി -2024 (നവംബർ 15 വരെ)
(രോഗം, ചികിത്സതേടിയവർ, മരണം)
ഡെങ്കിപ്പനി- 71,035- 129
എലിപ്പനി- 5399- 339
മലേറിയ- 796- 5
ചിക്കുൻഗുനിയ- 29- 2
കോളറ- 65- 2
ചിക്കൻപോക്സ്- 23,840- 16
ചെള്ളുപനി- 836- 18
വെസ്റ്റ് നൈൽ- 56- 8
മങ്കിപോക്സ്- 5- 0
പേവിഷബാധ- 25- 25
Content Highlights: Kerala Health Dept monitors Leptospirosis, Dengue & other infectious diseases
Published: 17 Nov 2024, 07:38 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented