കണ്ണൂര്‍: സംസ്ഥാനത്ത് ഈ വര്‍ഷം ഹെപ്പറ്റൈറ്റിസ് എ കാരണമുള്ള മഞ്ഞപ്പിത്തം വന്‍തോതില്‍ കൂടി. മലിനമായ കുടിവെള്ളത്തിലൂടെയും ശുചിത്വക്കുറവിലൂടെയും പകരുന്ന ഹെപ്പറ്റൈറ്റിസ് എ വ്യാപിക്കുന്നത് കേരളത്തിന് നാണക്കേടുമായി. 6123 പേര്‍ക്കാണ് ഇത്തവണ സംസ്ഥാനത്ത് രോഗം ബാധിച്ചത്. 61 പേര്‍ മഞ്ഞപ്പിത്തം വന്ന് മരിച്ചു. മഞ്ഞപ്പിത്തം സംശയിക്കുന്ന 17,067 കേസുകള്‍ വേറെയുമുണ്ട്. 17 മരണങ്ങളും.

To advertise here,

താരതമ്യേന വലിയ സങ്കീര്‍ണത വരുത്താത്ത രോഗം ഇത്തവണ പലരിലും തീവ്രമാവുകയും ചെയ്തു. പ്രമേഹം, അമിത രക്തസമ്മര്‍ദം, ഫാറ്റിലിവര്‍പോലുള്ള ജീവിതശൈലീരോഗങ്ങള്‍ സമൂഹത്തില്‍ വ്യാപകമാണെന്നതിനാല്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്. കണ്ണൂര്‍ ജില്ലയില്‍ 800-ലധികം പേരെ ഇക്കൊല്ലം ഹെപ്പറ്റൈറ്റിസ് എ ബാധിച്ചതായാണ് സര്‍ക്കാര്‍ കണക്ക്. തളിപ്പറമ്പ്, ചപ്പാരപ്പടവ്, പരിയാരം, മാലൂര്‍, തൃപ്രങ്ങോട്ടൂര്‍ എന്നീ പ്രദേശങ്ങളിലാണ് കൂടുതലായി വന്നത്. നിലവില്‍ തളിപ്പറമ്പിലാണ് കൂടുതല്‍ രോഗികള്‍.

തളിപ്പറമ്പില്‍ മഞ്ഞപ്പിത്തബാധ കൂടുതല്‍ യുവാക്കളില്‍

തളിപ്പറമ്പില്‍ 15 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവര്‍ക്കാണ് കൂടുതല്‍ മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്. രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. തളിപ്പറമ്പ് നഗരത്തെ ആശ്രയിക്കുന്ന സമീപ പഞ്ചായത്തുകളിലും രോഗബാധിതരുണ്ട്. ഇതുവരെ 340 മഞ്ഞപ്പിത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 50 ഓളം പേര്‍ കിടത്തി ചികിത്സ എടുത്തു. രോഗം ബാധിച്ചവര്‍ വീടുകളില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ പാലിക്കാത്തതാണ് രോഗപ്പകര്‍ച്ച തടയുന്നതിനു തടസ്സമായി നില്‍ക്കുന്നതെന്ന് ഡി.എം.ഒ. പറഞ്ഞു. തളിപ്പറമ്പില്‍ ഭൂരിഭാഗം കേസുകളും ഇത്തരം സെക്കന്‍ഡറി കേസുകള്‍ ആണ്.

ടോയ്ലറ്റ് ഉപയോഗശേഷം കൈകാലുകള്‍ രോഗികള്‍ നന്നായി കഴുകാത്തതാണ് രോഗവ്യാപനത്തിന് കാരണം. കഴിഞ്ഞ ദിവസങ്ങളില്‍ നഗരസഭയോട് ചേര്‍ന്ന പി.എച്ച്.സി.യിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ യോഗം ചേര്‍ന്നു. എഴോം ബ്ലോക്ക് സി.എച്ച്.സി.യില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. കെ.സി. സച്ചിന്‍ അധ്യക്ഷത വഹിച്ചു. അതോടൊപ്പം തദ്ദേശസ്വയംഭരണ പ്രതിനിധികളുടെ ഇന്റര്‍ സെക്ടറല്‍ മീറ്റിങ് നടത്തി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഡി.എം.ഒ. നിര്‍ദേശിച്ചു.

ഗൃഹസന്ദര്‍ശനംനടത്തും

ഗൃഹസന്ദര്‍ശനത്തിലൂടെ നേരിട്ട് ബോധവത്കരണം നടത്തും.ഭക്ഷ്യ ജലജന്യ രോഗങ്ങള്‍ തടയുന്നതിനായി ആരോഗ്യ-ഭക്ഷ്യവകുപ്പുകള്‍ നടപടികള്‍ സ്വീകരിക്കും. ആരോഗ്യ സ്ഥാപനങ്ങള്‍ പ്രദേശങ്ങളിലെ രോഗവ്യാപനം തടയുന്നതിന് ആവശ്യമായ കര്‍മപദ്ധതി തയ്യാറാക്കും. പ്രദേശത്തെ കിണറുകള്‍, മറ്റ് കുടിവെള്ള സ്രോതസ്സുകള്‍ എന്നിവ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യും. തുടര്‍ച്ചയായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ കാരണമാകുന്ന ജല സ്രോതസ്സുകള്‍ നശിപ്പിക്കാന്‍ തീരുമാനിച്ചു.

തളിപ്പറമ്പിലെ മഞ്ഞപ്പിത്ത വ്യാപനം തടയാന്‍കര്‍മപദ്ധതി നടപ്പാക്കും-ഡി.എം.ഒ.

കുടിവെള്ളം വിദഗ്ധ പരിശോധനയ്ക്കായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും

തളിപ്പറമ്പില്‍ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) ബാധിച്ച മേഖലയിലെ കുടിവെള്ളം വിദഗ്ധ പരിശോധനയ്ക്കായി ശേഖരിക്കും. ആവശ്യമെങ്കില്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും. രോഗം കണ്ടെത്തി വിദഗ്ധ ചികിത്സ ലഭിച്ചിട്ടും മഞ്ഞപ്പിത്തം വളരെ വേഗം മൂര്‍ച്ഛിക്കുകയും മരണങ്ങള്‍ ഉണ്ടാവുകയും ചെയ്തതിന്റെ കാരണങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് പരിശോധന നടത്തും. മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങള്‍ മരിക്കാനിടയായ സംഭവം അങ്ങേയറ്റം ഗൗരവത്തോടെ കാണുന്നതായി ഡി.എം.ഒ. ഡോ. പീയുഷ് എം. നമ്പൂതിരിപ്പാട് അറിയിച്ചു.

മഞ്ഞപ്പിത്ത വ്യാപനം തടയുന്നതിനായി തളിപ്പറമ്പ് നഗരസഭ, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഭക്ഷ്യസുരക്ഷാവകുപ്പ് എന്നിവയുമായി ചേര്‍ന്ന് ആരോഗ്യവകുപ്പ് തെളിച്ചം (ദി എജുക്കേഷന്‍ ആന്‍ഡ് ലൈഫ് സ്റ്റൈല്‍ ചേഞ്ച് ഫോര്‍ ഹെപ്പറ്റൈറ്റിസ്-എ മാനേജ്മെന്റ്) പദ്ധതി നടപ്പിലാക്കും. ജില്ലാ മാസ് മീഡിയ വിഭാഗം മുന്‍കൈയിലാണ് തെളിച്ചം പദ്ധതി നടപ്പിലാക്കുക. ഹെപ്പറ്റൈറ്റിസ്-എ പടരുന്ന സാഹചര്യങ്ങള്‍ ബോധവത്കരണത്തിലൂടെയും നല്ല ജീവിതശൈലിയിലൂടെയും മാറ്റാനാണ് ഉദ്ദേശിക്കുന്നത്.