കാൻസർ ചികിത്സയിലെ പുരോഗതിയേക്കുറിച്ച് തുറന്നുപറഞ്ഞ് വില്യം രാജകുമാരന്റെ ഭാര്യയും വെയിൽസ് രാജകുമാരിയുമായ കേറ്റ് മിഡിൽടൺ. കീമോതെറാപ്പി ചികിത്സ പൂർത്തിയായെന്നും ആശ്വാസം തോന്നുന്നുവെന്നും കേറ്റ് പറഞ്ഞു. പ്രിൻസ് ആന്റ് പ്രിൻസസ് ഓഫ് വെയിൽസ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ സഹിതം കേറ്റ് ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ഒടുവിൽ കീമോതെറാപ്പി ചികിത്സ അവസാനിച്ചിരിക്കുന്നു, എത്ര ആശ്വാസമുണ്ടെന്ന് പറഞ്ഞറിയിക്കാനാവില്ല. കഴിഞ്ഞ ഒമ്പതുമാസങ്ങൾ ഒരുകുടുംബം എന്ന നിലയ്ക്കുതന്നെ കടുപ്പമേറിയ ദിനങ്ങളാണ് കടന്നുപോയത്. ജീവിതം ഒരുനിമിഷം കൊണ്ട് മാറിമറിയും. കൊടുങ്കാറ്റു നിറഞ്ഞ വെള്ളത്തിലൂടെയും അജ്ഞാതമായ പാതയിലൂടെയുമൊക്കെ കടന്നുപോകാനുള്ള വഴികണ്ടെത്തണം- കേറ്റ് കുറിക്കുന്നു.
കാൻസർ യാത്ര എല്ലാവർക്കും സങ്കീർണവും ഭീതിപ്പെടുത്തുന്നതും അപ്രതീക്ഷിതവുമാണെന്നും കേറ്റ് കുറിച്ചു. കാൻസർ എല്ലാത്തിനോടുമുള്ള കാഴ്ചപ്പാട് മാറ്റും. ഈ കാലം എല്ലാറ്റിനുമുപരിയായി, എല്ലാവരും നിസ്സാരമായി കരുതുന്ന ലളിതവും എന്നാൽ പ്രാധാന്യമാർന്നതുമായ കാര്യങ്ങളിൽ കടപ്പെട്ടിരിക്കാൻ എന്നെയും വില്യമിനെയും ഓർമിപ്പിച്ചു. ലളിതമായി പറഞ്ഞാൽ സ്നേഹിക്കുക, സ്നേഹിക്കപ്പെടുക എന്നതുതന്നെ.
കാൻസർമുക്തമാകാൻ എന്നെക്കൊണ്ട് എന്തുചെയ്യാനാവും എന്നതിലണ് ഇപ്പോൾ എന്റെ ശ്രദ്ധ. ജോലിയിലേക്കും പൊതുപരിപാടികളിലേക്കും തിരിച്ചുവരാനും ആഗ്രഹിക്കുന്നുണ്ട്. സ്നേഹവും ദയയും കരുതലും കാണിച്ചവരോടെല്ലാം വില്യമും താനും കടപ്പെട്ടിരിക്കുന്നുവെന്നും കാൻസർ യാത്രയിലൂടെ പോകുന്നവർക്കൊപ്പം താനുമുണ്ടെന്നും കേറ്റ് കുറിക്കുന്നു.
ഇക്കഴിഞ്ഞ മാർച്ചിലാണ് കേറ്റ് അർബുദസ്ഥിരീകരണ വാർത്ത പുറത്തുവിട്ടത്. അർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ചും കീമോതെറാപ്പിയിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചുമാണ് നാൽപത്തിരണ്ടുകാരിയായ കേറ്റ് പങ്കുവെച്ചത്.
ജനുവരിയിലാണ് അടിവയറ്റില്‍ ശസ്ത്രക്രിയ നടത്തിയതെന്നും കാൻസർ സ്ഥിരീകരണം തനിക്ക് വലിയ ഞെട്ടലാണ് ഉണ്ടാക്കിയതെന്നും കേറ്റ് പറയുകയുണ്ടായി. ചാൾസ് രാജാവ് അർബുദചികിത്സയിലാണെന്ന് വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് കേറ്റിന്റേയും വാർത്ത പുറത്തുവന്നത്.
ജനുവരിയിലാണ് ശസ്ത്രക്രിയ നടന്നത്. അന്ന് നോൺകാൻസറസ് ആണെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ തുടർപരിശോധനകളിലാണ് കാൻസർ കണ്ടെത്തിയതെന്നും ചികിത്സയ്ക്കുശേഷം ഇപ്പോൾ സുഖംപ്രാപിച്ചു വരികയാണെന്നും കരുത്തോടെ തുടരുന്നുവെന്നും കേറ്റ് പറഞ്ഞു. കാൻസറാണെന്ന് സ്ഥിരീകരിച്ചതോടെ പ്രിവന്റീവ് കീമോതെറാപ്പി ആരംഭിക്കണമെന്ന് തന്റെ മെഡിക്കൽ ടീം നിർദേശിച്ചു. നിലവിൽ ചികിത്സയുടെ ആദ്യഘട്ടത്തിലാണെന്നും കേറ്റ് പറഞ്ഞു.
Content Highlights: kate middleton finishes chemotherapy
Published: 10 Sept 2024, 03:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented