തന്റെ രോഗാവസ്ഥയെ കുറിച്ച് ഫെയ്‌സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ച് നടനും മിമിക്രി താരവുമായ കണ്ണൻ സാഗർ. മൂത്രത്തിൽ കല്ലുള്ളതിനാൽ വേദന സഹിക്കാനാവുന്നില്ലെന്നും രാത്രി ഉറക്കംപോലും നഷ്ടപ്പെട്ടുവെന്നും കണ്ണൻ സാഗർ കുറിച്ചു. ശത്രുക്കൾക്കുപോലും ഈ അവസ്ഥ കൊടുക്കരുതെന്നും അദ്ദേഹം പറയുന്നുണ്ട്. രാത്രിയിൽ വേദന വരുമ്പോൾ ഭാര്യയുടെ ആശ്വാസവാക്കുകളാണ് അൽപം സമാധാനം നൽകുന്നതെന്നും ടാങ്കിൽ വെള്ളം നിറയ്ക്കുന്നതുപോലെ വെള്ളം കുടിച്ചുകൊണ്ടിരിക്കുകയാണെന്നും കണ്ണൻ സാഗർ കൂട്ടിച്ചേർത്തു.
'ശത്രുക്കൾക്ക് പോലും ഇങ്ങനെ ഒരു അവസ്ഥ കൊടുക്കരുത് മാനസികമായി, ശാരീരികമായി, ആന്തരികമായി വലിഞ്ഞുമുറുക്കി ഉറക്കവും ക്ഷമയും ഇരിക്കാനും നിക്കാനും നീണ്ടുനിവർന്നൊന്നു കിടക്കുവാനും ഒന്നങ്ങോട്ടോ ഇങ്ങോട്ടോ ചെരിഞ്ഞാൽ അങ്ങ് കൊക്കയിൽ വീഴുന്ന വേദനയുള്ള അനുഭവം, വയറുപൊട്ടി അകത്തുള്ളത് ഇപ്പോൾ പുറത്ത് പോകുമെന്ന അവസ്ഥ. മര്യാദയ്ക്ക് ഭക്ഷണം കഴിക്കുവാനോ ബാത്ത്‌റൂമിൽ സ്വസ്ഥമായി ഒന്നുപോയി ഇരിക്കുവാൻ വയ്യാത്ത അന്തരീക്ഷം.
അറിഞ്ഞു അതും നന്നായി അറിഞ്ഞു. ഭൂലോകം കറങ്ങുന്നതും ഇതൊന്നുമറിയാതെ തലവെട്ടം കണ്ടാൽ ഓടിവന്നു വിശേഷങ്ങൾ തിരക്കുന്നവരുടേയും കടന്നു കയറ്റം. അപ്പോഴും വയറുമ്പൊത്തി മറുപടിയും പറഞ്ഞു. ധാരാളം വെള്ളംകുടിക്ക് എന്ന ഉപദേശവും നൽകി അവർ നടന്നകലും. ചിലർ പച്ചമരുന്നാണ് ഉത്തമമെന്ന ഉപദേശം തരും. മറ്റുചിലർ ഒറ്റമൂലികിട്ടുന്ന സ്ഥലങ്ങളിലെ നമ്പർ തരാമെന്നും ഒന്ന് വിളിച്ചാൽ മതി അസുഖം പമ്പകടക്കുമെന്നും ഞാനും ഇതുകുറെ അനുഭവിച്ചുവെന്ന പങ്കുവെക്കലും ദീർഘശ്വാസവും വിട്ട് സഹതാപത്തിന്റെ കണിക വിതറി അവരും പോകും.
പക്ഷേ രാത്രിയോടെ ഇവരാരും ഉണ്ടാകില്ല. അടുത്ത് ഭാര്യമാത്രം. മുക്കലും ഞരുങ്ങലും കൂടുമ്പോൾ ആശുപത്രിയിൽ പോണോ എന്ന ചോദ്യവും വാങ്ങിവെച്ച മരുന്ന് ഒന്നുകൂടെ കഴിക്കെന്ന തലോടലും വീണ്ടും ചെരിഞ്ഞവൾ കിടക്കും. രാത്രിയുടെ യാമങ്ങളിൽ എപ്പഴോ അൽപ്പം ആശ്വാസം കിട്ടുമ്പോൾ ഒന്ന് മയങ്ങും. കണ്ണുതുറക്കുന്നത് ഈ വേദനയെ സ്വീകരിച്ചുകൊണ്ടാണ.് മൂന്ന് നാല് ദിനങ്ങളാണ് വേദനയുടെ സ്വർഗ്ഗ ലോകം കണ്ടത്.
'മൂത്രത്തിൽ കല്ല്' അനുഭവിച്ചവർക്ക് കൃത്യമായി അറിയാം ഇതിന്റെ വ്യാപ്തി. ഇപ്പോൾ വെള്ളമടി (ഒൺലി ജലം)തുടങ്ങി ടാങ്കിൽ വെള്ളം നിറക്കുമ്പോലെ കുടിച്ചുകൊണ്ടേ ഇരിക്കുന്നു ഇപ്പോൾ ശരീരത്തിന്റെ അന്തരീക്ഷം മേഘാവൃതമായി വേദനയുടെ കാറ്റും കോളും കുറഞ്ഞു മൂത്രത്തിൽ കല്ല് അനുഭവിച്ചവരുടെ ഒരു കൂട്ടായിമതന്നെ എനിക്ക് ചുറ്റും ഇപ്പോൾ സംസാരമാണ്, അതുതന്നെ ഒരു വലിയ ആശ്വാസം. ജലം അമൂല്യമാണ് അത് പാഴാക്കാതെ കുടിക്കുക പലപല അസുഖങ്ങൾക്കൊപ്പം ഈ അസുഖത്തേയും ആട്ടിയോടിക്കുക.'-കണ്ണൻ സാഗർ കുറിച്ചു.
Content Highlights: kannan sagars facebook post about kidney stone
Published: 05 Feb 2026, 10:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented