തിരുവനന്തപുരം: ‘ഒരു ജീവന് എത്രത്തോളം വിലയുണ്ടെന്ന് ഞങ്ങൾക്കു നന്നായറിയാം. ജിജിന്റെ അവയവങ്ങൾ മറ്റൊരാളുടെ ജീവനായി മാറുമെങ്കിൽ അതിലും വലിയ പുണ്യപ്രവൃത്തി വേറെയില്ലാ...’ കല്ലമ്പലത്ത് വാഹനാപകടത്തിൽ മരിച്ച ജിജിന്റെ ഭാര്യാമാതാവ് പ്രിയയുടെ വാക്കുകൾ. 

To advertise here,

13 വർഷം മുൻപ് ജിജിന്റെ ഭാര്യാപിതാവ് രാജേന്ദ്രന് കരൾ പകുത്തുനൽകിയത് ഭാര്യാമാതാവ് പ്രിയയായിരുന്നു. അതിനാൽ ഒരു ജീവൻ മറ്റൊരുപാട് ജീവിതങ്ങൾക്കു പ്രതീക്ഷകൾ നൽകുമെന്ന ചിന്തയിലാണ് ഭാര്യ അഞ്ജലി, ജിജിന്റെ അവയവങ്ങൾ ദാനംചെയ്യാൻ സമ്മതിച്ചത്. ജിജിന് മസ്തിഷ്‌കമരണം സംഭവിച്ചതായി അറിഞ്ഞപ്പോൾ അമ്മ പ്രിയ അവയവദാനത്തെക്കുറിച്ച് മകൾ അഞ്ജലിയോടു സംസാരിച്ചു. പിന്നീട് ജിജിന്റെ വീട്ടുകാരുമായി സംസാരിച്ച് പൂർണ മനസ്സോടെ അവയവങ്ങൾ ദാനംചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ജിജിന്റെ ആറ് അവയവങ്ങളാണ് ആറുപേർക്ക് ജീവനേകുന്നത്. ഹൃദയം, രണ്ടു വൃക്കകൾ, കരൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനംചെയ്‌തത്. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കാണ് ജിജിന്റെ ഹൃദയം നൽകിയത്. ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെയും ഒരു വൃക്കയും കരളും തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലെയും രണ്ട് നേത്രപടലങ്ങൾ തിരുവനന്തപുരം റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലെ രോഗികൾക്കുമാണ് നൽകിയത്. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് എൽ.ഡി. ക്ലാർക്കായിരുന്നു ജിജിൻ. മന്ത്രി വീണാ ജോർജ് ആദരാഞ്ജലികൾ അർപ്പിക്കുകയും തീവ്രദുഃഖത്തിൽ അവയവദാനത്തിനു സന്നദ്ധരായ ബന്ധുക്കളെ നന്ദി അറിയിക്കുകയും ചെയ്തു.

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജിജിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. 24-ന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാന നടപടികൾ പൂർത്തിയായത്.

പരേതനായ ചന്ദ്രന്റെയും ഉഷാദേവിയുടെയും മകനാണ് ജിജിൻ. ഭാര്യ: അഞ്ജലി. അശ്വമാലികയാണ് മകൾ. പഴയകുന്നുമ്മേൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് കിളിമാനൂർ രാജേന്ദ്രന്റെ മരുമകനാണ് ജിജിൻ. എ.എ. റഹീം എം.പി., എം.എൽ.എ.മാരായ കടകംപള്ളി സുരേന്ദ്രൻ, ഒ.എസ്. അംബിക എന്നിവർ സർക്കാർ മെഡിക്കൽ കോളേജിൽ എത്തിയിരുന്നു.