തൃശ്ശൂർ: 2023 മുതൽ 2025 വരെ രാജ്യത്ത് മൊത്തത്തിൽ 211 മരുന്നുകൾ നിരോധിച്ചതായി കേന്ദ്രസർക്കാർ. ഇതിൽ 172 എണ്ണം മനുഷ്യരിലെ ഉപയോഗത്തിനുള്ളതാണ്. ഇതിൽത്തന്നെ ഒന്നിലധികം രാസമൂലകം ചേർത്തുണ്ടാക്കുന്ന സംയുക്തങ്ങളാണധികവും. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി. നദ്ദ ലോക്‌സഭയിലെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് വിവരങ്ങളുള്ളത്.
ഇക്കാലയളവിൽ നിരോധിച്ചവയിൽ വെറ്ററിനറി ഉപയോഗത്തിനുള്ള 39 മരുന്നുകളുമുണ്ട്. സുരക്ഷിതത്വവും അമിതമരുന്ന് സാധ്യതയും മറ്റും കണക്കിലെടുത്താണ് നിരോധനത്തിൽ ഏറെയും നടപ്പാക്കിയത്. ഇന്ത്യൻ നിർമിത മരുന്നുകളുടെ ഗുണമേന്മയെപ്പറ്റിയുള്ള ചർച്ചകൾ വ്യാപകമായതോടെയാണ് വിപണിയിലെ ഇടപെടൽ അധികൃതർ ശക്തമാക്കിയത്.
സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാൽ ഇക്കാര്യം കൂടുതൽ വ്യക്തമാകും. 2021-22 കാലയളവിൽ ഒരു മരുന്നുപോലും നിരോധിതപ്പട്ടികയിലേക്ക് ചേർത്തില്ല. ഇതിനുശേഷമാണ് ഇന്ത്യൻ നിർമിത ചുമമരുന്നുകൾ മൂലം ചില രാജ്യങ്ങളിൽ കുട്ടികൾക്ക് ജീവൻവരെ നഷ്ടപ്പെട്ട സംഭവങ്ങളുണ്ടായത്. ഇതോടെ പരിശോധനകളും വിലയിരുത്തലും കർശനമാക്കി. 2023-ൽ രണ്ട് വെറ്ററിനറി മരുന്നുകളടക്കം 16 എണ്ണമാണ് നിരോധിച്ചത്. തൊട്ടടുത്തവർഷം മനുഷ്യർക്കുള്ള 157 മരുന്നുകൾ നിരോധിച്ചു. 2025-ൽ വെറ്ററിനറി മരുന്നുകളാണ് കൂടുതൽ നിരോധിച്ചത്- 36 എണ്ണം.
വേദനസംഹാരികൾ, ആന്റിബയോട്ടിക്കുകൾ, ചുമമരുന്നുകൾ, മൾട്ടിവിറ്റാമിനുകൾ തുടങ്ങിയവയൊക്കെ നിരോധിത പട്ടികയിലുൾപ്പെടുന്നു. നിർമാണത്തിനുള്ള അനുമതി സംസ്ഥാനസർക്കാരുകൾക്കും നൽകാമെന്ന നിബന്ധനയാണ് നിലവാരമില്ലാത്ത മരുന്നുണ്ടാക്കാനുള്ള വഴിയായി പലരും മുതലെടുക്കുന്നത്.
Content Highlights: India banned 211 medicines from 2023-2025, including 172 for human use & 39 for veterinary.
Published: 14 Feb 2026, 07:58 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented