
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളുടെ ചികിത്സച്ചെലവ് അഞ്ചുവര്‍ഷത്തിനിടെ മൂന്നിരട്ടിയായി ഉയര്‍ന്നെന്ന് നാഷണല്‍ ഹെല്‍ത്ത് അക്കൗണ്ട്സ് (എന്‍.എച്ച്.എ.) ഡേറ്റ. പ്രതിശീര്‍ഷചെലവ് 2014-15 കാലത്ത് 1108 രൂപയായിരുന്നത് 2021-22-ല്‍ 3169 രൂപ ആയി വര്‍ധിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു
അതേസമയം, ഇക്കാലത്ത് ചികിത്സയ്ക്കായി സ്വന്തമായി ചെലവഴിക്കുന്ന തുക (ഔട്ട് ഓഫ് പോക്കറ്റ് എക്‌സ്പെന്‍ഡിച്ചര്‍ -ഒ.ഒ.പി.ഇ.) ഗണ്യമായി കുറഞ്ഞു. ആരോഗ്യമേഖലയിലെ സര്‍ക്കാര്‍ നിക്ഷേപവും പൊതു ആരോഗ്യ ശൃംഖലയുടെ വര്‍ധനയുമാണ് ഇതിനുകാരണം. ആരോഗ്യമേഖലയിലെ മൊത്തം ചെലവ് 3.94 ശതമാനത്തില്‍നിന്ന് 6.12 ശതമാനമായി.
ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക ജി.ഡി.പി.യുടെ1.13 ശതമാനത്തില്‍നിന്ന് 1.84 ശതമാനമായി ഉയര്‍ന്നു
- അഞ്ച് വര്‍ഷം കൊണ്ട് ഉണ്ടായ വര്‍ധന
- കോവിഡിനെത്തുടര്‍ന്ന് പൊതു ആരോഗ്യരംഗം കൂടുതല്‍ ശക്തിപ്പെടുത്തിയത്
- സര്‍ക്കാര്‍ സഹായത്തോടെയുള്ള ഇന്‍ഷുറന്‍സുകള്‍, സാമൂഹികാരോഗ്യ പരിപാടി എന്നിവയ്ക്കായുള്ള ചെലവഴിക്കല്‍ 5.7 ശതമാനത്തില്‍നിന്ന് 8.7 ശതമാനമായി
- ഹൃദ്രോഗം, പക്ഷാഘാതം, അര്‍ബുദം, പ്രമേഹം, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവ നിയന്ത്രിക്കാനുള്ള പദ്ധതികളുടെ വിജയം
സ്വന്തമായി പണം ചെലവഴിക്കുന്നത് കുറഞ്ഞത് നല്ല സൂചനയാണ്. ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക ജി.ഡി.പി.യുടെ ചുരുങ്ങിയത് നാലു ശതമാനം വരെയെത്തണമെന്നാണ് ഐ.എം.എ. ആവശ്യപ്പെടുന്നത്. ആദ്യപടിയായി രണ്ട് ശതമാനമെങ്കിലുമാകണം. ഇതുകൈവരിച്ചാല്‍ വികസിതരാജ്യങ്ങളിലേതുപോലെ സ്വന്തമായി പണം ചെലവഴിക്കുന്നത് കുറയ്ക്കാനാവും. ഇതിനായി ഈ രംഗത്ത് കൂടുതല്‍ നിക്ഷേപം ആവശ്യമാണെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയംഗം ഡോ. സുല്‍ഫി നൂഹു പറഞ്ഞു.
Content Highlights: health care cost in india triples over five years
Published: 11 Nov 2024, 07:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented