ബെംഗളൂരു: കര്‍ണാടകയില്‍ വഴിയോര കടകളിലും ഹോട്ടലുകളിലും ഇഡ്ഡലി ഉണ്ടാക്കുമ്പോള്‍ പ്ലാസ്റ്റിക് (പോളിത്തീന്‍ ഷീറ്റ്) വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തല്‍. ബെംഗളൂരുവിന്റെ ആരോഗ്യവിഭാഗം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഹോട്ടലുകളിൽനിന്നും മറ്റും ശേഖരിച്ച സാംപിളുകളില്‍ കാന്‍സറിന് കാരണമാകുന്ന ഘടകങ്ങളും കണ്ടെത്തി. 

To advertise here,

ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന ഘടകങ്ങളുണ്ടോ എന്നറിയാന്‍ ഹോട്ടലുകളില്‍ നിന്നും വഴിയോര കടകളില്‍ നിന്നും 500 സാംപിളുകള്‍ അധികൃതര്‍ ശേഖരിച്ചു. ഇതില്‍ 35 സാംപിളുകളിലും കാന്‍സറിന് കാരണമായേക്കാവുന്ന ഘടകങ്ങള്‍ കണ്ടെത്തി. ഇനിയും നൂറ് കണക്കിന് സാംപിളുകളുടെ ഫലം വരാനുണ്ട്. 

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി പോളിത്തീന്‍ ഷീറ്റ് ഉപയോഗിച്ച 52 ഹോട്ടലുകള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് പിഴയും ചുമത്തിയിട്ടുണ്ട്. നേരത്തെ ഇഡ്ഡലിയുണ്ടാക്കാനായി കോട്ടണ്‍ തുണിയാണ് ഉപയോഗിച്ചിരുന്നത്. ഇതിന് പകരമായാണ് ഹോട്ടലുകളില്‍ ഇപ്പോള്‍ പോളിത്തീന്‍ ഷീറ്റ് പോലുള്ള പ്ലാസ്റ്റിക് ഉപയോഗിക്കുന്നത്. 

ആഹാരമുണ്ടാക്കുന്നത് അടക്കമുള്ള ഘട്ടങ്ങളില്‍ പ്ലാസ്റ്റിക് നിരോധിക്കാനുള്ള ആലോചനയിലാണ് സര്‍ക്കാരെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. 'ചൂടുമായി ബന്ധം വരുമ്പോള്‍ പ്ലാസ്റ്റിക്കിലെ ഹാനികരമായ കെമിക്കലുകള്‍ ഇഡ്ഡലിയിലേക്കും എത്തിപ്പെടുന്നു. ഇതൊരിക്കലും ചെയ്യരുത്. ഇത് ആരോഗ്യത്തെ ബാധിക്കും. പ്ലാസ്റ്റിക് ഉപയോഗിക്കുന്നവര്‍ക്ക് എതിരേ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. ഏതൊരുസാഹചര്യത്തിലും ഇഡ്ഡലിയുണ്ടാക്കുന്ന അവസരങ്ങളില്‍ പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. ആരെങ്കിലും ഇങ്ങനെ ചെയ്യുന്നതുകണ്ടാല്‍ പൊതുജനങ്ങള്‍ അധികൃതരെ വിവരമറിയിക്കണം', ദിനേശ് ഗുണ്ടുറാവു നിർദേശിച്ചു.

ഇഡ്ഡലി ഉണ്ടാക്കുമ്പോൾ പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന നിര്‍ദേശം എല്ലാ ഹോട്ടലുകള്‍ക്കും നല്‍കിയിട്ടുണ്ടെന്ന് ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.സി റാവു പ്രതികരിച്ചു.