തബല മാന്ത്രികന്‍ സാക്കിര്‍ ഹുസൈന്റെ മരണം സൃഷ്ടിച്ച നടുക്കത്തിലാണ് രാജ്യം. ശ്വാസകോശത്തെ ബാധിക്കുന്ന അപൂര്‍വവും ഗുരുതരവുമായ രോഗം- ഇഡിയോപതിക് പള്‍മണറി ഫൈബ്രോസിസ് (ഐ.പി.എഫ്.) മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് 73-ാം വയസ്സില്‍ അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. യു.എസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു സാക്കിര്‍ ഹുസൈന്‍. 

To advertise here,

എന്താണ് ഇഡിയോപതിക് പള്‍മണറി ഫൈബ്രോസിസ് അഥവാ ഐ.പി.എഫ്.?
ശ്വാസകോശത്തിലെ ആല്‍വിയോളയ്ക്ക് ചുറ്റുമുള്ള കോശങ്ങളെ ബാധിക്കുന്ന അസുഖമാണിത്. ഈ കോശങ്ങള്‍ക്ക് കട്ടികൂടുകയും കടുപ്പമുണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തില്‍ ശ്വാസകോശത്തില്‍ കട്ടിയുള്ള വടുക്കള്‍ രൂപപ്പെടുന്നതോടെ രോഗിക്ക് ശ്വാസമെടുക്കുന്നത് ബുദ്ധിമുട്ടാകും. 

പുകവലി, കുടുംബത്തിന്റെ ആരോഗ്യചരിത്രം, പ്രായാധിക്യം തുടങ്ങിയവയാണ് ഐ.പി.എഫിന് കാരണമാകുക. ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്, നീണ്ടുനില്‍ക്കുന്ന ചുമ തുടങ്ങിയവാണ് ലക്ഷണങ്ങള്‍. രോഗവ്യാപനം ഓരോരുത്തരിലും വ്യത്യസ്തമാണ്. ചിലര്‍ക്ക് വടുക്കള്‍ രൂപപ്പെടുന്നത് സാവധാനത്തിലാണെങ്കില്‍ മറ്റു ചിലരില്‍ ഇത് അതിവേഗമായിരിക്കും. 

ഐ.പി.എഫില്‍നിന്ന് മുക്തി സാധ്യമല്ലെങ്കിലും ചികിത്സയിലൂടെ രോഗവ്യാപനം സാവധാനത്തിലാക്കാനും ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും. ഐ.പി.എഫ്. ബാധിതരാണെങ്കില്‍, സ്വയംസംരക്ഷണത്തിന് ചില മാര്‍ഗങ്ങള്‍ അവലംബിക്കാവുന്നതാണ്. അത് ഇവയാണ്:

1. പുകവലി ഒഴിവാക്കുക
2. കൃത്യമായി വ്യായാമംചെയ്യുക
3. ആരോഗ്യകരമായ ആഹാര രീതി പിന്തുടരുക
4. അണുബാധ ഏല്‍ക്കാതെ ശ്രദ്ധിക്കുക