ശ്വാസനാളികള്‍ ചുരുങ്ങുന്നതിനെ തുടര്‍ന്ന് ശ്വാസകോശത്തിന്റെ ശേഷി കുറയുകയും ശ്വാസോച്ഛ്വാസം തടസ്സപ്പെടുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ് അഥവാ സി.ഒ.പി.ഡി. മരണകാരണമാകുന്ന രോഗങ്ങളില്‍ ലോകത്ത് മൂന്നാമതാണ് ഈ രോഗം. ഇന്ത്യയിലാകട്ടെ രണ്ടാം സ്ഥാനത്തും. കേരളത്തില്‍ ഏകദേശം ആറ് ലക്ഷത്തോളം സി.ഒ.പി.ഡി. രോഗികള്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നവംബര്‍ 20-നാണ് ഈ വര്‍ഷം സി.ഒ.പി.ഡി. ദിനമായി ആചരിക്കുന്നത്. സി.ഒ.പി.ഡിയെക്കുറിച്ചും രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും വിശദമാക്കുകയാണ് കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റായ ഡോ. സാബിര്‍ എം.സി.
എന്താണ് സി.ഒ.പി.ഡി. ദിനാചരണത്തിന്റെ ലക്ഷ്യം?
Also Read
ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കൂട്ടം രോഗങ്ങളാണ് സി.ഒ.പി.ഡിയ്ക്ക് വഴിയൊരുക്കുന്നത്. എന്നാല്‍ ഈ രോഗത്തെക്കുറിച്ച് ആളുകളില്‍ അവബോധം വളരെ കുറവാണ്. ഈ സാഹചര്യത്തില്‍ സി.ഒ.പി.ഡി. രോഗത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിനുവേണ്ടി ഗ്ലോബല്‍ ഇനിഷിയേറ്റീവ് ഫോര്‍ ക്രോണിക് ഒബ്സ്ട്രക്ടീവ് ലങ് ഡിസീസ് (GOLD) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സി.ഒ.പി.ഡി. ദിനാചരണം നടത്തുന്നത്. 2002 ലാണ് ആദ്യമായി ഈ ദിനാചരണം നടത്തിയത്. ' Know Your Lung Function' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ സന്ദേശം. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം അളക്കുന്ന സ്പൈറോമെട്രി പരിശോധനയുടെ പ്രാധാന്യമാണ് ഇതിലൂടെ ഉയര്‍ത്തിക്കാട്ടുന്നത്.
സി.ഒ.പി.ഡി. തീവ്രമാകുന്നത് എങ്ങനെ?
സി.ഒ.പി.ഡി. രണ്ട് തരത്തിലുള്ള ലക്ഷണങ്ങളായിട്ടാണ് പ്രകടമാവുന്നത്. ക്രോണിക് ബ്രോങ്കൈറ്റിസും (Chronic bronchitis) എംഫസിമയും ( Emphysema ). രോഗാവസ്ഥ തീവ്രമാക്കുന്നതാണ് ഇവ. ശ്വാസകോശത്തിലൂടെയുള്ള ഓക്സിജന്‍ പ്രവാഹം തടസ്സപ്പെടുത്തുന്നവയാണ് ഈ രോഗങ്ങള്‍. എംഫസിമ ഉള്ളവരില്‍ കടുത്ത കിതപ്പാണ് അനുഭവപ്പെടുക. തുടര്‍ച്ചയായ ചുമയും കഫക്കെട്ടുമാണ് ക്രോണിക് ബ്രോങ്കൈറ്റിസിന്റെ ലക്ഷണം. ഈ രണ്ട് രോഗങ്ങളും ശ്വാസകോശത്തിന്റെ ക്ഷമത കുറയ്ക്കുന്നവയാണ്.

ശ്വാസകോശത്തിലെ ചെറിയ ശ്വാസനാളികളുടെ അറ്റത്തായി ചെറിയ ബലൂണുകള്‍ പോലെയുള്ള വായുഅറകള്‍ (Alveoli) ഉണ്ട്. ഇവയ്ക്ക് ക്ഷതമുണ്ടായി പ്രവര്‍ത്തനശേഷി ഇല്ലാതാകുന്ന അവസ്ഥയാണ് എംഫസിമ. സാധാരണയായി ശ്വാസമെടുക്കുമ്പോള്‍ ഓക്സിജന്‍ നിറഞ്ഞ് വായു അറകള്‍ വീര്‍ക്കും. ശ്വാസം പുറത്തേക്ക് വിടുമ്പോള്‍ ചുരുങ്ങുകയും ചെയ്യും. എന്നാല്‍ എംഫസിമ ഉള്ളവരില്‍ ഇത്തരത്തില്‍ വായുഅറകള്‍ക്ക് വേണ്ടവിധം വികസിക്കാനും ചുരുങ്ങാനും സാധിക്കില്ല. അപ്പോള്‍ വായുഅറകള്‍ക്ക് നാശമുണ്ടാകും.
ശ്വാസനാളികളുടെ ഉള്‍ഭിത്തിയില്‍ നീര്‍വീക്കമുണ്ടാകുന്ന അവസ്ഥയാണ് ക്രോണിക് ബ്രോങ്കൈറ്റിസ്. കഫം, വടുക്കള്‍ എന്നിവ ബ്രോങ്കൈറ്റിസ് ബാധിതരിലുണ്ടാകും. ഇതോടെ ശ്വാസനാളികള്‍ ഭാഗികമായി അടയും. ശ്വാസനാളികള്‍ അടയുന്നതും കഫവും മൂലം ശ്വാസകോശത്തിന് അകത്തേക്കും പുറത്തേക്കുമുള്ള വായുപ്രവാഹം തടസ്സപ്പെടും. ഇത് അണുബാധയ്ക്ക് ഇടയാക്കും.
സി.ഒ.പി.ഡി. ബാധിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്?
സാധാരണയായി ശ്വാസമെടുക്കുമ്പോള്‍ ശ്വാസനാളികളിലൂടെ വായു ശ്വാസകോശങ്ങളില്‍ എത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ സി.ഒ.പി.ഡി. ബാധിച്ചാല്‍ ശ്വാസനാളികള്‍ ചുരുങ്ങും. അപ്പോള്‍ കൃത്യമായ അളവില്‍ വായു അകത്തേക്ക് എടുക്കാനാവാത്ത സ്ഥിതിയുണ്ടാവും. ഈ സമയത്ത് നെഞ്ചില്‍ പിടിത്തമുള്ളതുപോലെ തോന്നും. ഇതിനൊപ്പം ശ്വാസതടസ്സവും അനുഭവപ്പെടും. ഈ അവസ്ഥ ഗുരുതരമാകുന്നത് മരണത്തിലേക്ക് വഴിയൊരുക്കാം.
സി.ഒ.പി.ഡിയുടെ കാരണങ്ങള്‍ എന്തൊക്കെയാണ്?
പുകവലി- പുകവലിക്കുമ്പോള്‍ ശ്വാസനാളികളില്‍ നീര്‍ക്കെട്ട് രൂപപ്പെടും. ശ്വസന നാളി ചുരുങ്ങുന്നതിനും ആവശ്യത്തിന് ഓക്സിജന്‍ ശരീരത്തിലെത്താതിരിക്കുന്നതിനും ഇത് കാരണമാകുന്നു.
പാസ്സീവ് സ്‌മോക്കിങ്- പുകവലിക്കാത്തവര്‍ക്കും പുകവലി മൂലമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഇതിന് കാരണം പാസ്സീവ് സ്‌മോക്കിങ് ആണ്. പുകവലിക്കാത്ത ഒരാളുടെ ഒപ്പമുള്ളവര്‍ പുകവലിക്കുന്നവരാണെങ്കില്‍ ആ പുക ശ്വാസകോശത്തിലെത്തും. ഇത് പുകവലിക്കുന്നതു മൂലമുള്ള അതേ പ്രശ്‌നങ്ങളുണ്ടാക്കും. മറ്റ് തരത്തില്‍ പുക ശ്വസിക്കുന്നത്: വിറക് കത്തിക്കുന്നതുമൂലമുണ്ടാകുന്ന പുക, വാഹനങ്ങളില്‍ നിന്നുള്ള പുക, ഫാക്ടറികളില്‍ നിന്നുള്ള പുക എന്നിവ സ്ഥിരമായി ശ്വസിക്കുന്നതും രോഗബാധയ്ക്ക് ഇടയാക്കും.
തീവ്രമായ ആസ്ത്മ- ആസ്ത്മയുള്ള ചില ആളുകളില്‍ രോഗം തീവ്രമാകുന്നത് പില്‍ക്കാലത്ത് സി.ഒ.പി.ഡി. ആയി മാറുന്നതായി കാണാറുണ്ട്.
സി.ഒ.പി.ഡി.യുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?
സാധാരണയായി 40 വയസ്സിന് മുകളിലുള്ളവരിലാണ് ഈ രോഗം കണ്ടുവരുന്നത്. ആദ്യഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ വലിയതോതില്‍ പ്രകടമാകാറില്ല. ആസ്ത്്മയാണെന്നാണ് തോന്നുക. അതിനാല്‍ തന്നെ പലരും കൃത്യമായ ചികിത്സ തേടാന്‍ വൈകും. പക്ഷേ, അപ്പോഴേക്കും രോഗം ഗുരുതരമായി മാറും. പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ ഇവയാണ്:
- ശ്വാസതടസ്സമാണ് പ്രധാന ലക്ഷണം. ശ്വാസനാളി ചുരുങ്ങി ആവശ്യത്തിന് ഓക്‌സിജന്‍ കിട്ടാതെയാവുമ്പോള്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് വര്‍ധിക്കും. നാക്കിനും നഖങ്ങള്‍ക്കും നീലനിറം ബാധിക്കാന്‍ ഇത് ഇടയാക്കും.
- കിതപ്പ്
- ശ്വാസകോശ അണുബാധ
- കഫക്കെട്ട്
- കാലുകളില്‍ നീര്
- ശരീരം ക്ഷീണിക്കുക
സി.ഒ.പി.ഡി.യും ആസ്ത്മയും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയാണ്?
സി.ഒ.പി.ഡി. പലപ്പോഴും ആസ്ത്മയായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ ഇവ രണ്ടും വ്യത്യസ്തമാണ്. സി.ഒ.പി.ഡിയും ആസ്ത്മയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ ഇവയാണ്.
- മധ്യവയസ്സിലാണ് സി.ഒ.പി.ഡി. പ്രത്യക്ഷപ്പെടാറുള്ളത്. എന്നാല്‍ ആസ്ത്മ ചെറുപ്പത്തില്‍ തന്നെ പ്രത്യക്ഷപ്പെടും.
- സി.ഒ.പി.ഡിയുടെ രോഗലക്ഷണങ്ങള്‍ മിക്കസമയത്തും കാണാറുണ്ട്. എന്നാല്‍ ആസ്ത്മയുടെ ലക്ഷണങ്ങള്‍ ഇടയ്ക്കിടെ മാത്രമാണ് കാണാറുള്ളത്. പ്രത്യേകിച്ച് ചില സീസണുകളില്‍.
- പുകവലി, പാസ്സീവ് സ്‌മോക്കിങ്, വിറക് കത്തിക്കുന്നതുമൂലമുള്ള പുക, ഫാക്ടറികളിലെ പുക, വാഹനങ്ങളില്‍ നിന്നുള്ള പുക എന്നിവ സി.ഒ.പി.ഡിയ്ക്ക് കാരണമാകുന്നു. എന്നാല്‍ ആസ്ത്മയുടെ പ്രധാനപ്പെട്ട കാരണം അലര്‍ജിയും പാരമ്പര്യവുമാണ്.
- സി.ഒ.പി.ഡി. രോഗികളില്‍ ശ്വാസനാളികളിലും ശ്വാസകോശ കലകളിലും തകരാറുകള്‍ ഉണ്ടാകുന്നു. എന്നാല്‍ ആസ്ത്മയില്‍ ശ്വാസനാളികളില്‍ നീര്‍ക്കെട്ടാണ് ഉണ്ടാകുന്നത്.
- സി.ഒ.പി.ഡി. പൂര്‍ണമായും മാറില്ല. എന്നാല്‍ ആസ്ത്മ പൂര്‍ണമായും നിയന്ത്രിക്കാനാകും.
സി.ഒ.പി.ഡി. എങ്ങനെ തിരിച്ചറിയാം? എന്തൊക്കെയാണ് ചികിത്സകള്‍?
ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ത്തന്നെ ഡോക്ടറെ കാണണം. സി.ഒ.പി.ഡി. ആണോ അതോ മറ്റേതെങ്കിലും ശ്വാസകോശ സംബന്ധമായ രോഗങ്ങളാണോയെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇതിനായി ചില പരിശോധനകള്‍ നടത്തണം.
പള്‍മണറി ഫങ്ഷന്‍ ടെസ്റ്റ്, സ്പൈറോമെട്രി പരിശോധനകള്‍: ശ്വാസകോശത്തിന്റെ പ്രവര്‍ത്തന ശേഷി വിലയിരുത്താനുള്ള പരിശോധനകളാണിവ. ആര്‍ട്ടീരിയ ബ്ലഡ് ഗ്യാസ് അനാലിസിസ്, എക്സറേ, സി.ടി. സ്‌കാന്‍: രക്തത്തിലെ ഓക്സിജന്‍, കാര്‍ബണ്‍ ഡയോക്സൈഡ് എന്നിവയുടെ അളവ് പരിശോധിക്കുന്നതിനുള്ള പരിശോധനകള്‍.
ദീര്‍ഘകാലം അസ്വസ്ഥതകള്‍ ഉണ്ടാകുമെന്നതിനാല്‍ സി.ഒ. പി.ഡി. രോഗികള്‍ക്ക് കൃത്യമായ ചികിത്സയും നിരന്തര പരിചരണവും ആവശ്യമാണ്. രോഗം സ്ഥിരീകരിച്ചാല്‍ വൈകാതെ ചികിത്സ ആരംഭിക്കണം. രോഗം ചികിത്സിച്ച് ഭേദമാക്കാനാവില്ല. എന്നാല്‍ ഫലപ്രദമായി നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും.
ചികിത്സകള്‍ ഇവയാണ്.
- ചുരുങ്ങിയ ശ്വാസനാളങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ബ്രോങ്കോഡയലെറ്റേഴ്സ് മരുന്നുകളാണ് പ്രധാനമായും നല്‍കുന്നത്. ഇന്‍ഹേലര്‍ രൂപത്തില്‍ മരുന്ന് നല്‍കുന്നത് ചികിത്സ കൂടുതല്‍ ഫലപ്രദമാകാന്‍ സഹായിക്കും.
- ബൈപാപ് മെഷീന്‍ (BiPAP) ആണ് മറ്റൊരു മാര്‍ഗം. ശ്വാസനാളികള്‍ക്ക് ഗുരുതരമായ തകരാറുള്ളവര്‍ക്കാണ് ഇതിന്റെ ആവശ്യം. ശ്വസന സഹായ ഉപകരണമാണിത്.
- ഓക്സിജന്‍ തെറാപ്പിയാണ് മറ്റൊരു ചികിത്സാരീതി. ശരീരത്തിലെ ഓക്സിജന്‍ അളവ് സ്ഥിരമായി കുറയുന്നവരിലാണ് ഇത് ഫലപ്രദമാകുന്നത്.
- ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ഉപയോഗമാണ് മറ്റൊന്ന്. രോഗിയുടെ ശരീരത്തിലെ ഓക്സിജന്‍ നില 88 ശതമാനത്തില്‍ താഴെയാണ് സ്ഥിരമായി നില്‍ക്കുന്നതെങ്കില്‍ ഇത് ഉപയോഗിച്ച് ഓക്‌സിജന്റെ അളവ് നിലനിര്‍ത്താനാകും.
സി.ഒ.പി.ഡി. ബാധിതര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?
- ശ്വാസകോശ അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ന്യൂമോകോക്കല്‍ വാക്സിന്‍, ഇന്‍ഫ്ളുവന്‍സ വാക്സിന്‍ എന്നിവ നിശ്ചിത കാലയളവില്‍ എടുക്കണം.
- കഫക്കെട്ട്, ശ്വാസകോശ അണുബാധ എന്നിവയുള്ളവരില്‍നിന്ന് രോഗം പകരുമെന്നതിനാല്‍ അത്തരം ആളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.
- പുക ശ്വസിക്കുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കണം.
സി.ഒ.പി.ഡി. ബാധിച്ചവരില്‍ കാണുന്ന സങ്കീര്‍ണതകള്‍ എന്തൊക്കെയാണ്?
- ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളെ സി.ഒ.പി.ഡി. ഗുരുതരമായി ബാധിക്കുന്നതിനാല്‍ ഹൃദയ സംബന്ധമായ രോഗങ്ങള്‍, ശ്വാസകോശ കാന്‍സര്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്.
- അണുബാധകള്‍ വരാതെ നോക്കണം. അണുബാധയുണ്ടായാല്‍ സി.ഒ.പി.ഡി. രോഗികളില്‍ പെട്ടെന്ന് ഗുരുതരാവസ്ഥയുണ്ടാകാം. അണുബാധകള്‍ ഉണ്ടോയെന്ന് അറിയാനായി കംപ്ലീറ്റ് ബ്ലഡ് കൗണ്ട്, സിറിയാക്ടീവ് പ്രോട്ടീന്‍ (സി.ആര്‍.പി.), കഫ കള്‍ച്ചര്‍ എന്നീ പരിശോധനകള്‍ നടത്തണം. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആന്റിബയോട്ടിക് മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സ ആവശ്യമാണ്.
- ചില സി.ഒ.പി.ഡി. ബാധിതരില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ഇത്തരക്കാരില്‍ കിതപ്പ് കൂടാം. ഹൃദയത്തിന്റെ പമ്പിങ്ങില്‍ വരുന്ന തകരാറുകള്‍, ഹൃദയപേശികളിലെ ബലക്ഷയം എന്നിവയുണ്ടാകുന്നതും ശ്വാസകോശത്തില്‍ നീര്‍ക്കെട്ടിനിടയാക്കും. ഇത് രോഗതീവ്രത വര്‍ധിപ്പിക്കും.
പള്‍മണറി റീഹാബിലിറ്റേഷന്‍ എങ്ങനെയാണ് സി.ഒ.പി.ഡി. രോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നത്?
രോഗികളുടെ ശ്വാസകോശത്തെ ബലപ്പെടുത്തുന്നതിനുള്ള വ്യായാമ രീതികള്‍ ഉള്‍പ്പെടുന്നതാണ് പള്‍മണറി റീഹാബിലിറ്റേഷന്‍. കൃത്യമായ ശ്വസന വ്യായാമങ്ങള്‍, നടത്തം, അമിതവണ്ണം കുറയ്ക്കാനുള്ള വ്യായാമങ്ങള്‍, ഭക്ഷണരീതി, മാനസിക പിന്തുണ എന്നിവ പള്‍മണറി റീഹാബിലിറ്റേഷനില്‍ ഉള്‍പ്പെടുന്നു. മരുന്നു ചികിത്സയ്ക്കൊപ്പമാണ് ഇത് ചെയ്യുന്നത്.
സി.ഒ.പി.ഡി., ആസ്ത്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗികള്‍ക്ക് ആശ്വാസമേകാന്‍ കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയാണ് ശ്വാസ് (Step Wise Approach to Airway Diseases). സര്‍ക്കാര്‍ ആശുപത്രികളിലാണ് ശ്വാസ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. സി.ഒ.പി.ഡി., ആസ്ത്്മ രോഗികളെ രോഗത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ തിരിച്ചറിയുക എന്നതാണ് ലക്ഷ്യം.
ബ്രീത്തിങ് എക്സര്‍സൈസുകള്‍ ചെയ്യുക, ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുക, ആരോഗ്യകരമായ ജീവിതശൈലി പാലിക്കുക, പൊടി- പുക എന്നിവയില്‍ നിന്ന് മാറിനില്‍ക്കുക. മാസ്‌കുകള്‍ ഉപയോഗിക്കുക. പുകവലി പൂര്‍ണമായും നിര്‍ത്തുക എന്നിവ വഴി ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കാനാവും.
Content Highlights: COPD Awareness: Symptoms, Causes & Treatment
Published: 20 Nov 2024, 05:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented