തിരുവനന്തപുരം: ഡെങ്കിപ്പനി, സിക രോഗങ്ങളെക്കുറിച്ച് പഠിക്കാൻ വീണ്ടും ഐ.സി.എം.ആർ. സംഘം സംസ്ഥാനത്തെത്തുന്നു.

To advertise here,

ആരോഗ്യ സ്ഥാപനങ്ങളിൽനിന്നുള്ള ഡേറ്റാ വിശകലനം, അണുബാധയുടെ സ്വഭാവം, ജനിതകപഠനം എന്നിവയാണ് ഐ.സി.എം.ആർ. നടത്തുക. ഇതിനായി പുതുച്ചേരിയിലെ ഐ.സി.എം.ആർ. വെക്ടർ കൺട്രോൾ ഗവേഷണ കേന്ദ്രത്തിന് ആരോഗ്യവകുപ്പ് അനുമതി നൽകി. വെൽകം ട്രസ്റ്റിന്റെ സഹായധനത്തോടെയാണ് പഠനം.

വ്യക്തിപരമായ ആരോഗ്യവിവരങ്ങളും മറ്റും സുരക്ഷിതമായിരിക്കണമെന്ന വ്യവസ്ഥയോടെയാണ് അനുമതി നൽകിയത്. ആരോഗ്യസ്ഥാപനങ്ങൾ സന്ദർശിച്ചുള്ള ഗവേഷണപ്രവർത്തനങ്ങളും അനുവദിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, സ്ഥാപനങ്ങൾ എന്നിവയും സഹകരിക്കും. സംസ്ഥാനത്തെ ആരോഗ്യസംഘവും ഇവർക്കൊപ്പം ചേരും.

ഡെങ്കിയും മറ്റും താരതമ്യേന കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമെന്ന നിലയിലാണ് കേരളത്തെ പഠനത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്.

ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഈ ഇനം കൊതുകുകൾക്ക് വളരാൻ അനുകൂലമായ ഭൗമശാസ്ത്രപരമായ പ്രത്യേകതയാണ് കേരളത്തിന് ഭീഷണിയെന്നും കൊതുകുനശീകരണ മാർഗങ്ങൾ കാര്യക്ഷമമാക്കണമെന്നും ഐ.സി.എം.ആർ. നേരത്തേ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ നിർദേശം നൽകിയിരുന്നു.

കഴിഞ്ഞവർഷം സംസ്ഥാനത്ത് 40,186 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. 78 പേർ മരിച്ചു. ഈ വർഷം ജനുവരിയിൽ മാത്രം 1300 പേർ ഡെങ്കിബാധിതരായി.

അഞ്ചുമരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞവർഷം സിക്ക റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.

ഈഡിസ് കൊതുകുകൾതന്നെയാണ് സിക പനിയും പകർത്തുന്നത്. താരതമ്യേന ഗുരുതരമാവാത്തതും മരണകാരണമല്ലാത്തതുമായ രോഗമാണ് സിക. അതേസമയം ഗർഭിണികൾക്ക് രോഗംബാധിച്ചാൽ ഗർഭസ്ഥശിശുവിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.