തിരുവനന്തപുരം: ഗർഭാശയഗള അർബുദത്തിനെതിരെയുള്ള ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്.പി.വി.) വാക്‌സിനേഷൻ മെയ് 31- ന് അവസാനിക്കാനിരിക്കെ തിരുവനന്തപുരം ജില്ലയിൽ വാക്‌സിൻ സ്വീകരിച്ചത് 48.4 ശതമാനം മാത്രമാണ്. സ്വകാര്യ ആശുപത്രികളിൽ 4000 രൂപാനിരക്കിൽ നൽകുന്ന വാക്‌സിൻ ഫെബ്രുവരി 28 മുതലാണ് സർക്കാർ ആരോഗ്യകേന്ദ്രങ്ങൾ വഴി സൗജന്യമായി നൽകിത്തുടങ്ങിയത്. വാക്‌സിൻ ക്യാമ്പ് തുടങ്ങി രണ്ടര മാസം പിന്നിട്ടിട്ടും പകുതിയിലധികം കുട്ടികളും രക്ഷകർത്താക്കളും ഈ വിവരം അറിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. അറിഞ്ഞവർ സംശയവും ആശങ്കകളും കാരണം വാക്‌സിൻ എടുക്കാൻ തയ്യാറാകുന്നില്ല. ബോധവത്ക്കരണത്തിലുണ്ടായ കാര്യമായ വീഴ്ചയാണ് വാക്‌സിനേഷൻ ക്യാമ്പിന് തിരിച്ചടിയായത്. 2011-ലെ സെൻസസ് പ്രകാരം 14 മുതൽ 15 വയസ്സുവരെയുള്ള 23352 പേർക്കാണ് വാക്‌സിൻ നൽകാൻ തീരുമാനിച്ചത്. ബുധനാഴ്ച വരെയുള്ള കണക്കുപ്രകാരം ജില്ലയിൽ 11386 പേർ വാക്‌സിൻ സ്വീകരിച്ചു. ഇത് 48.4 ശതമാനമാണ്.

To advertise here,

സാധാരണ പ്രതിരോധകുത്തിവയ്പ്പുകൾ സ്‌കൂളുകൾ വഴിയാണ് വിതരണം ചെയ്യുന്നത്. എന്നാൽ എച്ച്.പി. വാക്‌സിനേഷന് സ്‌കൂൾ വഴി വിതരണം ഏർപ്പെടുത്തിയിട്ടില്ല. അവധിക്കാലമായതിനാൽ ബോധവത്ക്കരണ ക്ലാസുകളും സംഘടിപ്പിക്കാനായില്ല.

99.7 ശതമാനം സെർവിക്കൽ കാൻസർ കേസുകളും ഹ്യൂമൻ പാപ്പിലോമ വൈറസ് മൂലമാണ് ഉണ്ടാകുന്നത്. മിക്ക എച്ച്.പി.വി അണുബാധകളും ലക്ഷണങ്ങളില്ലാത്തവയാണ്. സ്ഥിരമായ അണുബാധ സെർവിക്കൽ കാൻസർ വരാനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഇന്ത്യയിൽ സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന രണ്ടാമത്തെ കാൻസറാണിത്. 200-ലധികം എച്ച്.പി. വൈറസുകളിൽ 17 വകഭേദങ്ങളാണ് അപകടകാരികളായി കണക്കാക്കപ്പെടുന്നത്. രാജ്യത്തെ സെർവിക്കൽ കാൻസർ കേസുകളിൽ ഏകദേശം 83 ശതമാനവും എച്ച്.പി.വി 16 ഉം 18 ഉം വകഭേദങ്ങളാണ്. സ്ഥിതിവിവരക്കണക്കുകളനുസരിച്ച് ഒരു ലക്ഷം സ്ത്രീകളിൽ പ്രതിവർഷം 11.6 ശതമാനം പേർക്ക് രോഗബാധയും 5.1 ശതമാനം മരണനിരക്കുമുള്ള രോഗമാണിത്.

ഫെബ്രുവരി 28 മുതൽ രാജ്യവ്യാപകമായി 14 വയസ്സുള്ള 1.15 കോടി പെൺകുട്ടികളെയാണ് എച്ച്.പി.വി. വാക്‌സിനേഷൻ ക്യാമ്പ് ലക്ഷ്യമിടുന്നത്. സെർവിക്കൽ കാൻസറിന് കാരണമാകുന്ന എച്ച്.പി.വി. വകഭേദങ്ങളായ 16, 18, 6, 11 എന്നിവയിൽ നിന്നും സംരക്ഷിക്കുന്ന അമേരിക്കൻ നിർമ്മിത ക്വാഡ്രിവാലന്റ് എച്ച്.പി.വി. വാക്‌സിൻ ഗാർഡാസിൽ-4 ആണ് സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്നത്. ഒൻപത് മുതൽ 14 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എച്ച്.പി.വി. വാക്‌സിൻ നൽകാവുന്നതാണ്. എന്നാൽ ആദ്യഘട്ടത്തിൽ 14 മുതൽ 15വയസ്സും മൂന്ന് മാസവും പ്രായമുള്ള പെൺകുട്ടികൾക്കാണ് ഒറ്റ ഡോസ് എച്ച്.പി.വി വാക്‌സിൻ ലഭ്യമാക്കുന്നത്. വാക്‌സിന്റെ ലഭ്യതക്കുറവും ഭീമമായ തുകയും കണക്കിലെടുത്താണ് പ്രരംഭഘട്ടത്തിൽ പെൺകുട്ടികൾക്ക് മുൻഗണന നൽകുന്നത്. സ്വകാര്യ ആശുപത്രികളിൽ ഇത് രണ്ട് ഘട്ട കുത്തിവെയ്പ്പാണ്.

അറിഞ്ഞവരും അറിയാത്തവരും

'വാക്‌സിനേഷനെക്കുറിച്ച് ഇതുവരെ അറിഞ്ഞിട്ടില്ല. സാധാരണ സ്‌കൂളുകളിലൂടെയോ ആശവർക്കർമാർ വഴിയോ പ്രതിരോധകുത്തിവയ്പ്പുകളെക്കുറിച്ചുള്ള വിവരം ലഭിക്കാറുണ്ട്.. വാക്‌സിനേഷന്റെ ഗുണവും പാർശ്വഫലങ്ങളും വ്യക്തമായി മനസ്സിലാക്കിയശേഷം മാത്രമേ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കൂ'-

യു.എസ്. പ്രിജിന, രക്ഷകർത്താവ്

കിളിമാനൂർ.

'' കുട്ടിയ്ക്ക് പത്ത് വയസ്സ് തികഞ്ഞപ്പോൾ തന്നെ സ്വകാര്യ ആശുപത്രിയിൽ നിന്ന് വാക്‌സിൻ എടുത്തിരുന്നു. ഭർത്താവ് ഡോക്ടറായതിനാൽ വാക്‌സിനെക്കുറിച്ച് മുൻപേ ധാരണയുണ്ടായിരുന്നു'-

ചിത്ര, പേട്ട.

എന്താണ് എച്ച്.പി.വി. വാക്‌സിൻ

2006 മുതൽ എച്ച്.പി.വി. വാക്‌സിൻ ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ വളരെ സുരക്ഷിതമായി നൽകിവരുന്നുണ്ട്. 90 ശതമാനത്തിലധികം ഫലപ്രദമായ ഈ വാക്‌സിൻ സ്വീകരിക്കുന്ന വ്യക്തിയുടെ ശരീരത്തിൽ കാൻസറിന് കാരണമാകുന്ന അണുബാധയെ പ്രതിരോധിക്കാനുള്ള ആന്റിബോഡികൾ ശരീരത്തിൽ രൂപപ്പെടുന്നു.

വാക്സിനേഷൻ ബുക്കിങ്

എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും 14 വയസുള്ള പെൺകുട്ടി കൾക്ക് സൗജന്യമായി എച്ച്.പി.വി വാക്‌സിനേഷൻ സൗകര്യം ലഭ്യമാണ്. maimonil U-WIN https://uwin.mohfw. gov.in/home എന്ന വെബ്‌സൈറ്റിൽ വിവരം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ആരോഗ്യകേന്ദ്രത്തെയോ ആരോഗ്യപ്രവർത്തകരെയോ സമീപിക്കുക. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ വാക്സിൻ ലഭിക്കും

ശ്രദ്ധിക്കേണ്ടവ

1.വാക്‌സിൻ എടുക്കുന്നവർ നിർബന്ധമായും ആധാർ കൈയിൽ കരുതണം

2.ആധാർ ഇല്ലാത്തപക്ഷം മറ്റ് ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ കൊണ്ടുവരണം

3.വാക്‌സിനേഷൻ നൽകുന്നതിന് മുമ്പ് മാതാപിതാക്കളിൽ നിന്നും സമ്മതം വാങ്ങുന്നതാണ്.

4.വാക്‌സിൻ എടുത്തശേഷം കുട്ടി അരമണിക്കൂർ വിശ്രമിച്ച ശേഷം മാത്രം തിരികെപോകുക.

സുരക്ഷിതമാണോ?

അതെ. എച്ച്.പി.വി. വാക്‌സിൻ തികച്ചും സുരക്ഷിതമാണ്. വാക്സിന്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയും നിരവധി പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും മറ്റു പല വാക്സിനുകളെയും പോലെ ഇതിനും അപൂർവമായി നിസ്സാര പാർശ്വഫലങ്ങൾ ചില കുട്ടികളിൽ ഉണ്ടാക്കിയേക്കാം.

പാർശ്വഫലങ്ങൾ ഭയക്കേണ്ട

വളരെ നിസ്സാരമായ, തനിയെ ഭേദമാകുന്നതും പരമാവധി 2-3 ദിവസത്തിനുള്ളിൽ സാധാരണഗതിയിലാകുന്നതുമായ ചില അസ്വസ്ഥതകൾ മാത്രമേ വാക്സിൻ സ്വീകരിച്ച ചില കുട്ടികൾക്ക് ഉണ്ടാകാൻ സാധ്യതയുള്ളു. ഉദാഹരണത്തിന കുത്തിവെപ്പ് എടുത്ത ഭാഗത്തെ ചെറിയ വേദന, തടിപ്പ്, പനി, ക്ഷീണം തുടങ്ങിയവ. ഇതിനു കുട്ടിയുടെ തൂക്കത്തിനനുസരിച്ചുള്ള പാരസെറ്റമോൾ ഗുളിക കഴിച്ചാൽ മതിയാകും. മറ്റു ഗുരുതരമായ പാർശ്വഫലങ്ങൾ വളരെ അപൂർവമായേ ഉണ്ടാകാൻ സാധ്യതയുള്ളൂ.

സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഗർഭാശയ കാൻസർ ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്നതാണ്. ഇതിനെതിരെ സർക്കാർ സൗജന്യമായി എച്ച്.പി.വി വാക്‌സിൻ നൽകുന്നുണ്ട്. 14 മുതൽ 15 വയസ്സുവരെയുള്ള എല്ലാ പെൺകുട്ടികളുടെ രക്ഷിതാക്കളും കുട്ടികൾക്ക് വാക്‌സിൻ നൽകിയെന്ന് ഉറപ്പാക്കണം. വാക്‌സിൻ ഇതുവരെയും സ്വീകരിക്കാത്തവർ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നോ മെഡിക്കൽ കോളേജുകളിൽ നിന്നോ വാക്‌സിൻ സ്വീകരിക്കേണ്ടതാണ് - അനുകുമാരി, ജില്ലാ കളക്ടർ.