ഭക്ഷണം കഴിച്ചതിനുശേഷം വയറു വീർത്തതുപോലെയും നെഞ്ചെരിച്ചിലും അനുഭവപ്പെടുന്നുവെന്നു പറയുന്നവർ നിരവധിയാണ്. വിവിധ ടെസ്റ്റുകൾ ചെയ്തിട്ടും യഥാർഥ കാരണം കണ്ടെത്താൻ കഴിയാതിരിക്കുകയും സ്ഥിതി മാറ്റമില്ലാതെ തുടരുകയു ചെയ്യാം. ഇതിനു പിന്നിൽ ചില ശീലങ്ങളാകാമെന്നും അവയിൽ മാറ്റം വരുത്തുന്നതിലൂടെ അവസ്ഥ മെച്ചപ്പെടുമെന്നും പറയുകയാണ് ഗ്യാസ്ട്രോ എൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥി. ഇൻസ്റ്റഗ്രാമിലൂടെയാണ് സൗരഭ് ഇതേക്കുറിച്ചു വിശദമാക്കിയിരിക്കുന്നത്.
നെഞ്ചെരിച്ചിലും വയറു വീർക്കലുമായി ഒരു സിഇഒ തന്നെ കാണാൻ വന്നിരുന്നുവെന്നും എൻഡോസ്കോപ്പി, കൊളണോസ്കോപ്പി, ലാബ് പരിശോധനകൾ തുടങ്ങിയവയിലൊന്നും അസാധാരണമായൊന്നും കാണാനായില്ലെന്നും ഡോ. സൗരഭ് പറയുന്നു. തുടർന്നാണ് താൻ പ്രശ്നപരിഹാരമായി നിർദേശിച്ച ചില കാര്യങ്ങളേക്കുറിച്ച് ഡോ. സൗരഭ് കുറിച്ചത്.
നാരുകൾ അടങ്ങിയ ഭക്ഷണങ്ങളുടെ അളവ് വർധിപ്പിക്കുക എന്നതാണ് അതിൽ ആദ്യത്തേതായി ഡോ. സൗരഭ് പറയുന്നത്. ദിവസം ആരംഭിക്കുമ്പോൾ തന്നെ നാരുകളുള്ളവ കൂടുതൽ കഴിക്കാൻ ശ്രദ്ധിക്കണം. ദിവസവും 38 ഗ്രാം നാരുകളടങ്ങിയ ഭക്ഷണം കഴിക്കണമെന്നും പ്രാതലിനൊപ്പം തന്നെ ഫൈബർ ഉള്ളവ ഉൾക്കൊള്ളിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറയുന്നു. രാവിലെ രണ്ട് ടേബിൾസ്പൂൺ ചിയ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ഗുണംചെയ്യും.
മറ്റൊന്ന് വെറുംവയറ്റിൽ കാപ്പി കുടിക്കുന്ന ശീലം ഒഴിവാക്കുക എന്നതാണ്. തന്റെ അരികിലെത്തിയ രോഗി വെറുംവയറ്റിൽ കാപ്പി കുടിച്ചിരുന്നയാളാണ്. ഇതിനു പകരം ഭക്ഷണത്തിനൊപ്പം കാപ്പി കുടിക്കുന്നതാണ് നല്ലത്. വെറുംവയറ്റിൽ കാപ്പി കുടിക്കുന്നത് അസിഡിറ്റിയും ദഹനസംബന്ധമായ അസ്വസ്ഥതകളും വർധിപ്പിക്കുന്നതിന് കാരണമാകുന്നുവെന്നും രോഗിയുടെ ലക്ഷണങ്ങൾക്ക് ഒരു പരിധിവരെ ഈ ശീലവും കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭക്ഷണം കഴിച്ചയുടൻ എവിടെയെങ്കിലും ചടഞ്ഞുകൂടിയിരിക്കുന്നതിനു പകരം പത്തു മിനിറ്റ് നടക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നു. തന്നെ കാണാനെത്തിയ രോഗി മീറ്റിങ്ങുകളും മറ്റുമായി ജോലിയുടെ ഭാഗമായി ദിവസവും പത്തു മണിക്കൂറോളം ഇരിക്കുന്നയാളാണ്. ഇതിനു പകരം ഭക്ഷണം കഴിച്ചതിനുശേഷം പത്തു മിനിറ്റ് നടക്കണം. ഈ ലളിതമായ ശീലം കുടലിന്റെ ചലനത്തെ സഹായിക്കുകയും ഭക്ഷണം കഴിച്ചതിനുശേഷമുള്ള വയറു വീർക്കൽ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. കൂടുതൽ സമയം വ്യായാമം ചെയ്യുന്നതിനേക്കാൾ, ഇടയ്ക്കിടെ ചെറിയ നടത്തം ഉൾപ്പെടുത്തുന്നത് എളുപ്പമാണ്. അതിനാൽ ദിവസം മുഴുവൻ ഇരുന്ന് ജോലി ചെയ്യുന്നവർക്ക് ഇത് പ്രയോജനപ്രദമായ ഒരു ശീലമാണെന്നും അദ്ദേഹം പറയുന്നു.
ഭക്ഷണം ഒഴിവാക്കുന്നതും രോഗിയുടെ ദിനചര്യയുടെ ഭാഗമായിരുന്നു. കൃത്യസമയത്ത് ഭക്ഷണം ഒഴിവാക്കുകയോ സമയം കിട്ടുമ്പോൾ മാത്രം എന്തെങ്കിലും കഴിക്കുകയോ ചെയ്യുന്നതിനു പകരം, സ്ഥിരമായ സമയത്ത് ദിവസവും മൂന്നു നേരം ഭക്ഷണം കഴിക്കുന്നതാണ് ഗുണകരമെന്ന് ഡോ. സൗരഭ് പറയുന്നു. ഭക്ഷണം കഴിക്കാൻ സമയമില്ലാത്ത ജീവിതശൈലിയാണ് രോഗിയിൽ വയറു വീർക്കുന്നതിന് കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റൊരു പ്രധാന കാര്യമായി ഡോക്ടർ നിർദേശിക്കുന്നത് ഉറക്കമാണ്. രോഗി വർഷങ്ങളായി ദിവസവും അഞ്ച് മണിക്കൂർ മാത്രമാണ് ഉറങ്ങിയിരുന്നത്. കുറഞ്ഞത് ഏഴ് മണിക്കൂർ ഉറക്കം എന്നത് കർശനമായി പാലിക്കാൻ ഡോ. സൗരഭ് നിർദ്ദേശിക്കുന്നു. ശരീരത്തിന് മതിയായ വിശ്രമം നൽകുന്നതിലൂടെ ദഹനാരോഗ്യവും മെച്ചപ്പെടും.
Content Highlights: Suffering from bloating and acid reflux due to long sitting hours? Discover expert gastroenterologist tips to improve your gut health and digestion. Read now!
Published: 28 Aug 2026, 05:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented